പേജർ ആക്രമണത്തിനു പിന്നാലെ സുരക്ഷാ ഭീഷണി; മോട്ടോറോള ഫോണുകൾ നിരോധിച്ച് ഇറാൻ

ലബനാനിൽ നടന്ന സ്‌ഫോടനത്തിന്റെ തുടർച്ചയായി വ്യാപാര-വ്യവസായ മന്ത്രാലയത്തിന്റെ അന്വേഷണത്തിലെ കണ്ടെത്തലുകളുടെയും സുരക്ഷാ ഏജൻസികളുടെ ശിപാർശകളുടെയും അടിസ്ഥാനത്തിലാണു നടപടിയെന്ന് ഇറാൻ മൊബൈൽ ഫോൺ അസോസിയേഷൻ ചെയർമാൻ അബ്ദുൽ മഹ്ദി അസ്അദി പറഞ്ഞു

Update: 2024-10-31 12:17 GMT
Editor : Shaheer | By : Web Desk
Advertising

തെഹ്‌റാൻ: മോട്ടോറോള മൊബൈൽ ഫോണുകൾക്ക് നിരോധനവുമായി ഇറാൻ. ഇറക്കുമതി നിരോധിച്ചതിനു പുറമെ ഫോൺ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. ലബനാനിൽ ഇസ്രായേൽ നടത്തിയ പേജർ ആക്രമണത്തിന്റെ തുടർച്ചയായാണു നടപടിയെന്ന് റഷ്യൻ വാർത്താ ഏജൻസിയായ 'ടാസ്' റിപ്പോർട്ട് ചെയ്തു.

ഇറാൻ വ്യാപാര-വ്യവസായ മന്ത്രി മുഹമ്മദ് മെഹ്ദി ബറാദരൻ ആണ് മോട്ടോറോള നിരോധനം പ്രഖ്യാപിച്ചത്. നിരോധനത്തോടെ മോട്ടോറോള ഫോണുകൾക്ക് ഇറാനിലെ ടെലി കമ്മ്യൂണിക്കേഷൻ ശൃംഖലകളിൽ ഇനി രജിസ്റ്റർ ചെയ്യാനുമാകില്ല. പുതിയ പ്രഖ്യാപനത്തിനു പിന്നാലെ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളെല്ലാം മോട്ടോറോള ഉൽപന്നങ്ങൾ പിൻവലിച്ചിട്ടുണ്ട്. 'ഔട്ട് ഓഫ് സ്റ്റോക്ക്' എന്നാണ് ഇപ്പോൾ വെബ്‌സൈറ്റുകളിലും ആപ്പുകളിലും കാണിക്കുന്നത്.

അമേരിക്കയിലെ ഷിക്കാഗോ ആസ്ഥാനമായാണ് മോട്ടോറോള പ്രവർത്തിക്കുന്നത്. 2014ലാണ് ഗൂഗിളിൽനിന്ന് ചൈനീസ് ബഹുരാഷ്ട്ര ടെക് കമ്പനിയായ ലെനോവോ മോട്ടോയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത്. അതേസമയം, ഇറാനിലെ മൊബൈൽ ഫോൺ വ്യാപാരരംഗത്ത് ചെറിയ ശതമാനം മാത്രമാണ് മോട്ടോറോളയുള്ളത്. രണ്ടു ശതമാനത്തോളമേ മോട്ടോ ഫോണുകൾ ഇറാനിൽ വിൽക്കപ്പെടുന്നുള്ളൂ.

ലബനാൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ നടന്ന സ്‌ഫോടനത്തിന്റെ തുടർച്ചയായാണ് നിരോധനമെന്ന് ഇറാൻ മൊബൈൽ ഫോൺ അസോസിയേഷൻ ചെയർമാൻ അബ്ദുൽ മഹ്ദി അസ്അദി പ്രതികരിച്ചു. നിലവിൽ സ്റ്റോക്കിലുള്ള ഫോണുകൾ വിൽക്കുന്നതും വിതരണം ചെയ്യുന്നതും പുതിയ ഉത്തരവോടെ നിയമവിരുദ്ധമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാപാര-വ്യവസായ മന്ത്രാലയത്തിന്റെ അന്വേഷണത്തിലെ കണ്ടെത്തലുകളും സുരക്ഷാ ഏജൻസികളുടെ ശിപാർശകളുമാണ് സർക്കാരിനെ ഇത്തരമൊരു നടപടിയിലേക്കു നയിച്ചതെന്നും അബ്ദുൽ മഹ്ദി പറഞ്ഞു.

നേരത്തെ വിമാനത്തിൽ വോക്കി ടോക്കിക്കും പേജറുകൾക്കും ഇറാൻ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, മോട്ടോറോള വിലക്കിനു പിന്നിലെ യഥാർഥ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. മോട്ടോറോള ഫോണുകളുടെയും പേജറുകളുടെയും രൂപകൽപനയിലെ സാമ്യതയുമായി ബന്ധപ്പെട്ട് നേരത്തെ ആശങ്കകൾ ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചില ഇറാൻ പാർലമെന്റ് അംഗങ്ങൾ കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തോടും മോട്ടോറോള നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മോട്ടോറോളയുടെ ഡിജിറ്റൽ ഉൽപന്നങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ഇവർ മന്ത്രാലയത്തിനും ഇറാന്റെ പാസീവ് ഡിഫൻസ് ഓർഗനൈസേഷനും മുൻപാകെ ഉയർത്തുകയും ചെയ്തിരുന്നു. മോട്ടോ ഫോണുകൾ സുരക്ഷാ ഭീഷണിയാകുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടിയത്.

ആശങ്കകൾ ഉയർന്ന പശ്ചാത്തലത്തിലാണ് വ്യാപാര-വ്യവസായ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയത്. അതേസമയം, നിരോധനത്തെ കുറിച്ച് മോട്ടോറോള ഇതുവരെ പ്രതികരിച്ചിട്ടില്ല. മാതൃകമ്പനിയായ ലെനോവോയും നടപടിയിൽ വിശദീകരണമൊന്നും പുറത്തിറക്കിയിട്ടില്ല.

Summary: Iran bans imports, sale, use of Motorola phones following Lebanon pager blasts

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News