'വരാനിരിക്കുന്നത് മഹാദുരന്തം; 100 വര്‍ഷത്തിനുള്ളില്‍ മനുഷ്യന്‍ ഭൂമിയില്‍ നിന്നു രക്ഷപെടണം'
ലോകാവസാനവും ഭൂമിയുടെ ആയുസുമൊക്കെ എക്കാലത്തും ശാസ്ത്രലോകത്തെ ചൂടേറിയ ചര്‍ച്ചാ വിഷയമാണ്.
ലോകാവസാനവും ഭൂമിയുടെ ആയുസുമൊക്കെ എക്കാലത്തും ശാസ്ത്രലോകത്തെ ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. മനുഷ്യന്‍ അടക്കമുള്ള ജീവികള്‍ക്ക് ഭൂമിയില്‍ ഇനി ഏറിയാല്‍ 100 വര്‍ഷത്തെ ആയുസ് മാത്രമെ ഉള്ളുവെന്നാണ് പ്രമുഖ ഭൌതിക ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് നല്‍കുന്ന മുന്നറിയിപ്പ്. അനിയന്ത്രിതമായ ശാസ്ത്ര പുരോഗതി തന്നെയാണ് ഭൂമിയുടെ അടിവേര് തോണ്ടുന്നതെന്നും ഹോക്കിങ് പറയുന്നു.
മൂന്നു വലിയ വിപത്തുകളാണ് മനുഷ്യനെ തേടിയെത്താനിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം ഇതിനോടകം ഭീകരാവസ്ഥ പൂണ്ടുകഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനം, ഉല്‍ക്കാപതനം, ജനസംഖ്യാ പെരുപ്പം തുടങ്ങിയ കാരണങ്ങളാണ് ഭൂമിക്ക് ഭീഷണി ഉയര്‍ത്തുന്നത്. നൂറു വര്‍ഷത്തിനുള്ളില്‍ അവാസയോഗ്യമായ മറ്റൊരു ഗ്രഹത്തിലേക്ക് കുടിയേറിയില്ലെങ്കില്‍ മനുഷ്യകുലത്തിന്‍റെ സര്‍വനാശമായിരിക്കും സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബിബിസി സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്‍ററിയിലാണ് പുതിയ ഭൂമി കണ്ടെത്തണമെന്ന് ഹോക്കിങ് പറയുന്നത്.
അതിര്‍ത്തി തര്‍ക്കങ്ങളും ആണവയുദ്ധവും മനുഷ്യന്‍ ക്ഷണിച്ചുവരുത്തുന്ന വിനാശമാണെന്നും ഹോക്കിങ് കൂട്ടിച്ചേര്‍ത്തു. ഭൂമി മുഴുവന്‍ ഭരിക്കാന്‍ ശേഷിയുള്ള ഒരു ആഗോള സര്‍ക്കാരിന് മാത്രമെ ഇതില്‍ നിന്നു രാജ്യങ്ങളെയും രാഷ്ട്ര തലവന്‍മാരെയും നിയന്ത്രിക്കാന്‍ കഴിയൂവെന്ന് അടുത്തിടെ ഹോക്കിങ് പറഞ്ഞിരുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ അതിജീവിക്കാന്‍ കഴിവ് കുറഞ്ഞ ജീവികളാണ് മനുഷ്യരെന്നും ഹോക്കിങ് പറഞ്ഞു. ഇനിയുള്ള കാലം യന്ത്രമനുഷ്യന്‍മാരുടേതാണ്. റോബോട്ടുകള്‍ക്ക് സ്വയം ചിന്തിക്കാനും തീരുമാനമെടുക്കാനും ശേഷിയുള്ള കൃത്രിമ ബുദ്ധി നല്‍കാനുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് മനുഷ്യനടക്കമുള്ള ജീവികളുടെ നാശത്തിലേക്കെ എത്തിക്കൂവെന്നും ഹോക്കിങ് മുന്നറിയിപ്പ് നല്‍കി.