സക്കര്‍ബര്‍ഗിന്‍റെ കസേര തെറിക്കുമോ? സി.ഇ.ഒ സ്ഥാനം രാജി വെക്കണമെന്ന ആവശ്യവുമായി നിക്ഷേപകര്‍
ഫെയ്സ്ബുക്ക് സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗിന് വീണ്ടും അഗ്നിപരീക്ഷ. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിന്‍റെ പേരില്‍ ശക്തമായ വിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് ഫെയ്സ്ബുക്ക് സ്ഥാപകന് അടുത്ത ഭീഷണി. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനം സക്കര്‍ബര്‍ഗ് രാജി വെക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ നിക്ഷേപകര്‍.
നേരത്തെ, കമ്പനിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ ചെറുക്കുന്നതിനും എതിരാളിക്ള്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കാനും ഫെയ്സ്ബുക്ക് ഒരു പി.ആര്‍ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സക്കര്‍ബര്‍ഗ് സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി മറ്റു നിക്ഷേപകര്‍ രംഗത്ത് വന്നിരിക്കുന്നത്.
മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫെയ്സ്ബുക്കിന്‍റെ ചെയര്‍മാന്‍ സ്ഥാനവും സി.ഇ.ഒ സ്ഥാനവും ഒന്നിച്ച് കയ്യാളുന്നത് ശരിയല്ലെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു.
ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കം കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയത് മൂലമുണ്ടായ വിവാദത്തിന് പിന്നാലെയുണ്ടായ നിരവധി വിവര ചോര്‍ച്ചാ സംഭവങ്ങളും കമ്പനിക്കെതിരെ നിരവധി രാജ്യങ്ങളിലുണ്ടായ നിയമ നടപടികളും സക്കര്‍ബര്‍ഗിന്‍റെ നേതൃ പാടവത്തെ സംശയത്തിന്‍റെ നിഴലിലാക്കിയിരുന്നു.