ശശി തരൂരിന്റെ കലാശക്കൊട്ടിന് കോൺഗ്രസ് നേതാക്കൾ ഒരുമിച്ച് തലസ്ഥാനത്ത്
തിരുവനന്തപുരത്തെ പോരാട്ടത്തെ യു.ഡി.എഫ് ക്യാമ്പ് എത്രത്തോളം ഗൗരവമായി എടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് പരസ്യപ്രചാരണം അവസാനിക്കുന്ന അവസാന ദിവസത്തെ സന്നാഹം
തിരുവനന്തപുരം യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂരിന്റെ കലാശക്കൊട്ടിന് സംസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാക്കൾ ഒരുമിച്ച് തലസ്ഥാനത്ത്. എ.കെ ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ തിരുവനന്തപുരം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ റോഡ് ഷോ നടത്തിയാണ് തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് പ്രചരണത്തിന് സമാപനം കുറിക്കുക.
തിരുവനന്തപുരത്തെ പോരാട്ടത്തെ യു.ഡി.എഫ് ക്യാമ്പ് എത്രത്തോളം ഗൗരവമായി എടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് പരസ്യപ്രചാരണം അവസാനിക്കുന്ന അവസാന ദിവസത്തെ സന്നാഹം. സംസ്ഥാനത്തെ കോൺഗ്രസിൻറെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളായ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇന്ന് തരൂരിന്‍റെ പ്രചാരണത്തിനായി തലസ്ഥാനത്തുണ്ട്.
ഉമ്മൻചാണ്ടി രാവിലെ ഒമ്പതരയ്ക്ക് പൊഴിയൂർ മുതൽ പൂന്തുറ വരെയുള്ള തീരദേശ പ്രദേശങ്ങളിൽ റോഡ് ഷോ നടത്തും പള്ളിത്തുറ മുതൽ പൂന്തുറ വരെയുള്ള പ്രദേശങ്ങളിൽ എ.കെ ആൻറണി വൈകിട്ട് നാലിനാണ് റോഡ് ഷോ നടത്തുന്നത്. കോൺഗ്രസ് സ്വാധീന മേഖലകളായ തീരപ്രദേശങ്ങളിൽ കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ ഉൾപ്പെടെയുള്ളവരെ ഇറക്കി ബി.ജെ.പി നടത്തിയ പ്രചരണത്തെ മറികടക്കാനാണ് പ്രധാന നേതാക്കളെ തന്നെ കോൺഗ്രസ് രംഗത്തിറക്കിയത്.
നഗരപ്രദേശത്ത് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് റോഡ് ഷോ നടക്കുക. കണ്ണമ്മൂല മുതൽ അമ്പലമുക്ക് വഴിയുള്ള പ്രദേശങ്ങളിൽ വൈകിട്ട് മൂന്നിനാണ് ചെന്നിത്തലയുടെ പര്യടനം. ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളി മറികടന്ന് കോൺഗ്രസ് വിജയം ഉറപ്പു വരുത്താതാനാണ് നേതാക്കളുടെ കൂട്ടായ സാന്നിധ്യത്തിലൂടെ യു.ഡി.എഫ് ക്യാമ്പ് ലക്ഷ്യമിടുന്നത്.