കോവിഡ് നിയന്ത്രണങ്ങളോടെ ഇന്ന് തൃശ്ശൂർ പൂരം
കോവിഡ് വ്യാപന സാഹചര്യത്തിൽ പൂരത്തിന് പൊതുജനങ്ങൾക്ക് പ്രവേശനമില്ല
കോവിഡ് നിയന്ത്രണങ്ങളോടെ ഇന്ന് തൃശ്ശൂർ പൂരം. കണിമംഗലം ശാസ്താവ് വടക്കുംനാഥനെ വണങ്ങാനായി പുറപ്പെട്ടു. മറ്റ് ഘടക പൂരങ്ങളും വഴിയെ വടക്കുംനാഥനിലേക്കെത്തും. ആനച്ചൂരും മേളപ്പെരുക്കങ്ങളും ഗന്ധകമണവും അലിഞ്ഞൊഴുകുന്ന ആൾത്തിരക്കും സാക്ഷിയാവാറുള്ള നഗരം അതൊന്നുമില്ലാത്തൊരു പൂരത്തിന് വേദിയാവുന്ന അപൂർവതയാണ് വെള്ളിയാഴ്ചയും ശനിയാഴ്ച ഉച്ച വരെയുമുള്ള 30 മണിക്കൂർ.
വ്യാഴാഴ്ച രാവിലെ 11.50ന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാർ നെയ്തലക്കാവിലമ്മയെ തിടമ്പിലേറ്റി തെക്കേ ഗോപുരവാതിൽ തുറന്ന് പൂരം വിളംബരം ചെയ്തു.ഗോപുരവാതിൽ തുറക്കുന്ന ചടങ്ങിന് ഇത്തവണ എറണാകുളം ശിവകുമാറിനായിരുന്നു നിയോഗം. കാഴ്ചക്ക് കോവിഡ് നിയന്ത്രണങ്ങൾ കാരണം വാദ്യക്കാരും ദേശക്കാരും മാധ്യമപ്രവർത്തകരുമടക്കം നൂറിൽ താഴെ ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
ഇന്ന് തെക്കേ ഗോപുര വാതിലിലൂടെ ഘടകപൂരങ്ങളിൽ ആദ്യമായി കണിമംഗലം ശാസ്താവ് വടക്കുന്നാഥനിൽ പ്രവേശിക്കും. പ്രസിദ്ധമായ മഠത്തിലേക്കുള്ള യാത്രയും മഠത്തില്‍നിന്നുള്ള വരവും പേരിന് മാത്രം. തെക്കോട്ടിറക്കത്തിനൊടുവില്‍ തിരുവമ്പാടിക്ക് കുടമാറ്റമില്ല. പാറമേക്കാവ് പൂരം കിഴക്കേ ഗോപുരം വഴി വടക്കുന്നാഥനിലേക്ക് കടന്നാൽ ഇലഞ്ഞിത്തറ മേളമായി. പിന്നീടാണ് തെക്കോട്ടിറക്കം. കുടമാറ്റം പ്രദര്‍ശനത്തിലൊതുക്കും. രാത്രി ഇരുവിഭാഗവും വെടിക്കെട്ടിന് തിരി കൊളുത്തും. കോവിഡ് വ്യാപന സാഹചര്യത്തിൽ തൃശൂരിലേക്കും ജനങ്ങൾക്ക് പ്രവേശനമില്ല.