ട്വിറ്ററിന് ബദലാകാൻ 'സ്പിൽ'; നിർമിച്ചത് മസ്‍ക് പുറത്താക്കിയ ജീവനക്കാർ
നവംബറിലാണ് അൽഫോൻസോ ഫോൺസ് ടെറൽ, ഡിവാരിസ് ബ്രൗൺ എന്നിവരെ മസ്ക് പിരിച്ചുവിട്ടത്
ശതകോടീശ്വരൻ ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. മസ്‌ക് ചുമതലയേറ്റതിന് ശേഷം നിരവധി പരിഷ്‌കാരങ്ങളും മാറ്റങ്ങളും ട്വിറ്ററിൽ കൊണ്ടുവരികയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് നിരവധി പ്രമുഖരടക്കം ട്വിറ്റർ ഉപേക്ഷിക്കുകയും ചെയ്തത് വാർത്തയായിരുന്നു. ട്വിറ്ററിന് ബദലായി പല ആപ്പുകളും രംഗത്ത് വരികയും ചെയ്തിരുന്നു.
ഇപ്പോഴിതാ മസ്‌ക് പിരിച്ചുവിട്ട രണ്ടുജീവനക്കാർ ട്വിറ്റർ ബദൽ ആപ്പ് നിർമിക്കാൻ പോകുന്നെന്ന വാർത്തയാണ് അടുത്തിടെ പുറത്ത് വന്നത്. 'സ്പിൽ' എന്ന് പേരിട്ടു വിളിച്ച ആപ്പിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞെന്നും ജനുവരിയോടെ ആപ്പ് ലഭ്യമായിത്തുടങ്ങുമെന്നും അൽഫോൻസോ ഫോൺസ് ടെറൽ, ഡിവാരിസ് ബ്രൗൺ എന്നിവർ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
നവംബറിലാണ് ഇരുവരെയും മസ്ക് പിരിച്ചുവിട്ടത്. ഇതിന് ശേഷമാണ് സ്പിൽ ആപ്പിന് നേതൃത്വം നൽകിയത്. ട്വിറ്റർ മടുത്തിറങ്ങിപ്പോയവർക്ക് ഇത് മികച്ച സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായിരിക്കുമെന്നും ഇരുവരും അവകാശപ്പെട്ടു.സംസ്‌കാരത്തിന് മുൻഗണ നൽകുന്ന പ്ലാറ്റ്ഫോമായിരിക്കും ഇതെന്നും ഇരുവരും വെളിപ്പെടുത്തി. കറുത്ത നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ടവർ, ക്വിയർ പ്രവർത്തകർ തുടങ്ങിയ ഉപയോക്താക്കളെ ഉയർത്തിക്കാട്ടാൻ ഒരു ഇടം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നും അങ്ങനെയാണ് സ്പിൽ നിലവിൽ വന്നതെന്നും സ്ഥാപകർ TechCruch നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇലോൺ മസ്‌ക് ചുമതലയേൽക്കുന്നതിന് മുമ്പ് ട്വിറ്ററിന്റെ സോഷ്യൽ എഡിറ്റോറിയലിന്റെ ആഗോള തലവനായി സേവനമനുഷ്ഠിക്കുകയായിരുന്നു അൽഫോൻസോ ഫോൺസ് ടെറൽ. ഡിവാരിസ് ബ്രൗൺ ട്വിറ്ററിൽ പ്രൊഡക്റ്റ് മാനേജർ ലീഡായും പ്രവർത്തിക്കുകയായിരുന്നു.