ഇനി കാത്തിരിപ്പില്ല; രാജ്യത്തുടനീളം 4G എത്തിക്കാൻ ബിഎസ്എൻഎൽ
ജനുവരിയിൽ 4G സേവനങ്ങൾ ആരംഭിക്കാനും ക്രമേണ രാജ്യത്തുടനീളം നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്
ടെലിക്കോം വിപണിയിലെ കടുത്ത മത്സരത്തിൽ നിന്നും ബിഎസ്എൻഎല്ലിനെ പിന്നോട്ട് വലിച്ചത് 4G നെറ്റ്‌വർക്ക് ഇല്ലെന്നതാണ്. സ്വകാര്യ കമ്പനികൾ 4ജി നെറ്റ്‌വർക്ക് രാജ്യം മുഴുവൻ നൽകാൻ ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ബിഎസ്എൻഎല്ലിന് അത് സാധിച്ചിട്ടില്ല. എന്നാലിപ്പോഴിതാ 4G നെറ്റ്‌വർക്ക് വികസിപ്പിക്കാൻ ടാറ്റ കൺസൾട്ടൻസി സർവീസുമായി കരാറിലെത്താൻ കേന്ദ്രം അനുമതി നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ടിസിഎസുമായി 26,821 കോടി രൂപയുടെ കരാറാണ് ഒപ്പിടുക.
കരാർ ബിഎസ്എൻഎല്ലിന് പ്രതീക്ഷയാണ്. വൈകാതെ തന്നെ 4G നെറ്റ്‌വർക്ക് എല്ലാ സർക്കിളുകളിലും എത്തിക്കുന്നതിനൊപ്പം 5ജി നെറ്റ്വർക്കിലേക്ക് ചുവടുവയ്ക്കാനും ബിഎസ്എൻഎല്ലിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാറിന്റെ ഭാഗമായി 4ജി സൈറ്റുകൾ സ്ഥാപിക്കുന്നതിനൊപ്പം ഒമ്പത് വർഷത്തേക്ക് ടിസിഎസ് നെറ്റ്‌വർക്ക് നിലനിർത്തേണ്ടതുണ്ട്. ഇന്ത്യയിലെ കമ്പനികളെ മാത്രമെ നെറ്റ് വർക്ക് വികസനത്തിനായി ഉപയോഗിക്കാവൂ എന്ന നിബന്ധനയിലാണ് കരാർ നീണ്ടുപോയത്.
111 ദശലക്ഷം വരിക്കാരുള്ള ബിഎസ്എൻഎൽ ജനുവരിയിൽ 4G സേവനങ്ങൾ ആരംഭിക്കാനും ക്രമേണ രാജ്യത്തുടനീളം നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ തേജസ് ആണ് ബിഎസ്എൻഎല്ലിന് 4G വികസിപ്പിക്കാൻ ആവശ്യമായ നെറ്റ്‌വർക്ക് ഉപകരണങ്ങൾ നൽകാൻ പോകുന്നത്. ടിസിഎസ് ഈ ഇടപാടിൽ സിസ്റ്റം ഇന്റഗ്രേറ്ററിന്റെ പങ്കാണ് വഹിക്കുക.