അവിടെപ്പോയിട്ട് എന്താണെന്നറിയത്തില്ല, എല്ലാവരും പ്രാര്‍ത്ഥിക്യാ: നോവായി അശ്വതിയുടെ യാത്രയയപ്പ് വീഡിയോ
അശ്വതിയുടെ മരണത്തിന് ശേഷം സുഹൃത്തുക്കള്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു.
കോവിഡിനെതിരായ പോരാട്ടത്തിനിടെ ജീവന്‍ നഷ്ടമായ വയനാട്ടിലെ ആരോഗ്യപ്രവര്‍ത്തക അശ്വതി, ഓരോ മലയാളിയുടെയും നോവായിരിക്കുകയാണ്. രണ്ട് മാസം മുമ്പ്, ട്രാന്‍സ്ഫറായി പോകുമ്പോള്‍ സുഹൃത്തുക്കളോട് പറഞ്ഞ വാക്കുകളാണ് ഓരോരുത്തരുടെയും കണ്ണ് നിറയ്ക്കുന്നത്.
എല്ലാരും പ്രാര്‍ത്ഥിക്യാ.. അല്ലാതെന്താ, വെറൊന്നും പറയാനില്ല. നോക്കട്ടെ അവിടെപ്പോയിട്ട് എന്താണെന്നറിയത്തില്ല. അവിടെപ്പോയിട്ട് നോക്കാം- എന്ന് നിറഞ്ഞ ചിരിയോടെ സംസാരിക്കുന്ന അശ്വതിയാണ് വീഡിയോയിലുള്ളത്. ആശുപത്രി ഇടനാഴിയില്‍ വെച്ച് മാസ്ക് കയ്യില്‍ പിടിച്ച് നിറഞ്ഞ ചിരിയോടെ ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന അശ്വതിയാണ് വീഡിയോയിലുള്ളത്.
യാത്രയയപ്പ് വേളയില്‍ വളരെ സന്തോഷത്തോടെ പറഞ്ഞ വീഡിയോ ഇന്ന് കാണുന്നവരുടെ കണ്ണ് നനയ്ക്കുകയാണ്. അശ്വതിയുടെ മരണത്തിന് ശേഷം സുഹൃത്തുക്കള്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു.
മേപ്പാടി റിപ്പണ്‍ വാളത്തൂര്‍ കണ്ണാടിക്കുഴിയില്‍ പി.കെ ഉണ്ണികൃഷ്ണന്‍റെയും ബിന്ദുവിന്‍റെയും മകളാണ് അശ്വതി. കോവിഡ് ബാധിച്ച് മാനന്തവാടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് അശ്വതി മരണത്തിന് കീഴടങ്ങിയത്. കോവിഡ് വാക്സിന്‍റെ രണ്ട് ഡോസും ആരോഗ്യപ്രവര്‍ത്തകയായതിനാല്‍ അശ്വതി സ്വീകരിച്ചിരുന്നു.
ബത്തേരി താലൂക്കാശുപത്രിയിലെ കോവിഡ് ലാബില്‍ വെച്ചാകാം അശ്വതിക്ക് രോഗം ബാധിച്ചത് എന്നാണ് കരുതുന്നത്. രണ്ട് വര്‍ഷം മുമ്പാണ് മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിയില്‍ അശ്വതി ലാബ് ടെക്നീഷ്യനായി ജോലിയില്‍ പ്രവേശിച്ചത്. ഇവിടെ നിന്ന് രണ്ടുമാസം മുമ്പാണ് ബത്തേരി താലൂക്കാശുപത്രിയിലേക്ക് സ്ഥലമാറ്റമായത്.
വയനാട്ടില്‍ ആവശ്യത്തിന് ആംബുലന്‍സ് സേവനമില്ലാത്തതിനാലാണ് മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ വൈകിയതും അശ്വതിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. തോട്ടം തൊഴിലാളിയാണ് അശ്വതിയുടെ പിതാവ്. അശ്വതിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യമുയര്‍ത്തുന്നുണ്ട്.