റെഡ്മി നോട്ട് 5 എത്തി; വിലയും പ്രത്യേകതകളും

Update: 2018-06-05 15:09 GMT
റെഡ്മി നോട്ട് 5 എത്തി; വിലയും പ്രത്യേകതകളും
Advertising

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‍മാര്‍ട്ട്ഫോണുകളിലൊന്നാണ് ഷിയോമിയുടെ റെഡ്മി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‍മാര്‍ട്ട്ഫോണുകളിലൊന്നാണ് ഷിയോമിയുടെ റെഡ്മി. ചൈനീസ് ആപ്പിള്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്തയുമായാണ് ഇന്ന് ഷിയോമി എത്തിയിരിക്കുന്നത്. ഏറെ ജനപ്രീതി നേടിയ റെഡ്മി നോട്ട് 4 ന്‍റെ പിന്‍മുറക്കാരന്‍ നോട്ട് 5 നെയാണ് ഷിയോമി ഇന്ന് അവതരിപ്പിച്ചിരിക്കുന്നത്. നോട്ട് 4 നേക്കാള്‍ കേമനായിട്ടാണ് നോട്ട് 5 ന്‍റെയും നോട്ട് 5 പ്രോയുടെയും വരവ്. വലുപ്പത്തിലും പ്രത്യേകതകളിലും നോട്ട് 5 അമ്പരപ്പിക്കും. നോട്ട് 5 ന്9999 രൂപ മുതല്‍ 11,999 രൂപ വരെയാണ് വില. നോട്ട് 5 പ്രോയ്ക്ക് 13,999 രൂപ മുതല്‍ 16,999 രൂപ വരെയാണ് വില.

നോട്ട് 5

ഡിസ്പ്ലേയുടെ വലുപ്പം തന്നെയാണ് നോട്ട് 5 ന്‍റെ പ്രധാന പ്രത്യേകത. 5.99 ഇഞ്ചാണ് ഡിസ്പ്ലേ വലുപ്പം. ഫുള്‍ എച്ച്ഡിയാണ് മിഴിവ്. സ്നാപ്ഡ‍്രാഗണ്‍ 625 പ്രൊസസറിലാണ് പ്രവര്‍ത്തനം. 3 ജിബി റാമില്‍ 32 ജിബി മെമ്മറി, 4 ജിബി റാമില്‍ 64 ജിബി മെമ്മറി എന്നിങ്ങനെ രണ്ടു വകഭേദങ്ങളാണ് നോട്ട് 5 നുള്ളത്. വേര്‍പെടുത്താന്‍ കഴിയാത്ത 4000mAh ശേഷിയുള്ള ബാറ്ററിയാണിതില്‍. കുറഞ്ഞത് രണ്ടു ദിവസമെങ്കിലും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം സംഭരിക്കാന്‍ ഈ ബാറ്ററിക്കാകും. ഇരട്ട എല്‍ഇഡി ഫ്ലാഷോട് കൂടിയ 12 എംപി പ്രധാന കാമറയും 5 എംപി മുന്‍കാമറയുമാണിതിലുള്ളത്. നോട്ട് 4 ന് സമാനമായി പ്രധാന കാമറയ്ക്ക് തൊട്ടുതാഴെയാണ് നോട്ട് 5 ന്‍റെയും ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍. കറുപ്പ്, ഗോള്‍ഡ്, ലേക്ക് ബ്ലൂ, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ നോട്ട് 5 ലഭ്യമാകും. 3 ജിബി റാമില്‍ 35 ജിബി മെമ്മറിയുള്ള വേരിയന്‍റിന് 9999 രൂപയും 4 ജിബി റാമില്‍ 64 ജിബി മെമ്മറിയുള്ള വേരിയന്‍റിന് 11,999 രൂപയുമാണ് വില.

നോട്ട് 5 പ്രോ

ഡിസ്പ്ലേ വലുപ്പം നോട്ട് 5 ന് തുല്യമാണ് പ്രോയിലും. കാമറ തന്നെയാണ് നോട്ട് 5 പ്രോയെ വ്യത്യസ്തനാക്കുന്നത്. ഡ്യൂവല്‍ കാമറയാണ് നോട്ട് 5 പ്രോയില്‍ റെഡ്മി അവതരിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം സെല്‍ഫി പ്രിയരെ ലക്ഷ്യമിട്ട് 20 എംപി മുന്‍ കാമറയും ഇതില്‍ ഒരുക്കിയിരിക്കുന്നു. 12 പ്രൈമറി സെന്‍സറും അഞ്ച് എംപി സെക്കന്‍ഡറി ലെന്‍സുമുള്ളതാണ് പ്രധാന കാമറ. 4ജിബി റാമും 64 ജിബി മെമ്മറിയുള്ള മോഡലും 6 ജിബി റാമും 64 ജിബി മെമ്മറിയുമുള്ള മറ്റൊരു മോഡലുമാണ് നോട്ട് 5 പ്രോയിലുള്ളത്. സ്നാപ്ഡ്രാഗണ്‍ 636, ഒക്ടാകോറാണ് രണ്ടിന്‍റെയും പ്രൊസസര്‍. 4 ജിബി റാം 64 ജിബി മെമ്മറി വേരിയന്‍റിന് 13,999 രൂപയും 6 ജിബി റാം 64 ജിബി മെമ്മറി വേരിയന്‍റിന് 16,999 രൂപയുമാണ് വില.

Similar News