14 ചൈനീസ് കമ്പനികൾക്ക് പ്രാഥമിക അനുമതി നൽകി കേന്ദ്രസർക്കാർ; ഇന്ത്യയിൽ ഐഫോൺ നിർമാണം കുതിച്ചുയരുമോ?
2020ൽ ചൈനയുമായി അതിർത്തി തർക്കമുണ്ടായതിനെ തുടർന്ന് ഇന്ത്യ പല ചൈനീസ് ടെക് കമ്പനികൾക്കും വിലക്കേർപ്പെടുത്തിയിരുന്നു
ആപ്പിളിന്റെ വിതരണക്കാരായ 14 ചൈനീസ് കമ്പനികൾക്ക് ഇന്ത്യൻ സർക്കാർ പ്രാഥമിക അനുമതി നൽകിയെന്ന് വാർത്ത. തദ്ദേശീയ സ്മാർട്ട്‌ഫോൺ നിർമാണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നീക്കമെന്നാണ് ദി ഇകണോമിക് ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയവയിലെ റിപ്പോർട്ടുകൾ. ഐപോഡ്, ഐഫോൺ അസംബ്ലറായ ലക്സ്ഷെയർ പ്രിസിഷനും ലെൻസ് മേക്കർ സണ്ണി ഒപ്റ്റിക്കൽ ടെക്നോളജിയുടെ ശാഖയായ സണ്ണി ഒപോടെക്കും ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള പൂർണ അംഗീകാരം ലഭിക്കുന്നതിനുള്ള ആദ്യപടിയായാണ് ഈ അനുമതി ലഭിച്ചത്. എന്നാൽ ഈ കമ്പനികൾക്ക് മുന്നോട്ട് പോകാൻ ഇന്ത്യൻ പങ്കാളിയെ കണ്ടെത്തേണ്ടതുണ്ട്. ചൈനയ്ക്ക് പുറത്തേക്ക് തങ്ങളുടെ വിതരണ ശൃംഖല വ്യാപിപ്പിക്കാനുള്ള ആപ്പിളിന്റെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നടപടികൾ. കോവിഡടക്കമുള്ള കാരണങ്ങളാൽ ആപ്പിളും ഇതര യു.എസ് കമ്പനികളും ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുകയാണ്.
2020ൽ ചൈനയുമായി അതിർത്തി തർക്കമുണ്ടായതിനെ തുടർന്ന് ഇന്ത്യ പല ചൈനീസ് ടെക് കമ്പനികൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കാൻ ഇടയാക്കിയ ചൈനീസ് അതിക്രമം ബിസിനസ് രംഗത്തും അവർക്കെതിരെയുള്ള വികാരം ഉയർത്തുകയായിരുന്നു. ആലിബാബ ഗ്രൂപ്പ് ഹോൾഡിംഗ് ലിമിറ്റഡ്, ടെൻസെൻറ് ഹോൾഡിംഗ് ലിമിറ്റഡ്, ബൈറ്റ്ഡാൻസ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ ആപ്പുകൾ ഇന്ത്യ നിരോധിക്കുകയും വിവിധ ഓഫീസുകളിൽ റെയ്ഡ് നടത്തുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്നതിന് വിദേശ കമ്പനികൾക്ക് അനുമതി നൽകുന്നത് കർശന നിബന്ധനകളോടെയാക്കുകയും ചെയ്തിരുന്നു.
അതിനിടെ, തായ്വാനീസ് നിർമ്മാതാക്കളായ ഹോൺ ഹായ്, വിസ്ട്രോൺ കോർപ്പറേഷൻ, പെഗാട്രോൺ കോർപ്പറേഷൻ എന്നിവയെ പ്ലാന്റുകൾ സ്ഥാപിക്കാൻ ഇന്ത്യ അനുവദിച്ചിരുന്നു. എന്നാൽ നിർണായക ഘടക നിർമ്മാതാക്കളുടെ അഭാവം ഈ കമ്പനികളെത്തിയിട്ടും ആഭ്യന്തര വ്യവസായത്തിന്റെ വളർച്ചയെ പരിമിതപ്പെടുത്തുകയായിരുന്നു. ചില ചൈനീസ് വിതരണക്കാർക്ക് ഇന്ത്യ ഇപ്പോൾ അംഗീകാരം നൽകുമ്പോഴും മറ്റു ചിലരെ അവഗണിക്കുകയാണെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. ആപ്പിൾ ഏകദേശം 17 വിതരണക്കാരുടെ പട്ടിക ഇന്ത്യൻ അധികാരികൾക്ക് സമർപ്പിച്ചിട്ടും ചൈനീസ് സർക്കാരുമായി നേരിട്ട് ബന്ധമുള്ള ചിലരെ നിരസിച്ചുവെന്നും അവർ പറയുന്നു.
ഐഫോൺ നിർമാണ രംഗം ഇന്ത്യ കീഴടക്കുമോ?
2027 ആകുമ്പോഴേക്കും ആഗോളതലത്തിലെ ഐഫോണുകളുടെയും പകുതി ഉത്പാദനവും ഇന്ത്യയിൽ നിന്നാകുമെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ ഡിജിടൈംസിലെ വിദഗ്ധനായ ലൂക്ക് ലിൻ പ്രവചിക്കുന്നത്. നിലവിൽ അഞ്ചു ശതമാനം ഉത്പാദനം മാത്രമാണ് രാജ്യത്ത് നടക്കുന്നത്. ഇതിൽ നിന്ന് ഗണ്യമായ കുതിപ്പാണ് അദ്ദേഹം പ്രവചിക്കുന്നത്. 2025-ഓടെ ആപ്പിൾ ഐഫോണുകളുടെ 25% ഇന്ത്യ ഉൽപ്പാദിപ്പിക്കുമെന്ന് ജെപി മോർഗൻ പ്രവചിച്ചിരുന്നു. എന്നാൽ ഇതിനേക്കാൾ വിശ്വസനീയമാണ് ലൂക്കിന്റെ പ്രവചനം.
ഈ പ്രവചനങ്ങൾ സ്മാർട്ട്‌ഫോണുകളുടെ, പ്രത്യേകിച്ച് ആപ്പിൾ ഉൽപ്പന്നങ്ങളുടെ ഒരു പ്രധാന നിർമ്മാണ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം എടുത്തുകാണിക്കുന്നതാണ്.
അടുത്തിടെ, കോവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗണുകൾ ചൈനയിലെ ആപ്പിളിന്റെ വിതരണ ശൃംഖലയ്ക്ക് വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാൽ അവ ഇപ്പോൾ പിൻവലിക്കുകയും ഫാക്ടറികൾ വീണ്ടും തുറക്കുകയും ചെയ്തിട്ടുണ്ട്. എന്നാലും കമ്പനി ഓർഡറുകൾ ഗണ്യമായി കുറച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
Initial clearance for 14 Chinese companies, Will iPhone manufacturing boom in India?