തൃശൂർ പൂരത്തിനിടെ മരം വീണ് അപകടം; രണ്ട് പേർ മരിച്ചു
തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യത്തിനിടെയാണ് രാത്രി 12.20-ഓടെ ബ്രഹ്‌മസ്വം മഠത്തിന് സമീപം അപകടമുണ്ടായത്. പഞ്ചവാദ്യസംഘത്തിന് മുകളിലേക്ക് വൈദ്യുത ലൈനിനു മുകളിലൂടെ സമീപത്തെ ആലിന്റെ ശിഖരം പൊട്ടിവീഴുകയായിരുന്നു.
തൃശൂർ പൂരം ചടങ്ങുകള്‍ക്കിടെ മരച്ചില്ല പൊട്ടിവീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. തിരുവമ്പാടി പൂരാഘോഷ കമ്മിറ്റി അംഗങ്ങളായ അംഗങ്ങളായ രമേശ്, പന്നിയത്ത് രാധാകൃഷ്ണൻ എന്നിവരാണ് മരണപ്പെട്ടത്. 25 പേരെ പരിക്കുകളോടെ മെഡിക്കൽ കോളേജിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തിരുവമ്പാടി മഠത്തിൽ വരവിനിടെ ആൽക്കൊമ്പ് പൊട്ടിവീണാണ് അപകടമുണ്ടായത്.
തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യത്തിനിടെയാണ് രാത്രി പന്ത്രണ്ടരയോടെ ബ്രഹ്‌മസ്വം മഠത്തിന് സമീപം അപകടമുണ്ടായത്. പഞ്ചവാദ്യസംഘത്തിന് മുകളിലേക്ക് വൈദ്യുത ലൈനിനു മുകളിലൂടെ സമീപത്തെ ആലിന്റെ ശിഖരം പൊട്ടിവീഴുകയായിരുന്നു. ബഹളത്തിനിടെ ആന വിരണ്ടോടിയെങ്കിലും സ്ഥിതിഗതികൾ അൽപസമയത്തിനുള്ളിൽ തന്നെ നിയന്ത്രണ വിധേയമാക്കാനായി. ആൾക്കൂട്ടം കുറവായതിനാലും വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാലും വൻദുരന്തം ഒഴിവായി.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് പൂരം ചടങ്ങുകൾ മാത്രമായി നടത്തിയേക്കും. വെടിമരുന്നുകൾ പുലർച്ചയോടെ പൊട്ടിച്ച് നശിപ്പിച്ചു. കുഴിയിൽ നിന്ന് മരുന്നുകൾ നീക്കം ചെയ്യുന്നത് അപകടമായതിനാലാണ് തീകൊടുത്ത് നശിപ്പിക്കാൻ തീരുമാനിച്ചത്.