നിലവിലെ നമ്പര്‍ ജിയോ സിമ്മിലേക്ക് മാറ്റാന്‍...
ടെലികോം മേഖലയിലെ വമ്പന്‍മാരെ അമ്പരിപ്പിച്ചുകൊണ്ടായിരുന്നു റിലയന്‍സ് ജിയോ അവതരിപ്പിച്ചത്.
ടെലികോം മേഖലയിലെ വമ്പന്‍മാരെ അമ്പരിപ്പിച്ചുകൊണ്ടായിരുന്നു റിലയന്‍സ് ജിയോ അവതരിപ്പിച്ചത്. പരിധികളില്ലാത്ത ഫോണ്‍കോളുകളും ഡാറ്റാ ഉപയോഗത്തിലെ തുച്ഛമായ നിരക്കും അതിവേഗ ഇന്റര്‍നെറ്റുമൊക്കെയായി ജിയോ, മൊബൈല്‍ പ്രേമികള്‍ക്കിടയില്‍ വന്‍ ജനപ്രീതി നേടിയതോടെ റിലയന്‍സ് സ്റ്റോറുകള്‍ക്ക് മുമ്പില്‍ വന്‍ നിരയും പ്രത്യക്ഷപ്പെട്ടു. തിങ്കളാഴ്ച മുതല്‍ ജിയോ സിം എല്ലാവര്‍ക്കും ലഭിക്കും. നാളെ മുതല്‍ ഡിസംബര്‍ 31 വരെ ജിയോയുടെ വെല്‍ക്കം ഓഫര്‍ ലഭിക്കുകയും ചെയ്യും.
നിലവിലെ നിങ്ങളുടെ നമ്പര്‍ ജിയോ സിമ്മിലേക്ക് മാറ്റുന്നതിന് നാളെ മുതല്‍ അവസരം ഒരുങ്ങുന്നവെന്നതാണ് പുതിയ വാര്‍ത്ത. നിലവില്‍ എയര്‍ടെല്‍, ഐഡിയ, വൊഡാഫോണ്‍ തുടങ്ങി മറ്റു ടെലികോം കമ്പനികളുടെ സിമ്മുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് നിലവിലെ നമ്പര്‍ ജിയോ സിമ്മിലേക്ക് മാറ്റാന്‍ കഴിയും. നമ്പര്‍ പോര്‍ട്ടബിലിറ്റിയാണ് ഈ സൌകര്യമൊരുക്കുന്നത്. ഇതുവരെ ജിയോയ്ക്ക് ഈ സൌകര്യമുണ്ടായിരുന്നില്ല. ജിയോയ്ക്ക് വേണ്ടി നമ്പര്‍ പോര്‍ട്ടബിലിറ്റി ഉപയോഗിക്കുന്നത് സാധാരണരീതിയില്‍ തന്നെയാണ്. നിലവിലെ നമ്പര്‍ ജിയോയിലേക്ക് മാറ്റാനായി < Port > < space> < mobile number >എന്ന് ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് എസ്‌എംഎസ് അയക്കണം. ഇതിനു മറുപടിയായി യൂനീക് പോര്‍ട്ട് കോഡ് സഹിതം ഒരു എസ്‌എംഎസ് 1901ല്‍ നിന്നും ഉപഭോക്താവിന് ലഭിക്കും. പതിനഞ്ച് ദിവസമാണ് ഈ നമ്പറിന്റെ കാലാവധി. അതിനു ശേഷം അടുത്തുള്ള റിലയന്‍സ് മൊബൈല്‍ സ്റ്റോറില്‍ കസ്റ്റമര്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കണം. പോര്‍ട്ടിങ് കോഡും തിരിച്ചറിയല്‍ രേഖകളും ഒരു ഫോട്ടോയും അപേക്ഷയ്ക്കൊപ്പം ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിച്ച് റിലയന്‍സ് നിങ്ങള്‍ക്ക് പുതിയ ജിയോ സിം നല്‍കും. സിം ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ സ്വന്തം നമ്പറുമായി ജിയോ സേവനങ്ങള്‍ ആസ്വദിച്ചു തുടങ്ങാം. ജിയോ സിം ആക്ടിവേറ്റാകാന്‍ ഏഴു ദിവസമെങ്കിലുമെടുക്കും. 19 രൂപയാണ് ആക്ടിവേഷന്‍ നിരക്ക്. ജിയോ സിം ആക്ടിവേറ്റ് ചെയ്യുന്നതുവരെ നിങ്ങള്‍ക്ക് പഴയ ടെലികോം കമ്പനിയുടെ സിം ഉപയോഗിക്കാം. ഈ സിമ്മില്‍ "No Service" എന്ന സന്ദേശം എത്തിയാല്‍ നിങ്ങളുടെ ജിയോ സിം ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞുവെന്ന് മനസിലാക്കാം. ഒരു തവണ പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ 90 ദിവസത്തേക്ക് മറ്റൊരു പോര്‍ട്ട് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഏതായാലും ജിയോയുടെ നമ്പര്‍ പോര്‍ട്ടബിലിറ്റി കൂടി എത്തുന്നതോടെ മറ്റു ടെലികോം കമ്പനികള്‍ വന്‍തിരിച്ചടി നേരിടുമെന്നാണ് സൂചന.