വാട്സാപില്‍ ഇനി പലതും ഗ്രൂപ്പ് അഡ്മിന്‍ തീരുമാനിക്കും; പുതിയ മാറ്റവുമായി വാട്സാപ്
ഗ്രൂപ്പ് സംഭാഷണങ്ങളിൽ മറ്റു അംഗങ്ങളേക്കാൾ അഡ്മിൻമാർക്ക് കൂടുതൽ മുന്‍തൂക്കം നല്‍കുന്നതാണ് ഈ പുതിയ സവിശേഷത.
ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ അധികാരം നല്‍കുന്ന പുതിയ മാറ്റവുമായി വാട്സാപ്. ഗ്രൂപ്പ് സംഭാഷണങ്ങളിൽ മറ്റു അംഗങ്ങളേക്കാൾ അഡ്മിൻമാർക്ക് കൂടുതൽ മുന്‍തൂക്കം നല്‍കുന്നതാണ് ഈ പുതിയ സവിശേഷത.
ഏതൊക്കെ അംഗങ്ങൾക്ക് ഗ്രൂപ്പിൽ മെസേജ് അയക്കാമെന്ന് അഡ്മിന് തീരുമാനിക്കാം. ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, ഓഡിയോ, ജിഫ് മെസേജുകൾക്ക് എല്ലാം ഇത് ബാധകമാണ്. അംഗങ്ങൾക്ക് മെസേജ് അയക്കുന്നതിൽ മാത്രമേ അഡ്മിന് നിയന്ത്രണം ഏർപ്പെടുത്താന്‍ സാധിക്കുക. അംഗങ്ങള്‍ക്ക് ഗ്രൂപ്പിൽ വരുന്ന എല്ലാ മെസേജുകൾ കാണാനും അതിനോട് പ്രതികരിക്കാനും സാധിക്കും. പക്ഷേ പ്രതികരണം അഡ്മിൻ മാത്രമേ കാണൂ. അതിനായി മെസേജ് അഡ്മിൻ എന്ന ഓപ്ഷനാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഇതിനായി അഡ്മിൻമാർ ചെയ്യേണ്ടത് ഇതാണ്. വാട്സാപിൽ ഗ്രൂപ്പ് ഇൻഫോയിൽ 'ഗ്രൂപ്പ് സെറ്റിങ്സിൽ' 'സെന്റ് മെസേജസിൽ' ക്ലിക്ക് ചെയ്യുക. ഐഓഎസിലും ആൻഡ്രോയിഡിലും ഇത് ലഭ്യമാണ്. ഇവിടെ, 'ഓൾ പാർടിസിപ്പന്റ്സ്', 'ഒൺലി അഡ്മിൻസ്' എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ കാണാം. ആദ്യത്തേതിൽ ക്ലിക്ക് ചെയ്യുകയാണെങ്കിൽ നേരത്തെ ഉണ്ടായിരുന്നതുപോലെ തന്നെ എല്ലാവർക്കും ഗ്രൂപ്പിൽ മെസേജ് ചെയ്യാനാകും. എന്നാൽ രണ്ടാമത്തെ ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അഡ്മിന്‍മാർക്ക് മാത്രമേ മെസേജ് ചെയ്യാനാകൂ. ഒപ്പം ഏതെങ്കിലും ഗ്രൂപ്പ് അംഗത്തിന് മെസേജ് ചെയ്യണമെന്നുണ്ടെങ്കിൽ അഡ്മിന്‍ അയാളെക്കൂടി അഡ്മിൻ ആക്കണം.