'സൂപ്പര്‍ ഫോളോസ്': ട്വിറ്ററില്‍ നിന്ന് ഇനി വരുമാനമുണ്ടാക്കാം

സബ്‌സ്‌ക്രൈബർമാർക്ക് മാത്രമായുള്ള ഉള്ളടക്കം പങ്കുവെയ്ക്കുന്നതിലൂടെ പ്രതിമാസം വരുമാനം നേടാന്‍ കഴിയും

Update: 2021-09-02 12:11 GMT
Advertising

കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി യൂ ട്യൂബ്, ഫേസ് ബുക്ക് തുടങ്ങിയവയില്‍ നിന്ന് മാത്രമല്ല  ട്വിറ്ററില്‍ നിന്നും വരുമാനം നേടാം. സൂപ്പര്‍ ഫോളോസ് എന്ന ഫീച്ചറാണ് ട്വിറ്റര്‍ അവതരിപ്പിച്ചത്. സബ്‌സ്‌ക്രൈബർമാർക്ക് മാത്രമായുള്ള ഉള്ളടക്കം പങ്കുവെയ്ക്കുന്നതിലൂടെ പ്രതിമാസം വരുമാനം നേടാന്‍ ഇതിലൂടെ കഴിയും.

കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് 2.99 ഡോളര്‍, 4.99 ഡോളര്‍, 9.99 ഡോളര്‍ എന്നിങ്ങനെ പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് നിശ്ചയിക്കാം. എക്സ്ക്ലൂസീവ് കണ്ടന്‍റുകളായിരിക്കും സൂപ്പര്‍ ഫോളോവേഴ്സിനായി പങ്കുവെയ്ക്കുക. ഈ ഓപ്ഷന്‍ ലഭ്യമായ ട്വിറ്റര്‍ അക്കൌണ്ടുകള്‍ ഫോളോ ചെയ്യുന്നവര്‍ക്ക് സൂപ്പർ ഫോളോ എന്ന ബട്ടൺ കാണാന്‍ കഴിയും. സൂപ്പര്‍ ഫോളോ ചെയ്യാനുള്ള തുക എത്രയെന്നും എങ്ങനെയാണ് പണം അടയ്ക്കേണ്ടതെന്നും വിവരം ലഭിക്കും.

നിലവില്‍ കാനഡയിലും അമേരിക്കയിലുമാണ് ഈ സൌകര്യം ലഭിക്കുക. വൈകാതെ ആഗോളതലത്തില്‍ തന്നെ ഈ സൌകര്യം ലഭ്യമാക്കുമെന്ന് ട്വിറ്റര്‍ ഉറപ്പുനല്‍കുന്നു. സൂപ്പര്‍ ഫോളോ സൌകര്യത്തിലൂടെ വരുമാനം ലഭിക്കാന്‍ ചില നിബന്ധനകളുണ്ട്- കുറഞ്ഞത് 10000 ഫോളോവര്‍മാരുണ്ടാവണം, ഒരു മാസത്തിനിടെ 25 തവണയെങ്കിലും ട്വീറ്റ് ചെയ്തിരിക്കണം, 18 വയസ് തികയണം എന്നെല്ലാമാണ് നിബന്ധനകള്‍. സൂപ്പര്‍ ഫോളോസ് ഓപ്ഷന്‍ വേണ്ടവര്‍‌ ഹോം ടൈംലൈനിലെ സൈഡ്‌ബാറില്‍ മോണിറ്റൈസേഷനില്‍ സൂപ്പര്‍ ഫോളോസ് സെലക്റ്റ് ചെയ്യണം.

സൂപ്പര്‍ ഫോളോസിലൂടെ ഊര്‍ജ്വസ്വലമായ സംഭാഷണങ്ങള്‍ സൃഷ്ടിക്കാൻ കഴിയുമെന്ന് ട്വിറ്റര്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമ പ്രവർത്തകർ, സംഗീതജ്ഞർ, എഴുത്തുകാർ, ഗെയിമർമാർ, ജ്യോതിഷികള്‍, സൗന്ദര്യ വിദഗ്ധർ, കൊമേഡിയന്‍സ്, കായിക വിദഗ്ധര്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ ഫീച്ചര്‍ ഉപയോഗപ്പെടുമെന്ന് ട്വിറ്റര്‍ പറയുന്നു.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News