സാംസങ് 'പിളരുന്നു'
ഓഹരിയുടമയായ ഒരു കമ്പനിയും പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയുമായി സാംസങ് മാറും.
ബഹുരാഷ്ട്ര കമ്പനിയായ സാംസങ് രണ്ടാവുന്നു. ലാഭവിഹിതം കുറവാണെന്ന നിക്ഷേപകരുടെ പരാതിയെ തുടര്‍ന്നാണ് ഈ നീക്കം. ഓഹരിയുടമയായ ഒരു കമ്പനിയും പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയുമായി സാംസങ് മാറും.
മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, മെമ്മറി കാര്‍ഡുകള്‍, മറ്റ് ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയിലെ വിപണി രാജാവാണിന്ന് സാംസങ്. തെക്കന്‍ കൊറിയയിലെ സിയോളിലുള്ള സോച്ചോ ആണ് കമ്പനിയുടെ ആസ്ഥാനം. 47 വര്‍ഷമായി പ്രവര്‍ത്തനമാരംഭിച്ചിട്ട്. കഴിഞ്ഞ ഒക്ടോബറിലാണ് അമേരിക്കയിലെ ഓഹരി സ്ഥാപനമായ എലിയറ്റ് ഈ നിര്‍ദേശം സാംസങിന് മുന്നില്‍ വെച്ചത്. തെക്കന്‍ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്വേന്‍ ഹെയുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തെ തുടര്‍ന്ന് സാംസങിന്റെ ആസ്ഥാനത്ത് നടന്ന റെയ്ഡുകള്‍ കമ്പനിയുടെ ഓഹരി വില ഇടിയാന്‍ കാരണമായതോടെയാണ് ഓഹരിയുടമകളില്‍ നിന്നുള്ള സമ്മര്‍ദം ശക്തമായത്.
സാംസങ് ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച സാംസങ് ഗ്യാലക്സി നോട്ട് 7 തീപിടിക്കുന്ന സംഭവങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഇതും സാംസങിന് വിപണിയില്‍ തിരിച്ചടിയായി. സ്മാര്‍ട് ഫോണുകളുടെ ആവിര്‍ഭാവത്തോടെ, മൊബൈല്‍ വിപണിയില്‍ നോകിയയുടെ അപ്രമാദിത്വം അവസാനിപ്പിച്ച സാംസങിന് കനത്ത തിരിച്ചടിയായിരുന്നു ഈ സംഭവം. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ച് ഡിസംബര്‍ അവസാനത്തോടെ പരസ്യപ്പെടുത്തുമെന്ന് സാംസങ് അറിയിച്ചിട്ടുണ്ട്.