ഇന്ത്യക്കാരന്റെ 'കുഞ്ഞന്‍' ഉപഗ്രഹം ജൂണ്‍ 21 ന് നാസ വിക്ഷേപിക്കും

Update: 2018-05-30 11:11 GMT
ഇന്ത്യക്കാരന്റെ 'കുഞ്ഞന്‍' ഉപഗ്രഹം ജൂണ്‍ 21 ന് നാസ വിക്ഷേപിക്കും
Advertising

3.8 സെന്റിമീറ്റര്‍ ക്യൂബിനുള്ളില്‍ ഒതുങ്ങുന്ന 64 ഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് റിഫാത്ത് വികസിപ്പിച്ചെടുത്തത്.

തമിഴ്‍നാടുകാരനായ റിഫാത്ത് ഷാരൂഖ് ചരിത്രത്തില്‍ ഇടം നേടാനൊരുങ്ങുകയാണ്. എങ്ങനെയാണന്നല്ലേ ? 18 കാരനായ റിഫാത്ത് ചില്ലറക്കാരനല്ല. റിഫാത്ത് നിര്‍മിച്ച ഉപഗ്രഹം നാസ വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ്. ഈ മാസം 21 ന് നാസ റിഫാത്തിന്റെ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കും. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി നിര്‍മിച്ച ഉപഗ്രഹം ലോകത്തിലെ തന്നെ ഏറ്റവും വലിയ ശാസ്ത്രസമൂഹമായ നാസ വിക്ഷേപിക്കുന്നത്. 3.8 സെന്റിമീറ്റര്‍ വലുപ്പമുള്ള ക്യൂബിനുള്ളില്‍ ഒതുങ്ങുന്ന 64 ഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് റിഫാത്ത് വികസിപ്പിച്ചെടുത്തത്.

തമിഴ്നാട്ടിലെ ഉള്‍നാടന്‍ ഗ്രാമമായ പല്ലപ്പട്ടി സ്വദേശിയായ ഈ പതിനെട്ടുകാരന്റെ 64 ഗ്രാം മാത്രം ഭാരമുള്ള ഈ ഉപഗ്രഹം വിക്ഷേപിക്കുന്നതോടെ ബഹിരാകാശ ചരിത്രത്തില്‍ റിഫാത്ത് എന്ന ഈ കൊച്ചു മിടുക്കന്‍ സ്വന്തം സ്ഥാനം നേടും‍. ജൂണ്‍ 21ന് വാലോപ്സ് ദ്വീപില്‍നിന്നു വിക്ഷേപിക്കുന്ന നാസയുടെ സൗണ്ടിങ് റോക്കറ്റാണ് കലാംസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു വിദ്യാര്‍ഥിയുടെ പരീക്ഷണം നാസ ഏറ്റെടുത്ത് ബഹിരാകാശത്ത് എത്തിക്കുന്നത്. നാസയും ഐ ഡൂഡിള്‍ ലേണിങും ചേര്‍ന്നു നടത്തിയ ക്യൂബ്സ് ഇന്‍ സ്പേസ് എന്ന മത്സരത്തില്‍നിന്നാണ് റിഫാത്തിന്റെ ഉപഗ്രഹം തെരഞ്ഞെടുക്കപ്പെട്ടത്. 64 ഗ്രാം ഭാരം വരുന്ന ഉപഗ്രഹത്തെ നാലു സെന്റിമീറ്റര്‍ മാത്രം വലുപ്പമുള്ള ക്യൂബിനുള്ളിലേക്ക് ഒതുക്കുക എന്നതായിരുന്നു ഈ മത്സരത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് റിഫാത്ത് പറയുന്നു. വിദേശത്തും സ്വദേശത്തുമുള്ള വസ്തുക്കള്‍ ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. 240 മിനിറ്റ് ദൈര്‍ഘ്യമുള്ള വിക്ഷേപണമായിരിക്കും ഇത്. ഉപഗ്രഹം സൂഷ്മ ഗുരുത്വകർഷണവലയത്തിൽ പ്രവർത്തിക്കുക പന്ത്രണ്ട് മിനിറ്റായിരിക്കും. 3D- പ്രിന്റഡ് കാർബൺ ഫൈബറിന്റെ പ്രവര്‍ത്തനം ബോധ്യപ്പെടുത്തുകയാണ് ഉപഗ്രഹത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഷാരൂഖ് വ്യക്തമാക്കി.

Similar News