ശശി തരൂർ അധ്യക്ഷനായ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ ട്വിറ്ററിനും ഐആർസിടിസിക്കും നിർദേശം
പൗരൻമാരുടെ ഡാറ്റ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച വിഷയത്തിലാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
മൈക്രോ ബ്ലോംഗിങ് നെറ്റ്‌വർക്കായ ട്വിറ്ററിന്റെയും റെയിൽവേ ടിക്കറ്റ് ബുക്കിങ് സൈറ്റായ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെയും (IRCTC) പ്രതിനിധികൾ പാർലമെന്റിന്റെ ഐടി സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ നിർദേശം. ശശി തരൂർ എംപി അധ്യക്ഷനായ മൂന്നംഗ സമിതിക്ക് മുന്നിൽ ഇന്ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പൗരൻമാരുടെ ഡാറ്റ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച വിഷയത്തിലാണ് ഇരു കമ്പനികളോടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
മാനേജ്‌മെന്റുമായി ബന്ധപ്പെട്ടാണ് ട്വിറ്ററിനെ പ്രധാനമായും ചോദ്യം ചെയ്യുന്നത്. കൂടാതെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായി പ്രവർത്തിച്ചോ എന്ന ചോദ്യത്തിനും ട്വിറ്റർ ഉത്തരം നൽകേണ്ടി വരും.
പത്തു കോടി ഉപഭോക്താക്കളുള്ള ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ബുക്കിങ് ടിക്കറ്റ് ബുക്കിങ് സൈറ്റാണ് ഐആർസിടിസി. യാത്രക്കാരുടെ ഡാറ്റയിൽ നിന്ന് ലാഭമുണ്ടാക്കാൻ (Monetise) കൺസൾറ്റൻസിയെ ഏൽപ്പിച്ചു എന്നതാണ് ഐആർസിടിസിക്ക് എതിരെയുള്ള ആരോപണം. എന്തിനാണ് ഇത്തരത്തിൽ കൺസൾറ്റൻസി വച്ചു എന്നതിൽ ഐആർസിടിസി ഉത്തരം നൽകേണ്ടി വരും. കൺസൾറ്റൻസിയെ തെരെഞ്ഞെടുത്ത ടെൻഡർ നടപടികളും വിശദമാക്കേണ്ടി വരും.
നിലവിൽ നിരവധി ടെക് കമ്പനികളുമായും സമൂഹ മാധ്യമ കമ്പനികളുമായും മന്ത്രാലയങ്ങളുമായും ശശി തരൂർ അധ്യക്ഷനായ കമ്മിറ്റി ചർച്ച നടത്തിയിട്ടുണ്ട്. ആഗസ്റ്റ് 30 ന് വിഷയത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും.