തിരുവനന്തപുരത്ത് സ്വാധീനമുറപ്പിക്കാന്‍ കരുനീക്കങ്ങളുമായി യു.ഡി.എഫ്
എ.ഐ.സി.സി നിരീക്ഷകന്‍ നാന പട്ടോള്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് ഏകോപന രംഗത്ത് സജീവമാകും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം കൂടി ആകുന്നതോടെ മുന്‍തൂക്കം ലഭിക്കുമെന്നാണ് യു.ഡി.എഫിന്‍റെ കണക്ക് കൂട്ടല്‍.
ഹൈക്കമാന്‍ഡ് ഇടപെടലോടെ തിരുവനന്തപുരത്തെ യു.ഡി.എഫ് ക്യാമ്പ് സജീവമായി. എ.ഐ.സി.സി നിരീക്ഷകന്‍ നാന പട്ടോള്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് ഏകോപന രംഗത്ത് സജീവമാകും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം കൂടി ആകുന്നതോടെ മുന്‍തൂക്കം ലഭിക്കുമെന്നാണ് യു.ഡി.എഫിന്‍റെ കണക്ക് കൂട്ടല്‍.
ആവനാഴിയിലെ എല്ലാ ആയുധങ്ങളുമെടുത്ത് ബി.ജെ.പി പോരാട്ടം കാഴ്ചവെക്കുന്ന തിരുവനന്തപുരത്ത് സ്വന്തം ക്യാമ്പിലെ പ്രശ്നങ്ങളായിരുന്നു കോണ്‍ഗ്രസിനെ പിന്നോട്ടടിച്ചത്. പരാതി ഉയരുകയും ഹൈക്കമാന്‍ഡ് തലത്തില്‍ തന്നെ ഇടപെടല്‍ ഉണ്ടാവുകയും ചെയ്തതോടെ കോണ്‍ഗ്രസ് പ്രചാരണ പരിപാടികള്‍ സജീവമായി. പ്രചാരണം മന്ദഗതിയിലായ ബൂത്തുകളില്‍ ഇടപെടലിന് നേതാക്കളെ നിയോഗിച്ചു. കുടുംബ യോഗങ്ങള്‍ വ്യാപകമാക്കാനും പ്രചാരണ പരിപാടികളില്‍ മുന്നിട്ട് നില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. എ.ഐ.സി.സി പ്രത്യേക നിരീക്ഷകന്‍ നാന പട്ടോള്‍ ഇന്ന് വിവിധ യോഗങ്ങളില്‍ പങ്കെടുത്ത് പ്രചാരണം വിലയിരുത്തും. പുതിയ തന്ത്രങ്ങള്‍ക്കും രൂപം നല്‍കും.
20ന് എ.കെ ആന്‍റണി നടത്തുന്ന തീരദേശ റോഡ് ഷോ കൂടി ആകുന്നതോടെ മണ്ഡലത്തില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുമ്മനം രാജശേഖരന്‍റെ വ്യക്തിത്വം ബി.ജെ.പി പ്രചാരണ ആയുധമാക്കുന്ന സാഹചര്യത്തില്‍ കുമ്മനത്തിന്‍റെ ഹിന്ദുത്വ രാഷ്ട്രീയ ഇടപെടലുകള്‍ വിമര്‍ശന വിധേയമാക്കി നിക്ഷ്പക്ഷ വോട്ടുകളെ സ്വാധീനിക്കാനുള്ള ശ്രമവും നടത്തും. വിജയം എന്നതില്‍ നിന്ന് മികച്ച ഭൂരിപക്ഷത്തിലുള്ള വിജയം എന്ന രീതിയിലേക്ക് യു.ഡി.എഫ് തന്ത്രം മാറി എന്ന സൂചനയാണ് യു.ഡി.എഫ് ക്യാമ്പ് നല്‍കുന്നത്.