അമേരിക്കയുടെ എക്സ് 37ബി എന്ന 'വിചിത്ര' വിമാനം രഹസ്യങ്ങളുടെ പേടകം; എന്താണ് ആ രഹസ്യം ?
ഏതൊരു കാര്യങ്ങള്‍ക്കും രഹസ്യസ്വഭാവം പുലര്‍ത്തുന്ന ഭരണകൂടമാണ് അമേരിക്കയിലേത്.
ഏതൊരു കാര്യങ്ങള്‍ക്കും രഹസ്യസ്വഭാവം പുലര്‍ത്തുന്ന ഭരണകൂടമാണ് അമേരിക്കയിലേത്. ലോകത്ത് എവിടേക്കും ചാരക്കണ്ണുകള്‍ തൊടുക്കുന്നവര്‍. മൊബൈല്‍ഫോണും ടിവിയും ഇന്റര്‍നെറ്റും എന്നുവേണ്ട ഒട്ടുമിക്ക ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വഴിയും അവര്‍ നമ്മളെ നിരീക്ഷിച്ചുകൊണ്ടിരിക്കും. അതിര്‍ത്തികള്‍ തിരിച്ചിട്ടുള്ള ഭൂമിയിലെ കാര്യം ഇങ്ങനെ ആണെങ്കില്‍ ആകാശത്തെ കാര്യം പറയണോ ?
രണ്ടു വര്‍ഷത്തോളമായി അതീവ രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച് ബഹിരാകാശത്തുണ്ടായിരുന്ന അമേരിക്കയുടെ ഒരു പേടകമുണ്ട്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഒരു വിചിത്ര വിമാനം. എക്സ് 37ബി എന്നാണ് ഇതിന്റെ പേര്. രണ്ടു വര്‍ഷത്തെ നിഗൂഡ ദൌത്യം പൂര്‍ത്തിയാക്കി ഈ വിമാനം ഫ്ലോറിഡയില്‍ കഴിഞ്ഞ ദിവസം പറന്നിറങ്ങി. പൈലറ്റില്ലാ വിമാനങ്ങളുടെ ബഹിരാകാശ പേടക രൂപമാണ് എക്സ് 37ബി. 2015 മെയില്‍ ആരംഭിച്ച ദൌത്യമാണ് ഇതോടെ പൂര്‍ത്തിയായത്. ഇതേസമയം, ദൌത്യം പൂര്‍ത്തിയായെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. കാരണം എന്തായിരുന്നു ദൌത്യമെന്നും ലക്ഷ്യം പൂര്‍ത്തീകരിച്ചോയെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഔദ്യോഗിക തലത്തില്‍ നിന്നുള്ള ഉത്തരമില്ല. ഭ്രമണപഥത്തില്‍ ഏറ്റവും കൂടുതല്‍ സമയം (700 ദിവസം) ചെലവിട്ട ബഹിരാകാശ വിമാനം എന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് എക്സ് 37ബി പറന്നിറങ്ങിയത്. ബഹിരാകാശത്തെ വിവിധ പരീക്ഷണങ്ങള്‍ക്കുള്ള 'ഓര്‍ബിറ്റര്‍ ടെസ്റ്റ് വെഹിക്കിള്‍' ആയി 2010 ലാണ് എക്‌സ് 37ബി എന്ന പദ്ധതി നാസ ബഹിരാകാശത്തേക്ക് അയക്കുന്നത്. റോക്കറ്റിലാണ് വിക്ഷേപണം. തിരികെ വിമാനം പോലെ പറന്നിറങ്ങും.
പ്രഹരശേഷിയും കൃത്യതയുമുള്ള പുതിയ തരം ആയുധങ്ങള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് എക്സ് 37ബി ആകാശത്തേക്ക് അയച്ചതെന്നാണ് ഇതിന്റെ രഹസ്യത്തേക്കുറിച്ചുള്ള ഒരു അഭ്യൂഹം. ഇതേസമയം, ലോക രാഷ്ട്രങ്ങളെ മൊത്തമായും നിരീക്ഷിക്കുന്നതിന്റെ ഭാഗമാണിതെന്നും ഒരുകൂട്ടര്‍ പറയുന്നു. എന്നാല്‍ ചില സാങ്കേതിക പരീക്ഷണങ്ങള്‍ മാത്രമാണെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് എയര്‍ഫോഴ്‍സ് നല്‍കുന്ന ഉത്തരം.