ബുദ്ധിസവും റോബോട്ടും തമ്മിലെന്ത് ബന്ധം ?
ബുദ്ധിസവും റോബോട്ടുകളും തമ്മിലെന്താണ് ബന്ധം എന്ന് ചോദിച്ചാല്‍ ആരായാലും കൈമലര്‍ത്തും.
ബുദ്ധിസവും റോബോട്ടുകളും തമ്മിലെന്താണ് ബന്ധം എന്ന് ചോദിച്ചാല്‍ ആരായാലും കൈമലര്‍ത്തും. എന്നാല്‍ ബീജിങിലെ ലോംഗ്ച്വാന്‍ ബുദ്ധ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ഇതേക്കുറിച്ച് പറയാന് ചിലതുണ്ട്. അനുയായികളുടെ എണ്ണം വര്‍ധിപ്പിക്കാനായി പരമ്പരാഗത രീതികളുപേക്ഷിച്ച് റോബോട്ടിക്സില്‍ അഭയം തേടിയിരിക്കുകയാണ് ഇവിടത്തെ ബുദ്ധമത സന്യാസിമാര്‍.
മുണ്ഡനം ചെയ്ത തല, മഞ്ഞ വസ്ത്രം, ബുദ്ധമന്ത്രങ്ങളുടെ അകമ്പടി. ബീജിങ്ങിലെ ലോങ്ചാന്‍ ക്ഷേത്രത്തില്‍ സന്ദര്‍ശകരെ സ്വകരിക്കുന്ന ഷീയാനര്‍ എന്ന ഈ കൊച്ചുമിടുക്കന്‍ പക്ഷേ സന്യാസിയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ചോദ്യം ചോദിച്ചാല്‍ അതിനും ഷീയാനറിന് ഉത്തരമുണ്ട്. നെഞ്ചിലുറപ്പിച്ചിരിക്കുന്ന ചെറിയ ടച്ച് പാഡില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 20 ചോദ്യങ്ങക്കള്‍ക്കാണ് ഷീയാനര്‍ മറുപടി നല്കുക. ഇത് കൂടാതെ ഏഴു തരത്തിലുള്ള ചലനങ്ങളും ചക്രങ്ങളുപയോഗിച്ച് ഇവനു ചെയ്യാന്‍ കഴിയും. ബുദ്ധിസവും ശാസ്ത്രവും വിരുദ്ധകാര്യങ്ങളല്ല എന്നതിന് തെളിവാണ് ഷിയാനര്‍ എന്നാണ് സന്യാസിയായ ഷീഫാന്റെ പക്ഷം.
ഒരു ഐറ്റി കമ്പനിയും ചൈനീസ് യൂണിവേഴ്‌സിറ്റികളിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധരുമാണ് സന്യാസി റോബോട്ടിന്റെ പിറവിക്ക് പിന്നില്‍. തുടര്‍ന്ന് നിരവധി മേളകളില്‍ ഷീയാനറെ പ്രദര്‍ശിപ്പിച്ചു. നവമാധ്യമങ്ങളില്‍ ഷീയാനര്‍ താമരമായതോടെ നിരവധി പേരാണ് ബുദ്ധക്ഷേത്രത്തിലേക്ക് എത്തുന്നത്. ഒരു മൊബൈല്‍ മെസേജിംഗ് അക്കൗണ്ടു വഴി ധാരാളം ഫോളോവേഴ്‌സിനെ ഇതിനകം ഷീയാനര്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഷിയാനറുടെ പിന്‍ഗാമിയെയും ഉടന്‍ പ്രതീക്ഷിക്കാം. കൂടുതല്‍ പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയുന്ന പുതിയ മോഡല്‍ പണിപ്പുരയിലാണെന്ന് ലോംഗ്ച്വാന്‍ ക്ഷേത്രം അധികൃതര്‍ അറിയിച്ചു.