ഇന്ത്യയില്‍ 500 സ്‌റ്റോറുകള്‍ തുറക്കാനൊരുങ്ങി ഷവോമി 

ഓണ്‍ലൈന് പുറമെ ഓഫ് ലൈനിലൂടെയും തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാനൊരുങ്ങി പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. 

Update: 2018-11-21 06:34 GMT
Advertising

ഓണ്‍ലൈന് പുറമെ ഓഫ് ലൈനിലൂടെയും തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാനൊരുങ്ങി പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. ഇന്ത്യയില്‍ 500 സ്‌റ്റോറുകള്‍ തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. രാജ്യത്തെ 14 സംസ്ഥാനങ്ങളിലായാണ് ഷവോമി ഷോപ്പുകള്‍ തുറക്കുന്നത്. ഇന്റര്‍നെറ്റ് സൗകര്യം അത്ര എത്തിയിട്ടില്ലാത്ത ഗ്രാമപ്രദേശങ്ങളെയും അവിടുത്തെ ഉപഭോക്താക്കളെയുമാണ് ഷവോമി ഇത്തരം ഷോപ്പുകളിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

ഇന്ത്യയില്‍ ഈ മാസം 29ന് എല്ലാ ഷോപ്പുകളും ഒരോ സമയം ഉദ്ഘാടനം ചെയ്യുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇത്തരത്തില്‍ ഒരേ സമയം ലോകത്തില്‍ ഏറ്റവും കൂടുതല്‍ റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കുന്നു എന്ന നേട്ടവും ഷവോമിക്കാണ്. 300 സ്‌ക്വയര്‍ഫീറ്റാവും ഓരോ ഷോപ്പിനുമുണ്ടാവുക. ഷവോമിയുടെ ഹോം സ്റ്റോര്‍ മാതൃകയിലാവും ഓരോന്നും. 2019 അവസാനത്തോടെ ഇന്ത്യയിലൊന്നാകെ 5,000 ഷോപ്പുകള്‍ തുറക്കാനും കമ്പനി ആലോചിക്കുന്നു.

നിലവില്‍ ഓണ്‍ലൈന്‍ രംഗത്തും ഷവോമിയുടെ മുന്നേറ്റമാണ്. ഫ്ളിപ്പ് കാര്‍ട്ടിലൂടെയും ആമസോണിലൂടെയും മറ്റും നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി മോഡലുകളാണ് വിറ്റുപോകുന്നത്. പുറമെ കമ്പനി പ്രത്യേക ദിവസങ്ങളില്‍ പ്രഖ്യാപിക്കുന്ന ഓഫറുകള്‍ വേറെയും. അടുത്തിടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ബ്രാന്‍ഡ് ഷവോമിയുടെതാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ലോകത്ത് മുന്നിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായ ഇന്ത്യയിലേക്കും സ്റ്റോറുകള്‍ തുറന്ന് ഷവോമിയുടെ കടന്നുവരവ്.

Tags:    

Similar News