കൊടകര കുഴൽപ്പണക്കേസ്: ബി.ജെ.പി സംസ്ഥാന നേതാക്കള്‍ ചോദ്യം ചെയ്യാന്‍ ഹാജരായില്ല
ബിജെപി ജനറൽ സെക്രട്ടറി എം ഗണേശനോടും സംസ്ഥാന ഓഫീസ് സെക്രട്ടറി ഗീരിഷിനോടും ആണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്
കൊടകര കുഴൽപ്പണ കേസിൽ ചോദ്യം ചെയ്യലിന് ബിജെപി നേതാക്കൾ ഇന്ന് ഹാജരാകില്ല. അസൗകര്യം ഉള്ളതിനാൽ ഹാജരാകാനാകില്ലെന്ന് നേതാക്കൾ അന്വേഷണ സംഘത്തെ അറിയിച്ചു. സംഘടന ജനറൽ സെക്രട്ടറി എം ഗണേശനോടും സംസ്ഥാന ഓഫീസ് സെക്രട്ടറി ഗീരിഷിനോടുമാണ് ഇന്ന് ഹാജരാകാന്‍ അന്വേഷണ സംഘം അറിയിച്ചിരുന്നത്. കേസില്‍ അന്വേഷണം ബിജെപി സംസ്ഥാന നേതാക്കളിലേക്ക് നീളുകയാണ് ഇപ്പോള്‍.
തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെ. ആർ ഹരി, ട്രഷറർ സുജയ് സേനൻ ബി.ജെ.പി മേഖലാ സെക്രട്ടറി കാശിനാഥൻ എന്നിവർക്ക് പിന്നാലെയാണ് സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യുന്നത് . പണം കൊണ്ടുവന്നത് ആര്‍ക്കാണെന്ന് സ്ഥിരീകരിക്കാനായാണ് ചോദ്യം ചെയ്യൽ. തെരഞ്ഞെടുപ്പ് ഫണ്ട് വന്ന വിവരം അറിയില്ലെന്നും കവർച്ച കേസിലെ പ്രതികളെ അറിയില്ലെന്നും ബി.ജെ.പി ജില്ലാ നേതാക്കൾ ഇന്നലെ മൊഴി നൽകിയിരുന്നു. വെറുമൊരു കവര്‍ച്ചാ കേസ് എന്നതില്‍ നിന്ന് കൊടകര പണം കവര്‍ച്ചാ കേസിന്‍റെ ചങ്ങല ബിജെപി, ആര്‍എസ്എസ് നേതാക്കളിലേക്ക് കൂടുതല്‍ കൂടുതല്‍ നീണ്ടു കൊണ്ടിരിക്കുകയാണ്.
ഏപ്രില്‍ 3 ആണ് സംഭവമുണ്ടാകുന്നത്. ഇത് കേരളത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ഫണ്ടായി ബിജെപി എത്തിച്ച പണമാണെന്ന് സിപിഎമ്മും കോണ്‍ഗ്രസ്സും അപ്പോള്‍ തന്നെ ആരോപണമുയര്‍ത്തിയിരുന്നു. തുടക്കത്തില്‍ കവര്‍ച്ചയുമായി ബന്ധപ്പെട്ട് മാത്രമാണ് അന്വേഷണം നടന്നിരുന്നത്. നിലവില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബിജെപിയുടെ സംസ്ഥാന നേതാക്കളിലേക്കാണ് ഇപ്പോള്‍ അന്വേഷണം നീണ്ടിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംഘടന ജനറൽ സെക്രട്ടറി എം ഗണേശനെയും സംസ്ഥാന ഓഫീസ് സെക്രട്ടറി ഗീരിഷിനെയും ചോദ്യം ചെയ്യലിനായി അന്വേഷണം സംഘം വിളിപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം പണം നഷ്ടപ്പെട്ട വാഹനത്തിന്‍റെ ഉടമയും കോഴിക്കോട് സ്വദേശിയും ആര്‍എസ്എസ് നേതാവുമായ ധര്‍മരാജനെയും യുവ മോര്‍ച്ചയുടെ മുന്‍ സംസ്ഥാന നേതാവ് സുനില്‍ നായിക്കിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ആദ്യഘട്ടത്തില്‍ 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത് എന്നായിരുന്നു ധര്‍മരാജന്‍റെ ഡ്രൈവര്‍ നല്‍കിയിരുന്ന പരാതി. എന്നാല്‍ അന്വേഷണം പുരോഗമിച്ചപ്പോള്‍ അതില്‍ കൂടുതല്‍ തുകയാണ് നഷ്ടപ്പെട്ടതെന്ന് പോലീസിന് മനസ്സിലാകുകയായിരുന്നു. ഈ നിഗമനത്തെ ശരിവെക്കുന്ന വിവരങ്ങളാണ് ധര്‍മരാജനില്‍ നിന്നും സുനില്‍ നായിക്കില്‍ നിന്നും ലഭിച്ചത്. മൂന്നര കോടി രൂപയാണ് വാഹനത്തിലുണ്ടായിരുന്നത്. ഈ തുക സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണ് എന്നും ഇവര്‍ സമ്മതിച്ചു. പക്ഷേ പണം കൊടുത്ത് വിട്ടത് ആരാണ് എന്ന് കാര്യത്തില്‍ സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് പണം കടത്തിയത്, എവിടേക്കാണ് പണം കടത്തിയത് എന്ന രണ്ടുകാര്യങ്ങളാണ് ഇനി കണ്ടെത്താനുള്ളത്.