ടെലിപ്രോംപ്റ്റർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

ക്യാമറയ്ക്ക് മുന്നിലും വലിയ വേദികളിലുമാണ് പൊതുവെ ടെലിപ്രോംപ്റ്ററുകൾ ഉപയോഗിക്കാറുള്ളത്. അതുകൊണ്ട് തന്നെ നല്ല തയ്യാറെടുപ്പ് ആവശ്യമാണ്.

Update: 2022-01-18 15:09 GMT
Advertising

ക്യാമറയ്ക്ക് മുന്നിൽ സംസാരിക്കുമ്പോൾ ക്യാമറയിൽ നിന്ന് മുഖം തിരിക്കാതെ മുൻകൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് വായിക്കാനാണ് സാധാരണയായി ടെലിപ്രോംപ്റ്റർ ഉപയോഗിക്കുന്നത്. ചില നേതാക്കളും ഭരണാധികാരികളും പൊതുവേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴും പ്രോംപ്റ്റർ ഉപയോഗിക്കാറുണ്ട്. പ്രോംപ്റ്റർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായി അലീഡ് പിക്‌സൽ വെബ്‌സൈറ്റ് പറയുന്ന കാര്യങ്ങൾ ഇവയാണ്.

1. സ്‌ക്രിപ്റ്റ് വായിക്കുന്ന ആൾക്ക് പരിചിതമായിരിക്കണം: ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് തയ്യാറാക്കിയ സ്‌ക്രിപ്റ്റ് വായിച്ചുനോക്കണം. അത് വേറെ എത്രയാളുകൾ വായിച്ചിട്ടുണ്ടെങ്കിലും ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കുന്നയാൾക്ക് അതിലെ വാക്കുകളും വാചകങ്ങളും പരിചിതവും വായനാക്ഷമവുമാണെന്ന് ഉറപ്പാക്കണം.

2. വായനാപരിശീലനം: ഷൂട്ടിന് മുമ്പ് തന്നെ യഥാർഥ പ്രോംപ്റ്ററിൽ നിന്ന് സ്‌ക്രിപ്റ്റ് വായിച്ചുശീലിക്കണം. അതിന് അവസരമില്ലെങ്കിൽ കമ്പ്യൂട്ടർ സ്‌ക്രീനിൽ നിന്നെങ്കിലും വായിച്ചു പരിശീലിക്കണം. പേപ്പറിൽ എഴുതിയത് വായിച്ചതുകൊണ്ട് പ്രോംപ്റ്ററിൽ നിന്ന് വായിക്കാൻ കഴിയണമെന്നില്ല.

3. വാക്കുകൾ ശ്രദ്ധിക്കുക: ഒരു സ്‌ക്രീനിൽ വരുന്ന വാക്കുകളും സംസാരിക്കുന്ന ശൈലിയും തമ്മിൽ വ്യത്യാസമുണ്ടാവും. ഓരോ വാചകത്തിലും ഊന്നൽ കൊടുക്കേണ്ട വാക്കുകളുണ്ടാവും. അത്തരം വാക്കുകൾ് ശ്രദ്ധിക്കണം.

4. കുറഞ്ഞ വേഗത്തിൽ തുടങ്ങുക, പിന്നീട് വേഗത കൂട്ടുക: വായിച്ചു പരിശീലിക്കുമ്പോൾ വളരെ സാവധാനത്തിലാണ് വായിക്കേണ്ടത്. ആത്മവിശ്വാസം കൈവന്നുകഴിഞ്ഞാൽ വായന വേഗത്തിലാക്കണം. ക്യാമറക്ക് മുന്നിലെത്തുമ്പോൾ സ്വാഭാവിക വേഗത കൈവരിക്കണം. അമിത വേഗത്തിലോ വളരെ വേഗത കുറച്ചോ ആവരുത്.

5. സുരക്ഷിതമായ രീതിയിലുള്ള വായന: വായിക്കുന്ന ആൾക്ക് ഏത് രീതിയാണോ ഏറ്റവും സുരക്ഷിതമായി തോന്നുന്നത് ആ രീതിയിൽ വായിക്കുന്നതാണ് നല്ലത്. ലൈറ്റുകൾ പ്രശ്‌നമുണ്ടാക്കുന്നുണ്ടെങ്കിൽ അത് ക്യാമറാമാനെ അറിയിക്കണം. വായന പരമാവധി ആയാസരഹിതമാക്കാൻ ശ്രദ്ധിക്കണം.

6. വ്യക്തിത്വം കാത്തുസൂക്ഷിക്കുക: വായിക്കുന്നയാൾക്ക് 100% ആത്മവിശ്വാസമുണ്ടായിരിക്കണം. ക്യാമറക്ക് മുന്നിൽ വളരെ കൃത്യമായും വ്യക്തമായും അവതരിപ്പിക്കാൻ ഇത് അനിവാര്യമാണ്.

7. പ്രോംപ്റ്റർ ഓപ്പറേറ്ററെ അറിയുക: പ്രോംപ്റ്റർ പ്രവർത്തിപ്പിക്കുന്നയാളുമായി നല്ല മാനസിക പൊരുത്തമുണ്ടാവുന്നത് നല്ലതാണ്. നിങ്ങളുടെ വായനയുടെ വേഗവും രീതിയും അറിയുന്ന ഓപ്പറേറ്റർ സുഖകരമായ വായനക്ക് ഏറ്റവും സഹായകരമാണ്.

8. അഡ്ജസ്റ്റ്: പ്രോംപ്റ്ററിലെ ടെക്സ്റ്റ് ഫോർമാറ്റ് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നതാണ്. അക്ഷരങ്ങളുടെ വലിപ്പം കൂട്ടാനും നിറം മാറ്റാനുമെല്ലാം ഓപ്പറേറ്ററോട് ആവശ്യപ്പെടാവുന്നതാണ്.

9. കുറച്ച് വെള്ളം കുടിക്കാം: വായനക്കിടയിൽ കുറച്ച് വെള്ളം കുടിക്കുന്നത് വായന ആയാസരഹിതമാക്കാൻ സഹായിക്കും.

10. ചിരി: എല്ലാതരം ചെറിയ ഇടർച്ചയും തെറ്റിദ്ധാരണകളും മാറ്റാനുള്ള എളുപ്പവഴിയാണ് ചിരി. ഓരോ ബ്രേക്ക് പോയിന്റിലും ഒരു ശ്വാസമെടുത്ത് പുഞ്ചിരിക്കുക. മനസിൽ എത്ര പിരിമുറുക്കമുണ്ടെങ്കിലും കാഴ്ചക്കാർക്ക് അത് തോന്നാതിരിക്കാൻ ചിരി സഹായിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News