ഇനി ബ്ലോക്കില്ല, സസ്‌പെൻഡ് ചെയ്തവരുടെ അക്കൗണ്ടുകൾ തിരികെക്കിട്ടും; ട്വിറ്ററിൽ അടിമുടി മാറ്റം

ട്വിറ്റർ സ്ഥിരമായി സസ്‌പെൻഡ് ചെയ്തവരുടെ കൂട്ടത്തിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുതൽ ബോളിവുഡ് വിവാദ നായിക കങ്കണ റണൗട്ട് വരെയുണ്ട്.

Update: 2022-10-30 07:08 GMT
Editor : banuisahak | By : Web Desk
Advertising

ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയിൽ നിർണായക തീരുമാനങ്ങളുമായി ശതകോടീശ്വരൻ ഇലോൺ മസ്ക്‌. ട്വിറ്ററിൽ നിന്ന് സ്ഥിരമായി സസ്‌പെൻഡ് ചെയ്യപ്പെട്ടവരുടെ അക്കൗണ്ടുകൾ അൺബ്ലോക്ക് ചെയ്യാനുള്ള പദ്ധതിയുമായാണ് മസ്ക്‌ മുന്നോട്ടുപോകുന്നത്. ഇതിനായി ഒരു 'കണ്ടന്റ് മോഡറേഷൻ കൗൺസിൽ' സ്ഥാപിക്കുമെന്ന് മസ്ക്‌ അറിയിച്ചു.സസ്‌പെൻഡ് ചെയ്യപ്പെട്ട അക്കൗണ്ടുകൾ പരിശോധിച്ച് വിലയിരുത്തി അൺബ്ലോക്ക് ചെയ്യലാണ് കൗൺസിലിന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്ന്. കൗൺസിലിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും കൗൺസിലിന്റെ അഭിപ്രായമില്ലാതെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങളൊന്നും എടുക്കില്ലെന്നും മസ്ക് ട്വിറ്ററിൽ കുറിച്ചു. 

ട്വിറ്റർ സ്ഥിരമായി സസ്‌പെൻഡ് ചെയ്തവരുടെ കൂട്ടത്തിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുതൽ ബോളിവുഡ് വിവാദ നായിക കങ്കണ റണൗട്ട് വരെയുണ്ട്. അതേസമയം, ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിക്കുമോ എന്നായിരുന്നു മസ്ക് ട്വീറ്റ് ചെയ്തതിന് പിന്നാലെ ആളുകളുടെ ചോദ്യം. എന്നാൽ, ഇത് ഉടൻ സംഭവിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 

സംസാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായാണ് ഇത്തരം അക്കൗണ്ട് നിരോധനങ്ങളെ താൻ കാണുന്നതെന്നാണ് മസ്ക് പറയുന്നത്. ട്വിറ്ററിനെ ഒരു ഡിജിറ്റൽ പബ്ലിക് സ്‌ക്വയർ ആയാണ് താൻ വിഭാവനം ചെയ്യുന്നതെന്നും മസ്ക് ട്വീറ്റ് ചെയ്തു. 

വ്യാഴാഴ്ചയാണ് ഇലോൺ മസ്ക്‌ ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്. കരാറിൽ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെ ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് പരാഗ് അഗർവാൾ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ, ലീഗൽ അഫയേഴ്സ് ആൻഡ് പോളിസി ചീഫ് വിജയ ഗാഡ്ഡെ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ മസ്ക് പിരിച്ചുവിട്ടിരുന്നു. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച് തന്നെയും നിക്ഷേപകരെയും തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 

പിന്നാലെ, ട്വിറ്ററിലെ ജീവനക്കാരുടെ എണ്ണം കുറക്കാനുള്ള ശ്രമവും മസ്ക് തുടങ്ങിക്കഴിഞ്ഞു. പിരിച്ചുവിടേണ്ട ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കാൻ മാനേജർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് മസ്ക്. ഇതോടെ കമ്പനിയിലെ 75 ശതമാനം ജീവനക്കാരുടെയും ജോലി പോയേക്കും. കമ്പനിയിലെ ജീവനക്കാരെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നേരത്തെ തന്നെ മസ്ക് ചില സൂചനകൾ നൽകിയിരുന്നു. എന്നാൽ, മസ്ക് പിരിച്ചുവിടാൻ ഒരുങ്ങുന്ന ജീവനക്കാരുടെ എണ്ണം ട്വിറ്ററിൽ നേരത്തെ പിരിച്ചുവിടാൻ സാധ്യതയുള്ള തൊഴിലാളികളേക്കാൾ എത്രയോ മടങ്ങ് കൂടുതലാണ്.

75 ശതമാനം ആളുകളെ വെട്ടി കുറച്ചാൽ ചെലവ് കുറയുന്നതിനോടൊപ്പം ലാഭക്ഷമത ഉയരുമെന്നും ഇത് കൂടുതൽ നിക്ഷേപകരെ കമ്പനിയിലേക്ക് ആകർഷിക്കാൻ ഇടയാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മസ്കിന്റെ നടപടിയെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. എന്നാൽ, ജീവനക്കാരുടെ എണ്ണത്തിൽ ഇത്രയും കുറവ് വരുന്നത് കമ്പനിക്ക് ദോഷമാണെന്ന അഭിപ്രായക്കാരുമുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News