എ.ഐ ഫീച്ചറുകളോടെ ഐ.ഒ.എസ് 18 വരുന്നു, ഹോം സ്‌ക്രീനും ഇനി 'മാറും'

കൂടുതൽ ഓപ്ഷനുകൾ ഹോം സ്‌ക്രീനിൽ കൊണ്ടുവരാനാകും. അതായത് ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഐഫോണ്‍ ഹോം സ്‌ക്രീന്‍ ക്രമീകരിക്കാനാവുമെന്നര്‍ഥം

Update: 2024-03-25 14:53 GMT
Editor : rishad | By : Web Desk
Advertising

ന്യൂയോര്‍ക്ക്: കൂടുതൽ പുതുമകളോടെ ആപ്പിളിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഐ.ഒ.എസ് 18 ഉടൻ. ജൂണില്‍ നടക്കുന്ന  വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍(ഡബ്യൂ.ഡബ്യൂ.ഡി.സി) വെച്ചായിരിക്കും ഐ.ഒ.എസ് 18 അവതരിപ്പിക്കുക.

ഹോംസ്‌ക്രീനിൽ ഉപയോക്താക്കൾക്ക് കൂടുതൽ സ്വാതന്ത്ര്യവും എ.ഐ(ആർടിഫിഷ്യൽ ഇന്റലിജൻസ്) പ്രത്യേകതകളുമൊക്കെയാണ് ഐ.ഒ.എസ് 18നെ വ്യത്യസ്തമാക്കുക. മുമ്പ് ഉള്ളതിനേക്കാൾ കൂടുതൽ ഓപ്ഷനുകൾ ഹോം സ്‌ക്രീനിൽ കൊണ്ടുവരാനാകും. അതായത് ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഐഫോണ്‍ ഹോം സ്‌ക്രീന്‍ ക്രമീകരിക്കാനാവുമെന്നര്‍ഥം.

കൂടുതൽ വിവരങ്ങള്‍ ആപ്പിൾ പുറത്തുവിടുന്നില്ലെങ്കിലും ഹോംസ്ക്രീനിലെ മാറ്റം, ഐ.ഒ.എസ് 17ൽ തന്നെ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആപ്പ് ഐക്കണുകളുടെ സ്ഥാനം ക്രമീകരിക്കുന്നതിലും, ഫോള്‍ഡറുകള്‍ നിര്‍മിക്കുന്നതിലും, ഐക്കണുകള്‍ തമ്മിലുള്ള അകലം ക്രമീകരിക്കുന്നതിലുമെല്ലാം പുതിയ ഫീച്ചര്‍ സഹായകമാകും. 

ഇതിന് പുറമെയാണ് എ.ഐ ഫീച്ചറുകള്‍ വരുന്നത്. ആപ്പിളിന്റെ തന്നെ നോട്ട്‌സ് ആപ്പ്, ഗാലറി, മെസേജസ് ഉള്‍പ്പടെയുള്ള ആപ്പുകളിലാവും ആദ്യം എ.ഐ ഫീച്ചറുകള്‍ എത്തുക. സിരി എന്ന സ്മാര്‍ട് അസിസ്റ്റന്റ് സേവനവും എഐ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ചേക്കും. ആപ്പിള്‍ മ്യൂസിക്കിലും എഐ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എങ്ങനെയൊക്കെയാകും ഇത് പ്രവര്‍ത്തിക്കുക എന്ന് പറയുന്നില്ല.

എ.ഐ പ്രത്യേകതകള്‍ക്കായി അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഓപ്പണ്‍ എ.ഐ'യുമായി ആപ്പിള്‍ കൈക്കോര്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. അതേസമയം കൃത്യമായ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പുതിയ എ.ഐ സവിശേഷതകൾ ഉപയോക്താക്കളെ അവരുടെ ദൈനംദിന ജീവിതം, മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതാണെന്നാണ് പറയപ്പെടുന്നത്.

ആന്‍ഡ്രോയിഡ് ഉള്‍പ്പടെ മറ്റ് പ്ലാറ്റ്‌ഫോമുകളുമായി ഐഫോണിനെ ബന്ധിപ്പിക്കാനും, ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അനുവദിക്കുന്ന സോഫ്റ്റ്‌വെയര്‍ തലത്തിലുള്ള മാറ്റങ്ങളും ഐഒഎസ് 18ല്‍ പ്രതീക്ഷിക്കാം. തുടക്കത്തില്‍ ലഭിക്കില്ലെങ്കിലും ഭാവി അപ്ഡേഷനിലായിരിക്കും ഈ മാറ്റങ്ങള്‍.  

ആഡംബര ഐഫോൺ 15 പ്രോ മാക്‌സ് ഉൾപ്പെടെ ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ തുടങ്ങിയ 4 ഫോണുകളാണ് അവസാനം ആപ്പിള്‍ പുറത്തിറക്കിയത്. എ17 ബയോണിക് പ്രൊസസറിന്റെ കരുത്തിലായിരുന്നു പ്രോ സീരിസുകള്‍.  ഐഫോൺ 16 പ്രോ സീരീസിലാകും എ18 പ്രോ ചിപ്‌സെറ്റുകൾ ഉപയോഗിക്കുക.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News