ചൈനയിലെ കോവിഡ് നിയന്ത്രണങ്ങൾ: ഐഫോണിന്റെ പുതിയ മോഡലുകൾ വൈകും
ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് മോഡലുകൾക്ക് ആവശ്യക്കാരെറെയാണ്. ഇതിനിടയിലാണ് ചൈനയിലെ കോവിഡ് വ്യാപനം.
ബിജിങ്: ചൈനയിലെ ഫാക്ടറിയിലെ കോവിഡ് നിയന്ത്രണങ്ങൾ ഐഫോണിന്റെ ഉത്പാദനത്തെ ബാധിച്ചതായി റിപ്പോര്‍ട്ട്. ആപ്പിളിന്റെ ഏറ്റവും വലിയ വിതരണക്കാരിൽ ഒന്നായ ഫോക്‌സ്‌കോൺ നടത്തുന്ന ഷെങ്‌ഷൗവിലെ ഫാക്ടറി കുറഞ്ഞ തൊഴിലാളികളുമയാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് ആപ്പിളിന്റെ പുതിയ മോഡലുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്.
ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് മോഡലുകൾക്ക് ആവശ്യക്കാരെറെയാണ്. ഇതിനിടയിലാണ് ചൈനയിലെ കോവിഡ് വ്യാപനം. ഷെങ്‌ഷൗവിലെ ഫാക്ടറിയില്‍ കോവിഡ് വ്യാപിച്ചതോടെ ജോലിക്കാര്‍ ഓടി രക്ഷപെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതോടെ നവംബറില്‍ പുറത്തിറക്കേണ്ട ഐഫോണിന്റെ എണ്ണത്തില്‍ 30 ശതമാനം കുറവുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. അതേസമയം വൈകിയാലും മോഡലുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് ആപ്പിള്‍ വ്യക്തമാക്കി.
എന്നാല്‍ ജോലി സ്ഥലത്തു തുടരുന്നവര്‍ക്ക് 4 മടങ്ങ് അധിക ബോണസ് പ്രഖ്യാപിച്ച് കമ്പനി പുതിയ പ്രതിസന്ധി മറികടക്കാന്‍ ശ്രമിച്ചിരുന്നു. ലോകത്ത് കോവിഡിന്റെ അലയൊലികള്‍ ഏറെക്കുറെ അവസാനിച്ചെങ്കിലും ചൈനയില്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ ശക്തമാണ്. ലോക്ഡൗണിലാണ് ചൈന അഭയം കണ്ടെത്തുന്നത്. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ചൈനയില്‍ അരങ്ങേറുന്നത്. എല്ലാവരെയും ടെസ്റ്റ് ചെയ്യുക, ക്വാറന്റീനില്‍ വിടുക എന്നീ നിയന്ത്രണങ്ങളൊക്കെ ചൈനയില്‍ ഇപ്പോഴും തുടരുന്നുണ്ട്.
അതേസമയം ചൈനയുടെ ലോക്ഡൗൺ നയം ആപ്പിളിന് കനത്ത തിരിച്ചടിയാണ്. ഐഫോണിന്റെ മുന്തിയ വേരിയന്റുകൾക്കായി ഇപ്പോഴും ആളുകൾ വരിനിൽക്കുകയാണ്. അതേസമയം ഫോക്‌സ്‌കോണിന്റെ പ്രവർത്തനത്തിന് വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് പ്രാദേശിക സർക്കാറുകൾ കമ്പനിയെ അറിയിച്ചതായുള്ള വാർത്തകളും വരുന്നുണ്ട്.