വോട്ടിങ് മെഷിനീല്‍ ക്രമക്കേടെന്ന് ആരോപണം ഉന്നയിച്ച യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം സ്വദേശി എബിന്‍ എന്ന യുവാവാണ് അറസ്റ്റിലായത്.
തിരുവനന്തപുരം പട്ടത്ത് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപണം ഉന്നയിച്ച ആള്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി എബിനാണ് അറസ്റ്റിലായത്. പരാതി ഉന്നയിക്കുന്നവര്‍ അത് തെളിയിക്കണമെന്നും ഇല്ലെങ്കില്‍ നടപടി നേരിടേണ്ടിവരുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസ് എടുത്തത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
തിരുവനന്തപുരത്ത് പല പോളിങ് സ്റ്റേഷനുകളിലും ആദ്യ മണിക്കൂറുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലാകുന്ന സാഹചര്യമുണ്ടായിരുന്നു. പട്ടത്ത് വോട്ട് ചെയ്ത തിരുവനന്തപുരം സ്വദേശി എബിനാണ് വോട്ടിങ് യന്ത്രത്തെക്കുറിച്ച് ആരോപണം ഉന്നയിച്ചത്. തന്‍റെ വോട്ട് മറ്റൊരു സ്ഥാനാര്‍ഥിക്ക് പോകുന്നുവെന്നായിരുന്നു എബിന്റെ പരാതി. ഇതേ തുടര്‍ന്ന് ടെസ്റ്റ് റണ്‍ നടത്തിയപ്പോള്‍ വോട്ടിങ് ശരിയായി. തുടര്‍ന്നാണ് എബിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
കമ്മീഷന്റെ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. പരാതിക്കാരന്‍ തന്നെ പിഴവ് തെളിയിക്കണമെന്ന് എങ്ങനെ പറയാനാകുമെന്ന് ചെന്നിത്തല ചോദിച്ചു. സാങ്കേതിക പ്രശ്നങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനു പകരം പരാതിക്കാരനെ ക്രൂശിക്കുന്ന നടപടിയാണു കമ്മിഷന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമെല്ലന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.