എക്‌സിൽ ഇനി വീഡിയോ കോളും ചെയ്യാം; സ്ഥിരീകരിച്ച് സി.ഇ.ഒ

ട്വിറ്റര്‍ റീബ്രാന്‍ഡിങ് ചെയ്തതിന് പിന്നാലെ വമ്പൻ മാറ്റങ്ങൾ ഇനിയും വരുമെന്ന് നേരത്തെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു

Update: 2023-08-11 06:32 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂയോർക്ക്: മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്റർ എക്‌സ് എന്ന് പേരുമാറ്റിയിട്ട് അധിക ദിവസമായിട്ടില്ല. പേരിനൊപ്പം ട്വിറ്ററിന്റെ മുഖമായിരുന്ന നീലക്കിളിയുടെ ലോഗോയും ഇലോൺ മസ്‌ക് മാറ്റിയിരുന്നു. വമ്പൻ മാറ്റങ്ങൾ ഇനിയും വരുമെന്നും നേരത്തെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ എക്‌സിൽ ഇനി വീഡിയോകോളും ചെയ്യാനുള്ള സൗകര്യമുണ്ടാകുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

എക്‌സ് സി.ഇ.ഒ ലിൻഡ യാക്കാരിനോ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണിലാണ് ലിൻഡ എക്‌സിന്റെ സി.ഇ.ഒ ചുമതല ഏറ്റെടുത്തത്. സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് എക്‌സിൽ വീഡിയോ കോൾ സംവിധാനം വരുന്നതിനെക്കുറിച്ച് സംസാരിച്ചത്. ഫോൺ നമ്പറുകൾ പങ്കിടാതെ തന്നെ പ്ലാറ്റ്ഫോമിൽ വീഡിയോ കോളുകൾ ലഭ്യമാകും. അധികം വൈകാതെ തന്നെ ഈ ഫീച്ചർ എക്‌സിൽ വരുമെന്നും അവർ പറഞ്ഞു.എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എക്‌സിലെ പുതിയ സബ്‌സക്രിപ്ഷൻ നിരക്കുകൾ, പേയ്‌മെന്റുകൾ തുടങ്ങി എക്‌സിന്റെ മറ്റ് ഫീച്ചറുകളെക്കുറിച്ചും ലിൻഡ സംസാരിച്ചിരുന്നു.

വീഡിയോ കോൾ പ്രഖ്യാപനത്തിന് പിന്നാലെ എക്സ് ഡിസൈനർ ആൻഡ്രിയ കോൺവേ എക്സില്‍ പങ്കുവെച്ച പോസ്റ്റും ചർച്ചയായിട്ടുണ്ട്. ഇതും വീഡിയോ കോൾ ഫീച്ചറിനെ സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.

കഴിഞ്ഞ വർഷം ട്വിറ്റർ ഏറ്റെടുത്ത ശേഷം മസ്‌ക് നടത്തുന്ന ഏറ്റവും വലിയ പരിഷ്‌കാരമായിരുന്നു  ട്വിറ്ററിന്റെ റീബ്രാൻഡിങ്. നിലവിൽ സ്വതന്ത്ര കമ്പനിയല്ല ട്വിറ്റർ. ഈയിടെ രൂപവത്കരിച്ച എക്‌സ് കോർപറേഷൻ എന്ന സ്ഥാപനത്തിൽ ട്വിറ്റർ ലയിച്ചിരുന്നു.  ഏപ്രിലിൽ ട്വിറ്റർ ലോഗോ മാറ്റി പകരം നായയുടെ ചിത്രം വച്ച മസ്‌കിന്റെ ട്വീറ്റ് ചർച്ചയായിരുന്നു. ഡോജ് കോയിൻ (Dogecoin) എന്ന ക്രിപ്‌റ്റോ കറൻസിയുടെ ചിഹ്നമായ ഷിബ ഇനു വർഗത്തിൽപ്പെട്ട നായയുടെ ചിത്രമാണ് നൽകിയിരുന്നത്. 2013ൽ അവതരിപ്പിക്കപ്പെട്ട ക്രിപ്‌റ്റോ കറൻസിയാണ് ഡോജ്‌കോയിൻ. ഇതിന് പിന്നാലെ കറൻസിയുടെ മൂല്യത്തിൽ 20 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരുന്നത്.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News