251 രൂപയുടെ സ്മാർട്ട്ഫോണ്‍ ജൂൺ 30 ന് വിപണിയില്‍
നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി റിങ്ങിങ് ബെൽസാണ് 251 രൂപയുടെ മൊബൈല്‍ വിപണിയിലെത്തിക്കുന്നത്. ഒരു ലക്ഷത്തോളം പേർക്ക് ആദ്യഘട്ടത്തിൽ ഫോൺ വിതരണം ചെയ്യും.
ഏറെ കാത്തിരിപ്പിനും വിവാദങ്ങൾക്കും ശേഷം ഏറ്റവും വിലകുറഞ്ഞ തെന്ന് അവകാശപ്പെടുന്ന 251 രൂപയുടെ രണ്ടു ലക്ഷം സ്മാർട്ട്ഫോണുകൾ വില്‍പ്പനക്കെത്തി. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി റിങ്ങിങ് ബെൽസാണ് 251 രൂപയുടെ മൊബൈല്‍ വിപണിയിലെത്തിക്കുന്നത്. ഒരു ലക്ഷത്തോളം പേർക്ക് ആദ്യഘട്ടത്തിൽ ഫോൺ വിതരണം ചെയ്യും.
രണ്ടു ലക്ഷത്തോളം ഫോണുകൾ വിതരണത്തിനു എത്തിയിട്ടുണ്ടെന്നും ജൂൺ 30 ന് നേരത്തെ ബുക്ക് ചെയ്തവർക്ക് വിതരണം ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. രണ്ടു ലക്ഷം ഫോണുകളുടെ വിതരണം പൂർത്തിയായാൽ പുതിയ ബുക്കിങ് സ്വീകരിക്കും. കഴിഞ്ഞ ഫെബ്രുവരിയിലാണ് 251 രൂപ ഫോണിന്റെ പ്രഖ്യാപനം വന്നത്. ജൂൺ 30 ന് മുൻപ് 25 ലക്ഷം ഫോണുകൾ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കമ്പനിക്ക് ലഭിച്ചത് ഏഴു കോടി രജിസ്ട്രേഷനാണ്. സ്മാർട്ട്ഫോൺ വിപണിയിലെ എല്ലാ റെക്കോർഡുകളും തകർക്കുന്നതാണ് റിങ്ങിങ് ബെല്ലിന്റെ പുതിയ സ്മാർട്ട്ഫോൺ. വിൽപന തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ ഫോണിന്റെ ഔദ്യോഗിക വെബ്സൈറ്റ് പണിമുടക്കിയിരുന്നു.
ലോകത്ത് ഒരു കമ്പനിയും മുന്നോട്ടുവയ്ക്കാത്ത ഓഫറുകളാണ് ഫ്രീഡം 251 എന്ന സ്മാർട്ട്ഫോൺ മുന്നോട്ടുവയ്ക്കുന്നത്. 1 ജിബി റാമിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിൽ 8 ജിബി ഇന്റേണൽ സ്റ്റോറെജ് ശേഷിയുണ്ട്. പുറമെ 32 ജിബി വരെ ഉയർത്താനും കഴിയും. 3.2 മെഗാപിക്സൽ പിൻ ക്യാമറ, 0.3 മെഗാപിക്സൽ മുൻക്യാമറ, 1450 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയാണ് വിലകുറഞ്ഞ ഫോണിന്റെ സവിശേഷതകള്‍. ഇത്രയും കുറഞ്ഞ വിലയ്ക്കു സ്മാർട്ഫോൺ വിൽക്കുക അസാധ്യമാണെന്ന് അന്നു പലരും വിലയിരുത്തിയിരുന്നു. ഇക്കാര്യം പരിശോധിക്കാൻ ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് നിർദേശം നൽകുകയും ചെയ്തിരുന്നു. വിവാദങ്ങളെ തുടർന്നു പണമടച്ചവർക്കു കമ്പനി തുക തിരികെ നൽകി. ഇനി, കാഷ് ഓൺ ഡെലിവറി അടിസ്ഥാനത്തിലാണു നേരത്തേ ബുക്ക് ചെയ്തവർക്കു ഫോൺ അയയ്ക്കുക. 251 രൂപയ്ക്ക് ഫോൺ വിതരണം ചെയ്യാൻ കഴിയുമെന്ന തെളിയിക്കൽ കൂടിയാണ് റിങ്ങിങ് ബെൽസിന്റെ ഈ നീക്കം.