ഇനി ആശങ്ക വേണ്ട, കുട്ടികളുടെ യൂട്യൂബ് ഉപയോഗം രക്ഷിതാക്കൾക്ക് ലൈവായി നിരീക്ഷിക്കാം; പുത്തൻ ഫീച്ചറുകളുമായി 'ഫാമിലി സെന്റർ'
ഈ ആഴ്ചയോടെ എല്ലാ രാജ്യങ്ങളിലും പുതിയ ഫീച്ചർ ലഭ്യമാക്കുമെന്ന് യൂട്യൂബ് അറിയിച്ചു
ന്യൂഡൽഹി: കുട്ടികളുടെ സ്വഭാവ വികസനത്തേയും മാനസികാരോഗ്യത്തേയും സാരമായി ബാധിക്കാനിടയുള്ള ഓൺലൈനിലെ അപകടകരമായ കണ്ടന്റുകൾ നിയന്ത്രിക്കാനുള്ള പലവിധ ശ്രമങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ നടത്തിവരുന്നുണ്ട്. ഇപ്പോഴിതാ കൗമാരക്കാരായ കുട്ടികളുടെ യൂട്യൂബ് ഉപയോഗത്തിൽ രക്ഷിതാക്കളുടെ മേൽനോട്ടം ഉറപ്പാക്കുന്നതിനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്.
യുട്യൂബിൽ നമ്മുടെ കുട്ടികൾ എന്തൊക്കെ കാണുന്നുണ്ട്? എന്തൊക്കെ കേൾക്കുന്നുണ്ട്?. ഈ ചോദ്യത്തിന് അറിയില്ല എന്ന മറുപടിയായിരുന്നു നമ്മൾ ഇതുവരെ പറഞ്ഞത്. എന്നാൽ ഇനി അങ്ങനെയല്ല. കഴിഞ്ഞ ദിവസങ്ങളിൽ യുട്യൂബ് അവതരിപ്പിച്ച കിടിലൻ ഫീച്ചറാണ് ഇതിനു പിന്നിൽ. കുട്ടികളുടെ അക്കൗണ്ടുകൾ രക്ഷിതാക്കൾക്കും നിരീക്ഷിക്കാൻ സാധിക്കുന്ന ഫീച്ചറാണ് ഏറ്റവുമൊടുവിൽ യുട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. 'ഫാമിലി സെന്റർ' എന്ന പേരിൽ അവതരിപ്പിച്ച ഫീച്ചറിലൂടെ കുട്ടികളുടെ യുട്യൂബ് അക്കൗണ്ടുകൾ തങ്ങളുടെ യുട്യൂബ് അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ രക്ഷിതാക്കൾക്ക് കഴിയും.
കുട്ടികൾ ഉപയോഗിക്കുന്ന യുട്യൂബ് അക്കൗണ്ടിന്റെ നോട്ടിഫിക്കേഷനുൾപ്പെടെ മാതാപിതാക്കൾക്കും ലഭ്യമാകും. കുട്ടികൾ യൂട്യൂബിൽ എന്തെല്ലാം കാണുന്നു, എത്ര വിഡിയോകൾ അപ്‌ലോഡ് ചെയ്യുന്നു, ഏതെല്ലാം ചാനലുകൾ സബ്സ്‌ക്രൈബ് ചെയ്തിട്ടുണ്ട്, പോസ്റ്റ് ചെയ്യുന്ന കമന്റുകൾ ഉൾപ്പടെയുള്ള വിവരങ്ങൾ രക്ഷിതാക്കൾക്ക് അറിയാൻ കഴിയും. കുട്ടികൾ വിഡിയോ അപ്ലോഡ് ചെയ്യുമ്പോഴും സ്ട്രീമിങ് ആരംഭിക്കുമ്പോഴും ഇമെയിൽ വഴി രക്ഷിതാക്കൾക്ക് സന്ദേശമെത്തും.
ഈ ആഴ്ചയോടെ എല്ലാ രാജ്യങ്ങളിലും പുതിയ ഫീച്ചർ ലഭ്യമാക്കുമെന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്. ഉത്തരവാദിത്തത്തോടെയുള്ള യൂട്യൂബ് ഉപയോഗത്തിനായി കുട്ടികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ രക്ഷിതാക്കളെ പ്രാപ്തമാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. വിദഗ്ദരുമായി സഹകരിച്ചാണ് പുതിയ ഫീച്ചർ തയാറാക്കിയിരിക്കുന്നത്.
ഗുണകരമായ കണ്ടന്റുകൾ ഉപയോഗിക്കുന്നതിനും സൃഷ്ടിക്കുന്നതിനും കുട്ടികൾക്ക് പ്രോത്സാഹനം നൽകാനും മാതാപിതാക്കളെ ഇത് സഹായിക്കും. കൗമാരക്കാരായ ഉപഭോക്താക്കൾക്കുള്ള റെക്കമന്റേഷനുകൾ നിയന്ത്രിക്കുന്നതടക്കം നിരവധി സുരക്ഷാ ഫീച്ചർ വഴി കുട്ടികളുടെ ഓൺലൈൻ സാന്നിധ്യത്തിൽ ഒപ്പം നിൽക്കാനും വഴികാണിക്കാനും രക്ഷിതാക്കൾക്ക് സാധിക്കും.
യൂട്യൂബിന്റെ കിഡ്‌സ് എന്ന വിഭാഗത്തിൽ പ്രതിമാസം 10 കോടിയിലധികം ലോഗിന്നും ലോഗൗട്ടുമാണ് രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചർ മികച്ച രീതിയിൽ ഉപയോഗപ്രദമാകും എന്ന ഉറച്ച വിശ്വാസത്തിലാണ് കമ്പനി. ഉപയോക്താക്കളുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച് യൂട്യൂബ് നേരത്തേയും നിരവധി ഫീച്ചറുകൾ അവതരിപ്പിരുന്നു. ലോക്ക് സ്‌ക്രീൻ, ലൈവ് ആനിമേഷൻ, സ്പീഡ് ഇൻക്രീസർ തുടങ്ങിയവയൊക്കെ യൂട്യൂബ് മുമ്പേ അവതരിപ്പിച്ച സുപ്രധാനമായ ഫീച്ചറുകളായിരുന്നു.