ഐഫോണ്‍ 10.1.1 ഒഎസിലേക്ക് അപ്ഡേറ്റ് ചെയ്യുന്നുണ്ടോ ? ജാഗ്രതൈ

Update: 2018-05-19 06:13 GMT
Editor : Alwyn K Jose
ഐഫോണ്‍ 10.1.1 ഒഎസിലേക്ക് അപ്ഡേറ്റ് ചെയ്യുന്നുണ്ടോ ? ജാഗ്രതൈ
Advertising

നിങ്ങളുടെ ഐഫോണ്‍ 10.1.1 ഒഎസിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനു മുമ്പ് ജാഗ്രത പാലിക്കുകയെന്ന് ഉപഭോക്താക്കളുടെ മുന്നറിയിപ്പ്.

നിങ്ങളുടെ ഐഫോണ്‍ 10.1.1 ഒഎസിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനു മുമ്പ് ജാഗ്രത പാലിക്കുകയെന്ന് ഉപഭോക്താക്കളുടെ മുന്നറിയിപ്പ്. കാരണം വേറൊന്നുമല്ല, അപ്ഡ‍േറ്റ് ചെയ്തു കഴിഞ്ഞാല്‍ ബാറ്ററി തകരാറുണ്ടാകുമെന്നാണ് ചിലരുടെ അനുഭവം. 10.1.1 ഒഎസിലേക്ക് അപ്ഡേറ്റ് ചെയ്യുമ്പോള്‍ ബാറ്ററി കാലിയാകുമെന്ന പരാതി രൂക്ഷമാകുകയാണ്.

ഐഫോണ്‍ 5 പുതിയ ഒഎസിലേക്ക് മാറ്റിയതിന്റെ അനുഭവം ഒരു ഉപഭോക്താവ് സപ്പോര്‍ട്ട് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. 30 ശതമാനം ബാറ്ററിയുമായാണ് അപ്ഡേഷന്‍ തുടങ്ങിയത്. സെക്കന്റുകള്‍ക്കുള്ളില്‍ ഫോണിന്റെ ബാറ്ററി ചാര്‍ജ് ഒരു ശതമാനമായി കുറഞ്ഞു. കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് ഫോണ്‍ ഓഫ് ആകുകയും ചെയ്തു. തുടര്‍ന്ന് ഫോണ്‍ ചാര്‍ജ് ചെയ്തപ്പോള്‍ റീബൂട്ട് ആയെന്നും അപ്പോള്‍ തന്നെ ബാറ്ററി ചാര്‍ജ് 30 ശതമാനം കാണിച്ചെന്നും പറയുന്നു. മറ്റൊരാളുടെ അനുഭവം ഇങ്ങനെ: രാത്രി 80 ശതമാനം ബാറ്ററി ചാര്‍ജുമായാണ് ഫോണ്‍ അവസാനം കണ്ടത്. രാവിലെ നോക്കിയപ്പോള്‍ ഫോണ്‍ ഓഫ് ആയിരുന്നു. റീബൂട്ട് ചെയ്യാന്‍ കഴിഞ്ഞുമില്ല. ചാര്‍ജറുമായി കണക്ട് ചെയ്തപ്പോള്‍ തന്നെ 30 ശതമാനം ബാറ്ററി കാണിക്കുകയും ചെയ്തു. ഐഫോണ്‍ 6, 6എസ്, 7 ഉപഭോക്താക്കള്‍ക്കെല്ലാം തന്നെ സമാന അനുഭവമുണ്ടായതായി പേജില്‍ പരാതിയുണ്ട്. ആപ്പിളിനോട് എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നു. ഏഴു ദിവസം മാത്രം പഴക്കമുള്ള ഐഫോണ്‍ 7 ലും സമാന പ്രശ്നമുണ്ടായതായി മറ്റൊരു ഉപഭോക്താവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഐഫോണ്‍ 6 എസ് സീരീസിലെ ഫോണുകള്‍ ഷട്ട് ഡൗണ്‍ ആകുന്നത് അടക്കമുള്ള സാങ്കേതിക തകരാറുണ്ടന്ന പരാതി കഴിഞ്ഞ ദിവസം ആപ്പിള്‍ സ്ഥിരീകരിച്ചിരുന്നു. ഐഫോണ്‍ 6എസിലെ തകരാറുള്ള ബാറ്ററികള്‍ മാറ്റി നല്‍കാനും ആപ്പിള്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് പുതിയ പ്രശ്നം ഉയര്‍ന്നുവന്നിരിക്കുന്നത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News