തമിഴ്‌നാട്ടിൽ ലോകത്തെ ഏറ്റവും വലിയ ഇ.വി പ്ലാന്‍റ് വരുന്നു; വമ്പന്‍ പദ്ധതിയുമായി ഒല

ഒല പ്ലാന്‍റ് സജ്ജമാകുന്നതോടെ സാധാരണക്കാർക്കും താങ്ങാവുന്ന വിലയിൽ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

Update: 2023-02-21 06:19 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന(ഇ.വി) പ്ലാന്‍റ് ഇന്ത്യൻ നിർമിക്കാനുള്ള ഒരുക്കവുമായി ഒല. തമിഴ്‌നാട്ടിലാണ് വമ്പൻ പ്ലാന്‍റ് വരുന്നത്. ഇതിനായി 7,610 കോടി രൂപയാണ് ഒല ഇലക്ട്രിക് നിക്ഷേപമിറക്കുന്നത്.

തമിഴ്‌നാട്ടിൽ 2,000 ഏക്കർ വരുന്ന ഭൂമിയിലാണ് ഫാക്ടറി വരുന്നത്. ഇവിടെ ഇരുചക്ര വാഹനങ്ങളും കാറുകളും നിർമിക്കും. ബാറ്ററി നിർമാണവും ഇവിടെ നടക്കുമെന്ന് ഒല വാർത്താകുറിപ്പിൽ അറിയിച്ചു. വലിയ തോതിലുള്ള ബാറ്ററി സെൽ നിർമാണം ഈ വർഷം അവസാനത്തിൽ തന്നെ ആരംഭിക്കുമെന്ന് കമ്പനി വെളിപ്പെടുത്തി.

ഇ.വി ഉൽപാദനത്തിൽ നിർണായകമായ ലിഥിയം അയൺ ബാറ്ററിക്ക് വേണ്ട കുറഞ്ഞ അസംസ്‌കൃത വസ്തുക്കൾ മാത്രമാണ് നിലവിൽ രാജ്യത്തുള്ളത്. ഒല കൂട്ടമായുള്ള ലിഥിയം ബാറ്ററി ഉൽപാദനം ആരംഭിക്കുന്നതോടെ ഈ ക്ഷാമം തീർക്കാനാകും. ഒലയ്ക്കു പുറമെ മുകേഷ് അമ്പാനിയും രാജേഷ് എക്‌സ്‌പോർട്‌സും ഈ രംഗത്ത് വൻതോതിലുള്ള ഉൽപാദനത്തിനൊരുങ്ങുന്നുണ്ട്. 2030ഓടെ രാജ്യത്തെ ലിഥിയം അയൺ ബാറ്ററി ഉൽപാദനം നൂറുമടങ്ങായി ഉയരാനിടയുണ്ടെന്നാണ് കാപിറ്റൽ മാർക്കറ്റ് കമ്പനിയായ 'സിറിസിൽ' പ്രവചിക്കുന്നത്.

പ്ലാന്റിൽ ഇ.വി ഉൽപാദനം ആരംഭിക്കുന്നതോടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാധാരണക്കാർക്കും താങ്ങാവുന്ന വിലയിൽ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ ലഭ്യമാകും.

അടുത്തിടെ, രാജ്യത്ത് ഒല സ്‌കൂട്ടറുകൾ കത്തിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് 1,441 ഇലക്ട്രിക് സ്‌കൂട്ടറുകൾ കമ്പനി വിപണിയിൽനിന്ന് തിരിച്ചുവിളിച്ചിരിക്കുകയാണ്.

ബംഗളൂരു ആസ്ഥാനമായുള്ള ഇന്ത്യൻ കമ്പനിയാണ് ഒല ഇലക്ട്രിക്. ഭവീഷ് അഗർവാളാണ് ഒല സ്ഥാപകൻ.

Summary: Ola Plans to build world's largest electric vehicle hub in India

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News