സക്കർബർഗിന്റെ 15 വർഷം പഴക്കമുള്ള ഹൂഡിക്കായി പൊരിഞ്ഞ ലേലം': വിറ്റുപോയത് 13 ലക്ഷത്തിന്
ആരാണ് ഹൂഡി സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ലേലത്തിൽ ലഭിച്ച തുക ടെക്സാസിലെ സ്കൂൾ വിദ്യാർഥികൾക്കായി ചെലവഴിക്കുമെന്ന് സക്കർബർഗ്


ന്യൂയോര്‍ക്ക്: മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഹൂഡി ലേലത്തില്‍ വിറ്റുപോയത് 15,000 ഡോളറിന്(13 ലക്ഷത്തിലധികം രൂപ). ഫെയ്സ്ബുക്കിന്റെ ആദ്യ കാലഘട്ടത്തില്‍ സക്കര്‍ബര്‍ഗ് ഉപയോഗിച്ചിരുന്ന ഹൂഡിയാണ് വിറ്റുപോയത്.
എന്നാല്‍ ആരാണ് ഹൂഡി സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ലേലത്തിൽ ലഭിച്ച തുക ടെക്സാസിലെ സ്കൂൾ വിദ്യാർഥികൾക്കായി ചെലവഴിക്കുമെന്ന് സക്കർബർഗ് വ്യക്തമാക്കി.
'സ്‌പോട്‌ലൈറ്റ്: ഹിസ്റ്ററി ആന്‍ഡ് ടെക്‌നോളജി' എന്ന പേരില്‍ കാലിഫോര്‍ണിയയിലെ ജൂലിയന്‍സ് ഓക്ഷന്‍സ് വ്യാഴാഴ്ച സംഘടിപ്പിച്ച ലേലത്തിലാണ് ഹൂഡി വിറ്റുപോയത്. പ്രാഥമിക കണക്കുകൾ പ്രകാരം ഹൂഡിയുടെ മൂല്യം 1,000 ഡോളറിനും 2,000 ഡോളറിനും ഇടയിലായിരുന്നു. ലേല നടപടികള്‍ ആരംഭിച്ചപ്പോള്‍ തുക വേഗത്തില്‍ തന്നെ ഉയരാന്‍ തുടങ്ങി. 22 ബിഡ്ഡുകൾക്ക് ശേഷമാണ് 15,875 ഡോളറിലെത്തിയത്.
2010ലാണ് സക്കർബർഗ് ഈ ഹൂഡി വാങ്ങിയത്. ആ ദിവസങ്ങളിൽ മിക്കപ്പോഴും ഞാൻ ഈ ഹൂഡിയാണ് ധരിച്ചിരുന്നതെന്ന് സക്കർബർഗ് പറയുന്നു. അദ്ദേഹത്തെ ഗൂഗിളില്‍ തെരഞ്ഞാല്‍ ഹൂഡി ധരിച്ചുള്ള ചിത്രങ്ങളാണ് അധികവും ലഭിക്കുക.
അതേസമയം മെറ്റാ സിഇഒ 2010ൽ നിരവധി തവണ ഈ ഹൂഡി ധരിച്ചിരുന്നുവെന്നാണ് ലേല സ്ഥാപനം നൽകുന്ന റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. കറുത്ത നിറത്തിലുള്ള ഈ ആൾട്ടർനേറ്റീവ് ബ്രാൻഡ് ഹൂഡിയിൽ ഫേസ്ബുക്ക് മിഷൻ സ്റ്റേറ്റ്മെന്റ് ലോഗോ പ്രിന്റ് ചെയ്ത് കസ്റ്റം-മെയിഡ് ചെയ്തിട്ടുണ്ട്.
2010ൽ സുക്കർബർഗിനെ ടൈം പേഴ്സൺ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തപ്പോൾ മുതൽ ഈ ഹൂഡി അദ്ദേഹത്തിന്റെ കൈവശമുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിപരമായ യാത്രയിലും ഫേസ്ബുക്കിന്റെ പരിണാമത്തിലും ഈ കാലയളവിന് സവിശേഷ പ്രാധാന്യമുണ്ട്.