ഇനി ട്വീറ്റുകളും എഡിറ്റു ചെയ്യാം; എഡിറ്റ് ബട്ടൻ സംവിധാനം ഈ മാസം അവസാനത്തോടെയെന്ന് ട്വിറ്റര്‍

30 മിനിറ്റ് വരെ ട്വീറ്റുകൾ എഡിറ്റ് ചെയ്യാനാകും

Update: 2022-09-02 06:30 GMT
Editor : Lissy P | By : Web Desk
Advertising

വാഷിങ്ടൺ: ഒരിക്കൽ ട്വീറ്റ് ചെയ്താൽ പിന്നെ എഡിറ്റ് ചെയ്യാൻ പറ്റില്ല എന്നതായിരുന്നു ട്വിറ്ററിന്റെ വലിയ പോരായ്മയായി ചൂണ്ടിക്കാണിച്ചിരുന്നത്. മറ്റ് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോലെ എഡിറ്റ് ഫീച്ചർ സംവിധാനം ട്വിറ്ററിലും വേണമെന്നത് ഉപയോക്താക്കൾ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നായിരുന്നു. ഇപ്പോഴിതാ ആ സന്തോഷവാർത്തയുമായി ട്വിറ്റർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ട്വീറ്റുകൾ പോസ്റ്റ് ചെയ്ത് 30 മിനിറ്റ് വരെ മാറ്റാൻ ഉപയോക്താക്കളെ അനുവദിക്കുന്ന എഡിറ്റിങ് ഫീച്ചർ ട്രയിലിനെത്തുമെന്നാണ് ട്വിറ്റർ അറിയിച്ചിരിക്കുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ ട്വിറ്ററിന്റെ പ്രീമിയം സബ്സ്‌ക്രിപ്ഷൻ സേവനമായ ട്വിറ്റർ ബ്ലൂ വരിക്കാർക്ക് മാത്രമാകും ഈ ഫീച്ചർ ലഭ്യമാകുക.

എഡിറ്റ് ചെയ്തുവെന്ന് കാണിക്കുന്ന സൂചകങ്ങളും ട്വീറ്റിലുണ്ടാകും. ഇതിൽ ക്ലിക്ക് ചെയ്താൽ എഡിറ്റ് ഹിസ്റ്ററി കാണാൻ സാധിക്കും. അതായത് ആദ്യം പോസ്റ്റ് ചെയ്ത ട്വീറ്റ് മറ്റുള്ളവർക്ക് കാണാനാവും . ഈ മാസം അവസാനം ട്വിറ്ററിന്റെ ബ്ലൂ ടിക്കുള്ള വരിക്കാർക്ക് ലഭ്യമാകുമെന്നും ടെസ്റ്റ് ആദ്യഘട്ടത്തിൽ ഒരു രാജ്യത്തേക്ക് പരിമിതപ്പെടുത്തുമെന്നും പിന്നീട് ആഗോളതലത്തിൽ ലഭ്യമാക്കുമെന്നും ട്വിറ്റർ അറിയിച്ചു.

ട്വിറ്ററിന്റെ 238 ദശലക്ഷം ഉപയോക്താക്കളിൽ നിന്ന് ഏറ്റവും കൂടുതൽ ലഭിച്ച അഭ്യർഥനകളിൽ ഒന്നാണ് എഡിറ്റിങ് ബട്ടൻ വേണമെന്നത്. അക്ഷരത്തെറ്റുകൾ പരിഹരിക്കുന്നതിനോടൊപ്പം തന്നെ നഷ്ടമായ ടാഗുകൾ ചേർക്കാനും പുതിയ ഫീച്ചർ വഴി സാധ്യമാകും. എന്നാൽ ഇന്ത്യയിൽ ഈ സേവനം അടുത്തൊന്നും ലഭ്യമാകില്ല. ഇന്ത്യയിൽ സബ്സ്‌ക്രിപ്ഷൻ സേവനം ആരംഭിക്കുന്നതിനുള്ള പദ്ധതികളൊന്നും ട്വിറ്റർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ട്വിറ്റർ വാങ്ങാനുള്ള ശ്രമത്തിനിടെ എഡിറ്റ് ബട്ടണെപ്പറ്റി ഇലോൺ മസ്‌ക് നടത്തിയ വോട്ടെടുപ്പിൽ 74 ശതമാനം പേരും എഡിറ്റിങ് സൗകര്യം വേണമെന്നാണ് അഭിപ്രായപ്പെട്ടത്. എഡിറ്റ് ട്വീറ്റിന്റെ ലഭ്യതയോടെ, ട്വീറ്റിംഗ് കൂടുതൽ എളുപ്പമുള്ളതും സമ്മർദ്ദം കുറയ്ക്കുന്നതുമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്വിറ്റർ അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News