രണ്ടു ദിവസത്തെ പ്ലാൻ, രണ്ട് ജോഡി വസ്ത്രവുമായി പുറപ്പെട്ടു; കശ്മീരിലെത്തുന്നതിനു മൂന്നു ദിവസം മുൻപ് ട്രക്കിന്റെ രൂപത്തിൽ മരണം
ബാഗിന്റെ ഭാരം സ്‌കേറ്റിങ്ങിനെ പ്രതികൂലമായി ബാധിക്കാനിടയുള്ളതിനാൽ ഒരു കുപ്പി കുടിവെള്ളമടക്കം കാര്യമായൊന്നും കൂടെക്കരുതിയിരുന്നില്ല ഈ യാത്രയില്‍ അനസ് ഹജാസ്
ചണ്ഡിഗഢ്: കഴിഞ്ഞ മേയ് 29നാണ് അനസ് ഹജാസ് കന്യാകുമാരിയിൽനിന്ന് സ്വപ്‌ന യാത്രയ്ക്ക് തുടക്കമിടുന്നത്. യാത്ര പുറപ്പെടുന്നതിനു രണ്ടു ദിവസം മുൻപ് മാത്രം മനസിൽ വന്ന ആശയമായിരുന്നു. സ്‌കേറ്റിങ്ങിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുകയായിരുന്നു ലക്ഷ്യം.
അധികം ചിന്തിച്ചുനിൽക്കാതെ രണ്ട് ജോഡി വസ്ത്രവും ഷൂസും ഹെൽമെറ്റും സ്‌കേറ്റിങ് ബോർഡുമായി വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങി. ബാഗിന്റെ ഭാരം സ്‌കേറ്റിങ്ങിനെ പ്രതികൂലമായി ബാധിക്കാനിടയുള്ളതിനാൽ കാര്യമായൊന്നും കൂടെക്കരുതിയില്ല; ഒരു കുപ്പി കുടിവെള്ളം പോലും.
കുടിവെള്ളം പോലുമില്ലാതെ; മഴയും വെയിലും കൊണ്ട്
കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് 3,800 കി.മീറ്റർ ദൂരം താണ്ടണം. മഴയും വെയിലും പ്രതികൂല കാലാവസ്ഥകളുമെല്ലാം അതിജീവിച്ചുവേണം ഈ സാഹസയാത്ര. രണ്ടു മാസംകൊണ്ട് ലക്ഷ്യസ്ഥാനത്തെത്താമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. തുടക്കത്തിൽ ദിവസം 100 കി.മീറ്റർ വരെ യാത്ര ചെയ്തിരുന്നു. ഒരു സ്വപ്‌നയാത്രയുടെ ആവേശം തന്നെയായിരുന്നു കാരണം.
എന്നാൽ, കൂടുതൽ നേരം ബോർഡിൽ നിൽക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് പലരും ഉണർത്തി. തുടർന്നുള്ള ദിവസങ്ങളിൽ ദൂരം കുറച്ചായി പിന്നീട് യാത്ര. ദിവസം 30 കി.മീറ്റർ ആക്കിച്ചുരുക്കി. അങ്ങനെ മധുരയും ഹൈദരാബാദും മധ്യപ്രദേശും ഉത്തർപ്രദേശുമെല്ലാം പിന്നിട്ടാണ് കഴിഞ്ഞ ദിവസം ഹരിയാനയിലെത്തുന്നത്.
കശ്മീരിലെത്താൻ ഏതാനും ദിവസങ്ങൾ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. അതിന്റെ ആവേശത്തിലായിരുന്നു. എന്നാൽ, ഹരിയാനയിൽ ഒരു ട്രക്കപകടത്തിന്റെ രൂപത്തിൽ ഹജാസിന്റെ സാഹസികയാത്രയ്ക്ക് ദാരുണാന്ത്യം കുറിക്കപ്പെടുകയായിരുന്നു. ട്രക്കിടിച്ച യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാതിവഴിയിൽ അവസാനിച്ച ഭൂട്ടാൻ, കംബോഡിയ സ്വപ്‌നങ്ങൾ
തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ചാംകല്ല് പുല്ലമ്പാറ സ്വദേശിയാണ് അനസ് ഹജാസ്. കംപ്യൂട്ടർ സയൻസിൽ ബിരുദം നേടി ഹസാജ് കുറച്ചു കാലം തിരുവനന്തപുരം ടെക്‌നോ പാർക്കിൽ ജോലി ചെയ്തു. കുറച്ചുകാലം ബിഹാറിലെ സ്വകാര്യ സ്‌കൂളിലും ജോലി ചെയ്തിരുന്നു.
സൗദിയിൽ പ്രവാസിയായ അലിയാർകുഞ്ഞാണ് അനസിന്റെ പിതാവ്. മാതാവ് ഷൈലാബീവിയും. സാഹസികയാത്രകൾ തന്നെയായിരുന്നു സ്വപ്നം. അങ്ങനെയാണ് മൂന്നു വർഷം മുൻപ് സ്‌കേറ്റിങ് ബോർഡ് വാങ്ങി സ്വന്തമായി പരിശീലനം ആരംഭിക്കുന്നത്. ഒരു വർഷമെടുത്താണ് സ്‌കേറ്റിങ് ബോർഡിൽ ബാലൻസ് ചെയ്യാൻ സാധിച്ചത്.
നാട്ടുകാർക്കിടയിൽകൂടി സ്‌കേറ്റിങ്ങിനെ ജനപ്രിയമാക്കാമെന്ന ലക്ഷ്യത്തോടെയാണ് ഒരു ദിവസത്തെ മാത്രം ആലോചനയിൽ കശ്മീർ യാത്രയ്ക്ക് പുറപ്പെടുന്നത്. ആദ്യയാത്ര വിജയിച്ചാൽ സ്‌കേറ്റ് ബോർഡിൽ തന്നെ ഭൂട്ടാൻ, നേപ്പാൾ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലേക്കും പുറപ്പെടാൻ പദ്ധതിയുണ്ടായിരുന്നു.
Summary: Anas Hajas, a Malayali youth who left for Kashmir on a skating board dies in accident in Haryana