വാട്സ്ആപില്‍ ഇനി വീഡിയോ കോള്‍ ചെയ്യാം
വിന്‍ഡോസിനു പിന്നാലെ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും ഇനി വീഡിയോ കോള്‍ ചെയ്യാനുള്ള അവസരമാണ് വാട്സ്ആപ് വാഗ്ദാനം ചെയ്യുന്നത്.
വീഡിയോ കോളിങ് സംവിധാനവുമായി വാട്സ്ആപ്. വിന്‍ഡോസിനു പിന്നാലെ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും ഇനി വീഡിയോ കോള്‍ ചെയ്യാനുള്ള അവസരമാണ് വാട്സ്ആപ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സൌകര്യം ലഭ്യമാകുക. v2.16.316 ബീറ്റയോ അതിനേക്കാള്‍ ഉയര്‍ന്നതോ ആയ പതിപ്പുകളിലാണ് നിലവില്‍ വീഡിയോ കോള്‍ സംവിധാനം കാണാന്‍ കഴിയുക. ഉടന്‍ തന്നെ മുഴുവന്‍ ഉപഭോക്താക്കള്‍ക്ക് ഈ സൌകര്യം ലഭ്യമാകുമെന്നാണ് വാട്സ്ആപ് വാഗ്ദാനം ചെയ്യുന്നതെങ്കിലും കൃത്യ ദിവസം വ്യക്തമാക്കിയിട്ടില്ല. ആപിലെ കോള്‍ ബട്ടനിലാണ് വീഡിയോ കോള്‍ ഫീച്ചര്‍ ബന്ധിപ്പിച്ചിരിക്കുന്നത്. കോള്‍ ബട്ടനില്‍ അമര്‍ത്തിയാല്‍ വോയിസ് കോള്‍ അല്ലെങ്കില്‍ വീഡിയോ കോള്‍ തെരഞ്ഞെടുക്കാനുള്ള ടാബ് തുറക്കും. നിലവില്‍ വീഡിയോ കോള്‍ അപ്ഡേഷന്‍ ലഭിച്ചിട്ടുള്ള ഉപഭോക്താവാണ് മറുതലയ്ക്കലുള്ളതെങ്കില്‍ മാത്രമെ ഈ സൌകര്യം ഉപയോഗപ്പെടുത്താന്‍ കഴിയൂ. നെറ്റ്‍വര്‍ക്ക് കവറേജ് കുറവാണെങ്കില്‍ പോലും മികച്ച രീതിയില്‍ വീഡിയോ കോള്‍ ചെയ്യാന്‍ കഴിയുമെന്നാണ് വാട്സ്ആപ് വാദം. മുന്‍ കാമറയും പിന്‍ കാമറയും മാറി ഉപയോഗിക്കാനും കഴിയും.