ഈജിപ്ഷ്യൻ മമ്മികളുടെ യഥാർഥ മുഖം എങ്ങനെയിരിക്കും? ഡി.എൻ.എ വഴി ചിത്രം വരച്ച് ഗവേഷകർ

രണ്ടായിരം വർഷം മുമ്പ് ഈജിപ്തിൽ ജീവിച്ച മൂന്നുപേരുടെ മുഖമാണ് ഫോറൻസിക് ഡി.എൻ.എ ഫെനോടൈപ്പിങ് വിദ്യയിലൂടെ ഗവേഷകർ പുനഃസൃഷ്ടിച്ചിരിക്കുന്നത്

Update: 2021-10-05 11:15 GMT
Advertising

ഈജിപ്ഷ്യൻ പിരമിഡുകൾക്കുള്ളിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് അടക്കം ചെയ്യപ്പെട്ട മമ്മികളുടെ യഥാർഥ മുഖം എങ്ങനെയിരിക്കും? ചിത്രാലങ്കാര പണികൾ ചെയ്ത മമ്മികൾ കാണുമ്പോൾ ആ കൗതുകം തോന്നാറുണ്ടോ? ഉണ്ടെങ്കിൽ ഇതാ ഡി.എൻ.എ വഴി ചിത്രം വരച്ച് ആ മുഖം കണ്ടെത്തിയിരിക്കുകയാണ് വെർജീനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി.എൻ.എ സാങ്കേതിക വിദ്യാ സ്ഥാപനമായ പാരബോൺ നാനോലാബ്‌സിലെ ഗവേഷകർ. ഫോറൻസിക് ഡി.എൻ.എ ഫെനോടൈപ്പിങ് വിദ്യയാണ് മമ്മികളുടെ ത്രീഡി മോഡൽ ഉണ്ടാക്കാൻ ഗവേഷകർ ഉപയോഗിച്ചിരിക്കുന്നത്.

രണ്ടായിരം വർഷം മുമ്പ് ഈജിപ്തിൽ ജീവിച്ച മൂന്നുപേരുടെ 25ാം വയസ്സിലുള്ള മുഖമാണ് ഗവേഷകർ പുനഃസൃഷ്ടിച്ചിരിക്കുന്നത്. അവരുടെ മമ്മി അവശേഷിപ്പുകളിൽനിന്ന് ലഭിച്ച ഡി.എൻ.എ വിവരം ഉപയോഗപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇപ്പോഴത്തെ കൈറോ നഗരത്തിന്റെ ദക്ഷിണഭാഗത്തുള്ള പുരാതന ഈജിപ്ഷ്യൻ പട്ടണമായ അബ്‌സിറുൽ മെലഖിൽനിന്ന് ലഭിച്ച മമ്മികളാണിത്. ഇവ ബി.സി 1380 എ.ഡി. 425 കാലയളവിൽ അടക്കം ചെയ്യപ്പെട്ടതാണെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.

മുഖത്തിന്റെ സവിശേഷതകളും മറ്റു ശാരീരിക ഘടനയും ജനിതക വിശകലനത്തിലൂടെയാണ് കണ്ടെത്തിയത്. നിറവും വംശപരമ്പരയും സ്‌നാപ്‌ഷോട്ട് എന്ന് വിളിക്കപ്പെടുന്ന ഫെനോടൈപ്പിങ്ങിലൂടെയും കണ്ടെത്തുകയായിരുന്നു.

മെഡിറ്റേറിയനിലും മധേഷ്യയിലും ഉള്ളവരെപോലെ, അല്ലെങ്കിൽ ആധുനിക ഈജിപ്തുകാരെ പോലെ ഇളം ബ്രൗൺ നിറമുള്ള തൊലി, ഇരുണ്ട കണ്ണുകൾ, മുടിയുമുള്ളവരാണ് ഇവരെന്നാണ് ഗവേഷകർ പറയുന്നത്.

ഹീറ്റ് മാപ് ഉപയോഗിച്ച് ഓരോ മമ്മിയുടെയും മുഖത്തെ ചെറിയ വ്യത്യാസങ്ങൾ പോലും ഇവർ വിശകലനം ചെയ്‌തെടുത്തു. പിന്നീട് ഇവരുടെ ഫോറൻസിക് ആർട്ടിസ്റ്റ് ഇവ സ്‌നാപ്‌ഷോട്ട് പ്രവചനവുമായി സംയോജിപ്പിക്കുകയായിരുന്നു. ഈ പ്രക്രിയ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് പാരബോൺ ലാബിലെ ബയോ ഇൻഫോർമാറ്റിക് ഡയറക്ടറായ എല്ലെൻ ഗ്രേറ്റാക് പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News