മോദിക്ക് ഫാസിസ്റ്റ് പ്രവണതയെന്ന് ജെമിനി; ഗൂഗിളിന് നോട്ടിസ് അയയ്ക്കാന്‍ കേന്ദ്രം

ഗൂഗിളിന്റെ എ.ഐ നിയന്ത്രിത സെർച്ച് ചാറ്റ്‌ബോട്ടാണ് ജെമിനി

Update: 2024-02-23 13:46 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) സെർച്ച് പ്ലാറ്റ്‌ഫോമായ ജെമിനിക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പക്ഷപാതപരമായ പ്രതികരണങ്ങൾ നൽകുന്നുവെന്ന് ആരോപിച്ച് കേന്ദ്ര ഐ.ടി മന്ത്രാലയം ഗൂഗിളിന് നോട്ടിസ് അയയ്ക്കും. മോദിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു നൽകിയ പ്രതികരണങ്ങളാണു കേന്ദ്രത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് ജെമിനി നൽകിയ മറുപടിയുടെ സ്‌ക്രീൻഷോട്ട് അടുത്തിടെ എക്‌സിൽ ഒരു യൂസർ പങ്കുവച്ചിരുന്നു. മോദി ഫാസിസ്റ്റ് ആണോ എന്ന ചോദ്യത്തിനു ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു: ''ഫാസിസ്റ്റുകളുടെ സ്വഭാവവിശേഷമായി കണക്കാക്കപ്പെടുന്ന നയങ്ങൾ നടപ്പാക്കുന്നതായി മോദിക്കെതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ബി.ജെ.പിയുടെ ഹിന്ദു ദേശീയ പ്രത്യയശാസ്ത്രം, വിമതശബ്ദങ്ങളെ വേട്ടയാടൽ, മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ ഉൾപ്പെടെ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആരോപണങ്ങൾ.''

ഇതിനു പിന്നാലെയാണ് കേന്ദ്ര ഐ.ടി മന്ത്രാലയം ഗൂഗിളിന് നോട്ടിസ് അയക്കാന്‍ നീക്കം നടത്തുന്നത്. ഐ.ടി നിയമത്തിലെ വകുപ്പ് മൂന്നിന്റെ(ഒന്ന്) (ബി) വ്യക്തമായ ലംഘനമാണ് ഗൂഗിൾ ജെമിനി നടത്തിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ഇതു രണ്ടാം തവണയാണ് ഗൂഗിളിന്റെ എ.ഐ പ്ലാറ്റ്‌ഫോം മോദിയെക്കുറിച്ചു പക്ഷപാതപരമായ മറുപടി നൽകുന്നതെന്ന് ഒരു മന്ത്രാലയം വൃത്തം ആരോപിച്ചു. ഇക്കാര്യത്തിൽ വിശദീകരണം തേടി കാരണം കാണിക്കൽ നോട്ടിസ് അയക്കും. എന്തുകൊണ്ടാണു ചില വ്യക്തികളെക്കുറിച്ച് പ്രശ്‌നകരമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നതെന്ന ചോദ്യത്തിനു വിശദീകരണം തേടും. ഇതിനുള്ള മറുപടി തൃപ്തികരമല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

നേരത്തെ, മോദിയെക്കുറിച്ചുള്ള മറ്റൊരു ഉപയോക്താവിന്റെ ചോദ്യത്തിനു നൽകിയ മറുപടിയിൽ 2002ലെ ഗുജറാത്ത് കലാപം ഉൾപ്പെടെ പരാമർശിച്ചിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിൽ ഉൾപ്പെടെയുള്ള മോദിയുടെ പഴയ പ്രസ്താവനകളും നടപടികളുമെല്ലാം അദ്ദേഹത്തിന്റെ ഫാസിസ്റ്റ് പ്രവണതയുടെ തെളിവുകളായാണു വിമർശകർ ചൂണ്ടിക്കാട്ടിയതെന്നാണു മറുപടി. എന്നാൽ, അദ്ദേഹം ഫാസിസ്റ്റല്ലെന്നും ബി.ജെ.പിയുമായുള്ള ബന്ധം അതിനു തെളിവായി പറയാനാകില്ലെന്നും മറ്റൊരു കൂട്ടർ വാദിക്കുന്നതായും മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുറിച്ച് ഇതേ ചോദ്യം ആവർത്തിക്കുമ്പോൾ അവ്യക്തവും ദുരൂഹവുമായ മറുപടിയാണ് ജെമിനിയിൽനിന്നു ലഭിക്കുന്നതെന്നും പക്ഷപാത സമീപനത്തിന്റെ തെളിവായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നുണ്ട്. അതിവേഗത്തിൽ വിവരങ്ങൾ മാറിമറിയുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പുകൾ സങ്കീർണമായ വിഷയമാണെന്നായിരുന്നു ട്രംപിനെക്കുറിച്ച് ജെമിനിയുടെ പ്രതികരണം. ഏറ്റവും പുതിയതും കൃത്യവുമായ വിവരം ഗൂഗിൾ സെർച്ച് വഴി ഉറപ്പാക്കൂ എന്നു നിർദേശിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം ഉയർത്തിയാണ് ഇപ്പോൾ ഗൂഗിളിനെ വരുതിയിലാക്കാൻ കേന്ദ്രത്തിന്റെ നീക്കം.

ഗൂഗിളിന്റെ എ.ഐ ഗവേഷണ വിഭാഗമായ ഡീപ്‌മൈൻഡ് ആണ് ജെമിനി വികസിപ്പിച്ചത്. 2023 മാർച്ച് 21ന് ഗൂഗിൾ ബാർഡ് എന്ന പേരിലായിരുന്നു ഗൂഗിൾ എ.ഐ സെർച്ച് ചാറ്റ്‌ബോട്ട് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. ഗൂഗിളിനു കടുത്ത വെല്ലുവിളിയുമായി എത്തിയ ഓപൺ എ.ഐയുടെ ചാറ്റ്‌ബോട്ട് സെർച്ച് പ്ലാറ്റ്‌ഫോം ചാറ്റ്ജിപിടി തരംഗമായതിനു പിന്നാലെയായിരുന്നു ബാർഡിന്റെ വരവ്.

എന്നാൽ, ഈ വർഷം ആദ്യത്തിൽ ഗൂഗിൾ ബാർഡിന്റെ പേരുമാറ്റി റീബ്രാൻഡ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു ഗൂഗിൾ ജെമിനി എന്നു പുതിയ പേരുനൽകിയത്. കൂടുതൽ അത്യാധുനിക സാങ്കേതികവിദ്യകളുടെ പിൻബലത്തോടെ പുതിയ പേരിൽ അവതരിപ്പിക്കുന്നതെന്നായിരുന്നു അവകാശവാദം. ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് നിർമിതബുദ്ധിയുടെ സഹായത്തോടെ മറുപടി നൽകുകയാണ് എ.ഐ ചാറ്റ്‌ബോട്ടുകൾ ചെയ്യുന്നത്.

Summary: Centre to issue notice to Google over ‘fascist’ remarks over the PM Narendra Modi by its AI chatbot Gemini

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News