ആല്‍ബര്‍‌ട്ട് ഐന്‍സ്റ്റീനെ തിരികെ കൊണ്ടുവന്ന് ഹാന്‍സന്‍ റോബോട്ടിക്സ്

Update: 2018-05-27 20:33 GMT
Editor : Trainee
ആല്‍ബര്‍‌ട്ട് ഐന്‍സ്റ്റീനെ തിരികെ കൊണ്ടുവന്ന് ഹാന്‍സന്‍ റോബോട്ടിക്സ്
Advertising

വിദ്യാഭ്യാസ റോബോട്ടിന്‍റെ രൂപമാണ് ഐന്‍സ്റ്റീന്‍ മാതൃകയില്‍ നിര്‍മിച്ചിരിക്കുന്നത്.

ആല്‍ബര്‍‌ട്ട് ഐന്‍സ്റ്റീനെ തിരികെ കൊണ്ടുവന്ന് ഹാന്‍സന്‍ റോബോട്ടിക്സ്. യുനൈറ്റഡ് സ്റ്റേറ്റിലെ ലാസ് വേഗാസില്‍ നടക്കുന്ന യന്ത്രോപകരണങ്ങളുടെ പ്രദര്‍ശനത്തിലാണ് ഐന്‍സ്റ്റീന്‍ മാതൃകയിലുള്ള റോബോട്ടിനെ നിര്‍മിച്ച് ഹാന്‍സന്‍ റോബോട്ടിക്സ് വ്യത്യസ്ഥമായത്. വിദ്യാഭ്യാസ റോബോട്ടിന്‍റെ രൂപമാണ് ഐന്‍സ്റ്റീന്‍ മാതൃകയില്‍ നിര്‍മിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ രൌദ്രഭാവവും കമ്പി പോലെയുള്ള മുടിയും എല്ലാം റോബോട്ടിനും നല്‍കിയിട്ടുണ്ട്.

14 ഇഞ്ച് ഉയരവും മൃദുലമായ തൊലിയോടു കൂടിയതുമാണ് ഐന്‍സ്റ്റീന്‍ റോബോട്ടിന്‍റെ ശരീരഘടന. ആപ്പിള്‍, ആന്‍ഡ്രോയിഡ് ടാബ്‍ലെറ്റുകളിലൂടെ വൈഫൈ കണക്ട് ചെയ്താണ് റോബോട്ടിനെ നിയന്ത്രിക്കാന്‍ സാധിക്കുക. സ്മാര്‍ട്ട്ഫോണിലൂടെ സാധ്യമല്ല. ശാസ്ത്ര വിഷയങ്ങള്‍, കണക്ക് തുടങ്ങി എല്ലാ വിഷയങ്ങളും പഠിപ്പിക്കുകയും യൂസറിനെ ആനന്ദിപ്പിക്കുവാനും ഐന്‍സ്റ്റീന്‍ റോബോട്ട് റെഡിയാണ്. ചോദ്യം ചോദിക്കുന്നവരുടെ ശബ്ദം തിരിച്ചറിയുകയും മറുപടി നല്‍കുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനങ്ങളും സമകാലിക വിവരങ്ങളും റോബോട്ട് പറഞ്ഞു തരും. കൂടാതെ പ്രഗത്ഭരെ കുറിച്ചുള്ള വിഷയങ്ങളിലും റോബോട്ട് പിന്നിലല്ല.

യന്ത്രോപകരണ പ്രദര്‍ശനത്തിലെ ഒരുപാട് റോബോട്ടുകളില്‍ ഒന്നു മാത്രമാണ് ഐന്‍സ്റ്റീന്‍ റോബോട്ട്. വീട്ടുവളപ്പിലെ പുല്ലു വെട്ടാനായി ഒരു റോബോട്ട്, ഡ്രസ് മടക്കി വെക്കാന്‍ മറ്റൊരു റോബോട്ട് അങ്ങനെ ഒരുപാട് തരം റോബോട്ടുകള്‍ പ്രദര്‍ശനത്തിനുണ്ട്. സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് റോബോട്ടിനെ നിര്‍മിച്ചതെന്ന് ഹാന്‍സന്‍ ടെക്നോളജി ചീഫ് ഓഫീസറായ ആന്‍ഡി റിഫ്കിന്‍ പറഞ്ഞു.

ആളുകളെ മനസിലാക്കാന്‍, ഘടിപ്പിച്ച കാമറ റോബോട്ടിനെ സഹായിക്കുന്നു. മൂന്ന്- നാല് മണിക്കൂറാണ് ഐന്‍സ്റ്റീന്‍ റോബോട്ടിന്‍റെ ബാറ്ററി ലൈഫ്. വീണ്ടും ചാര്‍ജ് ചെയ്യാവുന്ന തരത്തിലാണ് റോബോട്ടിന്‍റെ കാലിനടിയിലെ ബാറ്ററി സജ്ജീകരിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ ഐന്‍സ്റ്റീന്‍ റോബോട്ട് പുറത്തിറക്കാനാണ് ഹാന്‍സന്‍ റോബോട്ടിക്സിന്‍റെ തീരുമാനം.

Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News