നോക്കിയ 3310 ഫോണ്‍ വീണ്ടുമെത്തി; രണ്ടാംവരവിനൊരു കാരണമുണ്ട്...

Update: 2018-05-08 21:20 GMT
Editor : Alwyn K Jose
നോക്കിയ 3310 ഫോണ്‍ വീണ്ടുമെത്തി; രണ്ടാംവരവിനൊരു കാരണമുണ്ട്...
Advertising

ബാറ്ററിയുടെ ചാര്‍ജ്ജ് ഒരു മാസം വരെ നീണ്ടുനില്‍ക്കുമെന്നാണ് അവകാശവാദം.

നോക്കിയയുടെ പഴയകാല ജനപ്രിയ മോഡലായ 3310 മൊബൈല്‍ ഫോണിന്റെ പുതിയ പതിപ്പ് വിപണിയില്‍. പഴയ മോഡലില്‍ നിന്ന് വ്യത്യസ്തമായി കളര്‍ ഡിസ്പ്ലേയും 2 മെഗാപിക്സല്‍ കാമറയും പുതിയ പതിപ്പിനുണ്ട്. ബാറ്ററിയുടെ ചാര്‍ജ്ജ് ഒരു മാസം വരെ നീണ്ടുനില്‍ക്കുമെന്നാണ് അവകാശവാദം. 2ജി ശ്രേണിയിലുള്ള ഫോണിന് ഇന്ത്യയില്‍ വില 3500 രൂപയോളം വരും.

നോക്കിയയെ മൈക്രോസോഫ്ട് ഏറ്റെടുത്തതിന് ശേഷം നോക്കിയ എന്ന ബ്രാന്‍ഡ് നാമം സ്വന്തമാക്കിയ ഫിന്നിഷ് കമ്പനി എച്ച്എംഡി ഗ്ലോബലാണ് പുതിയ രൂപവും ഭാവവും നല്‍കി നോക്കിയ 3310യെ വീണ്ടും വിപണിയിലെത്തിക്കുന്നത്. കളര്‍ ഡിസ്പ്ലേ, പിന്‍വശത്ത് രണ്ട് മെഗാപിക്സല്‍ കാമറ തുടങ്ങിയ സവിശേഷതകളും പുതിയ 3310യ്ക്ക് ഉണ്ട്.

'ഇത് ഞങ്ങളുടെ ഹൃദയത്തില്‍ നിന്നാണ്. നിരവധി ഉപഭോക്താക്കള്‍ നോക്കിയ എന്ന ബ്രാന്‍ഡിനെയും 3310യെയും തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഞങ്ങള്‍ അതില്‍ വളരെ ആവേശഭരിതരായിരുന്നു. ഇതില്‍ കുറച്ച്കൂടി രസം വേണമെന്ന് ഞങ്ങള്‍ക്ക് തോന്നി. അതിനാല്‍ ഈ വിധം ചെയ്തു. ഒരു ക്ലാസിക് പ്രതീകമായ മോഡല്‍ ഉപഭോക്താക്കള്‍ക്ക് തിരികെ എത്തിക്കുന്നതില്‍ അതിയായ ഉത്സാഹമുണ്ട്' - എച്ച്എംഡി പ്രസിഡന്റ് പറയുന്നു.

സ്മാര്‍ട്ട് ഫോണുകളുടെ കാലത്ത് 2ജി ഫോര്‍മാറ്റിലാണ് 3310 എത്തുന്നത്. പരിമിതമായ ഇന്റര്‍നെറ്റ് ഉപയോഗമെ ഇതില്‍ സാധ്യമാകൂ എന്നതാണ് പ്രധാന പോരായ്മ. ഇന്ത്യയില്‍ 3500 രൂപയാണ് പ്രതീക്ഷിക്കുന്ന വില. ബാഴ്സലോണയില്‍ നടക്കുന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസിന് മുന്നോടിയായാണ് നോക്കിയ 3310 പുതിയ പതിപ്പ് പുറത്തിറക്കിയത്. നോക്കിയയുടെ ബ്രാന്‍ഡ് നാമത്തിലുള്ള ആദ്യ സ്മാര്‍ട്ട് ഫോണായ നോക്കിയ 6 ബേസ് മോഡലുകളായ നോക്കിയ 5 നോക്കിയ 3 എന്നിവയും വിപണിയിലെത്തിച്ചിട്ടുണ്ട്. ദീര്‍ഘ നേരത്തെ ബാറ്ററി ലൈഫും ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാനുള്ള കഴിവുമാണ് പഴയകാല 3310 നോക്കിയ ഫോണുകളെ ജനപ്രിയമാക്കിയത്. 17 വര്‍ഷം മുമ്പ് വിപണിയിലെത്തുകയും 12 കോടി 60 ലക്ഷം ഫോണുകള്‍ വിറ്റഴിക്കപ്പെടുകയും ചെയ്ത ശേഷം പുതിയ തലമുറ ഫോണുകളുടെ വരവോടെ 2005 ലാണ് 3310 വിപണിയില്‍ നിന്ന് അപ്രത്യക്ഷമായത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News