അറബ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ കയറ്റുമതി; ബ്രസീലിനെ കടത്തിവെട്ടി ഇന്ത്യ

15 വർഷത്തിനിടെ ആദ്യമായാണ് കയറ്റുമതിയിൽ ബ്രസീൽ രണ്ടാം സ്ഥാനത്താകുന്നത്

Update: 2021-12-07 16:27 GMT
Editor : abs
Advertising

ന്യൂഡൽഹി: അറബ് ലീഗ് രാഷ്ട്രങ്ങളിലേക്ക് ഏറ്റവും കൂടുതൽ ഭക്ഷ്യോത്പന്നങ്ങൾ കയറ്റുമതി ചെയ്ത രാഷ്ട്രമായി ഇന്ത്യ. ബ്രസീലിനെ മറികടന്നാണ് ഇന്ത്യ ഒന്നാമതെത്തിയത്. 15 വർഷത്തിനിടെ ആദ്യമായാണ് കയറ്റുമതിയിൽ ബ്രസീൽ രണ്ടാം സ്ഥാനത്താകുന്നത്. അറബ്-ബ്രസീൽ ചേംബർ ഓഫ് കൊമേഴ്‌സ് ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

കോവിഡ് മഹാമാരിയെ തുടർന്നുള്ള അനിശ്ചിതത്വങ്ങളാണ് ബ്രസീലിന് തിരിച്ചടിയായത്. ഭൂമി ശാസ്ത്രപരമായ ദൂരം വ്യാപാരത്തെ ഏറെ ബാധിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം അറബ് ലീഗിലെ 22 രാഷ്ട്രങ്ങളിലേക്ക് ഇറക്കുമതി ചെയ്ത കാർഷിക വ്യാപാര ഉത്പന്നങ്ങളിൽ 8.15 ശതമാനമാണ് ബ്രസീലിന്റേത്. ഇന്ത്യയുടേത് 8.25 ശതമാനവും.

കോവിഡിന് മുമ്പ് സൗദി അറേബ്യയിലേക്കുള്ള ബ്രസീലിയൻ ചരക്കുകപ്പൽ എത്താൻ 30 ദിവസത്തെ സമയമാണ് എടുത്തിരുന്നത് എങ്കിൽ ഇപ്പോഴത് 60 ദിവസമാണ് എന്ന് ചേംബർ പറയുന്നു. ഇന്ത്യയിൽ നിന്ന് ഒരാഴ്ചക്കുള്ളിൽ പഴം, പച്ചക്കറികൾ, പഞ്ചസാര, ഇറച്ചി, ധാന്യങ്ങൾ എന്നിവ എത്തിക്കാനാകും.

കഴിഞ്ഞവർഷം അറബ് ലീഗ് രാഷ്ട്രങ്ങളിലേക്കുള്ള ബ്രസീലിന്റെ കാർഷികോത്പന്നങ്ങളുടെ കയറ്റുമതിയിൽ 1.4 ശതമാനം വർധന മാത്രമാണ് രേഖപ്പെടുത്തിയത്. ഭക്ഷ്യ കയറ്റുമതി വർധിപ്പിക്കാൻ കോവിഡ് കാലത്ത് ചൈന നടത്തിയ ശ്രമങ്ങളും ബ്രസീലിന് തിരിച്ചടിയായി.

Tags:    

Writer - abs

contributor

Editor - abs

contributor

Similar News