ത്രെഡ്‌സിൽ നിന്നും പണമുണ്ടാക്കാം; ഇൻസ്റ്റഗ്രാമിന്റെ ബ്രാൻഡഡ് കണ്ടന്റ് ടൂളുകൾ ഉടനെത്തുമെന്ന് റിപ്പോർട്ട്
ട്വിറ്ററിന്റെ എതിരാളിയായി പരക്കെ കണക്കാക്കപ്പെടുന്ന ത്രെഡ്‌സ് ലോഞ്ച് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ പത്ത് കോടി ഉപയോക്താക്കളെയാണ് നേടിയത്
മെറ്റയുടെ പുതിയ സോഷ്യൽ മീഡിയ ആപ്പായ ത്രെഡ്‌സിലേക്ക് ഇൻസ്റ്റഗ്രാം ബ്രാൻഡഡ് കണ്ടന്റ് ടൂളുകൾ കൊണ്ടുവരാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പരസ്യം ലഭ്യമല്ലാത്ത സമയത്ത് കൊളാബൊറേഷൻ (പണമടച്ചുള്ള പങ്കാളിത്തം) നടത്താൻ ഇത്തരം ടൂളുകൾ സഹായിക്കും. എന്നാൽ, ഇത് സംബന്ധിച്ച് മെറ്റ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
എലോൺ മസ്‌കിന്റെ ട്വിറ്ററിന്റെ എതിരാളിയായി പരക്കെ കണക്കാക്കപ്പെടുന്ന ത്രെഡ്‌സ് ലോഞ്ച് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ പത്ത് കോടി ഉപയോക്താക്കളെയാണ് നേടിയത്. ഒരു ബില്യൺ ഉപയോക്താക്കൾ ആയതിന് ശേഷം മാത്രമേ ത്രെഡ്‌സിൽ നിന്ന് ധനസമ്പാദനത്തെ കുറിച്ച് ചിന്തിക്കൂ എന്ന് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞിരുന്നു.
മെറ്റയുടെ തന്നെ ഫോട്ടോ, വീഡിയോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്നാണ് ത്രെഡ്‌സ് പ്രവര്‍ത്തിക്കുന്നത്. ത്രെഡ്സ് ആപ്പ് ആന്‍ഡ്രോയിഡിലും ആപ്പിളിലും ലഭ്യമാണ്. ട്വിറ്ററിനെപ്പോലെ ത്രെഡ്സിലും വാക്കുകള്‍ക്കാണ് പ്രാധാന്യം. ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമാണിത്. ലളിതമായ ഡിസൈനാണ് ത്രെഡിസിന്‍റേത്. പ്രൊഫൈല്‍, സെർച്ച്, ന്യൂ ത്രെഡ്സ്,ആക്റ്റിവിറ്റി (റിപ്ലെ, മെൻഷൻ തുടങ്ങിയവ), എന്നിവയാണുള്ളത്. പുതിയ ത്രെഡ് ലൈക്ക് ചെയ്യാനും റിപോസ്റ്റ് ചെയ്യാനും കഴിയും.
പ്ലാറ്റ്‌ഫോമിൽ പരസ്യത്തിന്റെ അഭാവം ഉണ്ടായിരുന്നിട്ടും, കണ്ടന്റുകൾ ഓർഗാനിക് ആയി പോസ്റ്റ് ചെയ്യുന്നതിനായി നിരവധി കമ്പനികൾ ഇതിനകം തന്നെ ത്രെഡ്‌സിൽ അക്കൗണ്ടുകൾ ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട്. ത്രെഡ്‌സിലെ ഹാഷ്‌ടാഗുകളുടെയും കീവേഡ് സെർച്ച് ഫംഗ്‌ഷനുകളുടെയും അഭാവം പരസ്യദാതാക്കളെ സൃഷ്ടിക്കുന്നതിന് തിരിച്ചടിയാകുന്നുണ്ട്.
അതേസമയം, ട്വിറ്ററിനെ മറികടക്കുമോ ത്രെഡ്സ് എന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ രണ്ട് അഭിപ്രായമുണ്ട്. ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കു കാരണം പ്രതിസന്ധി നേരിടുന്ന ട്വിറ്ററിന് വെല്ലുവിളിയാകും ത്രെഡ്സ് എന്ന് ഒരു വിഭാഗം കരുതുന്നു. എന്നാല്‍ ഇൻസ്റ്റഗ്രാം പ്രാഥമികമായി വിഷ്വൽ പ്ലാറ്റ്‌ഫോം ആയതിനാല്‍ അതില്‍ നിന്നുള്ള ഉപയോക്താക്കള്‍ നേരിട്ടെത്തുന്ന ത്രെഡ്സിന് വാര്‍ത്താധിഷ്ഠിതമായ, ഗൌരവമേറിയ ചര്‍ച്ചകള്‍ നടക്കുന്ന ട്വിറ്ററിന് ഭീഷണിയാകാന്‍ കഴിയില്ലെന്ന് കരുതുന്നവരുമുണ്ട്.