'ഷഹീദെന്ന വാക്കിനുള്ള നിരോധനം നീക്കണം'; നിർദേശവുമായി മെറ്റ ഓവർസൈറ്റ് ബോർഡ്

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഏറ്റവുമധികം സെൻസർ ചെയ്യപ്പെടുന്ന വാക്കാണ് ഷഹീദ്

Update: 2024-03-26 12:12 GMT
Advertising

'ഷഹീദെ'(രക്തസാക്ഷി)ന്ന അറബി പദത്തിനുള്ള നിരോധനം നീക്കണമെന്ന് മെറ്റയുടെ ഓവർസൈറ്റ് ബോർഡ് കമ്പനിയോട് നിർദേശിച്ചു. ഈ പദത്തിനുള്ള നിരോധനം ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും വാർത്താ റിപ്പോർട്ടിങ്ങിനെയും ബാധിച്ചുവെന്ന് ഒരു വർഷം നീണ്ട അവലോകനത്തിലൂടെ മെറ്റ പ്ലാറ്റ്‌ഫോമിന്റെ ഉള്ളടക്കം നിരീക്ഷിക്കുന്ന ബോർഡ് കണ്ടെത്തുകയായിരുന്നു. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഏറ്റവുമധികം സെൻസർ ചെയ്യപ്പെടുന്ന വാക്കാണ് ഷഹീദ്. ഈ വാക്ക് സെൻസർ ചെയ്തത് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ബാധിച്ചുവെന്ന് മെറ്റയുടെ അപേക്ഷ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ബോർഡ് കണ്ടെത്തിയത്.

നിരവധി അർഥങ്ങളുള്ള ഷഹീദെന്ന പദത്തിന്റെ മതപരമായ പ്രാധാന്യവും ഭാഷാപരമായ സങ്കീർണതകളും ഉൾക്കൊള്ളാൻ മെറ്റ പാടുപെട്ടതായി ബോർഡ് ചൂണ്ടിക്കാട്ടി. അറബിയേതര ഭാഷകൾ സംസാരിക്കുന്നവരും (മിക്കപ്പോഴും മുസ്‌ലിംകൾ)കടമെടുത്ത വാക്കായി ഷഹീദെന്ന പദം മെറ്റ പ്ലാറ്റ്‌ഫോമിൽ ഉപയോഗിച്ചപ്പോൾ സെൻസർ ചെയ്യപ്പെട്ടുവെന്നും ബോർഡ് പറഞ്ഞു.

അക്രമത്തിന്റെ വ്യക്തമായ സൂചനകളുമായി ബന്ധപ്പെടുത്തുമ്പോഴോ മറ്റു മെറ്റ നിയമങ്ങൾ ലംഘിക്കുകയാണെങ്കിലോ 'ഷഹീദ്' എന്ന വാക്ക് അടങ്ങിയ പോസ്റ്റുകൾ നീക്കം ചെയ്യാവൂവെന്നും മെറ്റ ധനസഹായം നൽകുന്നതും എന്നാൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നതുമായ ബോർഡ് പറഞ്ഞു. മിഡിൽ ഈസ്റ്റിൽനിന്നടക്കമുള്ള ഉള്ളടക്കം കമ്പനി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് വർഷങ്ങളോളം വിമർശനം ഉയർന്നതിന് ശേഷമാണ് ഈ നിർദേശം വരുന്നത്. മെറ്റയുടെ സമീപനം ഫലസ്തീനികളുടെയും അറബി ഭാഷ സംസാരിക്കുന്ന മറ്റു ഉപയോക്താക്കളുടെയും മനുഷ്യാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി 2021ൽ മെറ്റ തന്നെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം മെറ്റക്കെതിരെ വിമർശനങ്ങൾ വർധിക്കുകയായിരുന്നു. ഗസ്സയിൽ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുന്ന പശ്ചാത്തലത്തിൽ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഫലസ്തീനികളെ പിന്തുണയ്ക്കുന്ന ഉള്ളടക്കം മെറ്റ അടിച്ചമർത്തുകയാണെന്ന് വിവിധ മനുഷ്യാവകാശ സംഘങ്ങൾ കുറ്റപ്പെടുത്തി.

മെറ്റ ഓവർസൈറ്റ് ബോർഡ് ചൊവ്വാഴ്ചത്തെ റിപ്പോർട്ടിലും സമാനമായ നിഗമനങ്ങളിലാണ് എത്തിച്ചേർന്നത്. 'ഷഹീദ്' എന്നതിനെക്കുറിച്ചുള്ള മെറ്റയുടെ നിയമങ്ങൾ വാക്കിന്റെ വിവിധ അർത്ഥങ്ങൾ കണക്കിലെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അക്രമാസക്തമായ പ്രവർത്തനങ്ങളെ പുകഴ്ത്താൻ ലക്ഷ്യമിട്ടല്ലാതെയുള്ള ഉള്ളടക്കം നീക്കുന്നതിൽ കലാശിച്ചുവെന്നും റിപ്പോർട്ടിൽ പറഞ്ഞു.

'സെൻസർഷിപ്പിലൂടെ സുരക്ഷ മെച്ചപ്പെടുത്താൻ കഴിയുമെന്ന അനുമാനത്തിലാണ് മെറ്റ പ്രവർത്തിക്കുന്നത്, എന്നാൽ തെളിവുകൾ സൂചിപ്പിക്കുന്നത് സെൻസർഷിപ്പ് ജനങ്ങളെ പാർശ്വവത്കരിക്കാൻ ഇടയാക്കുമെന്നാണ്. അതേസമയം നിയന്ത്രണം സുരക്ഷ മെച്ചപ്പെടുത്തുന്നുമില്ല' ഓവർസൈറ്റ് ബോർഡ് കോ-ചെയർ ഹെല്ലെ തോണിംഗ്-ഷ്മിത്ത് പ്രസ്താവനയിൽ പറഞ്ഞു.

തീവ്ര ഇസ്‌ലാമിക സംഘങ്ങൾ, മയക്കുമരുന്ന് സംഘങ്ങൾ, വെള്ളക്കാരുടെ വർണവെറി സംഘങ്ങൾ എന്നിങ്ങനെയുള്ള 'അപകടകരമായ' സംഘടനാ പ്രതിനിധികളെ പരാമർശിക്കുന്നതിനായി 'ഷഹീദ്' ഉപയോഗിക്കുന്ന ഏത് പോസ്റ്റുകളും മെറ്റ നിലവിൽ നീക്കം ചെയ്യുന്നുണ്ട്. 'അപകടകരമായ സംഘടന' എന്ന് പറയുന്ന സംഘങ്ങളിൽ ഹമാസിനെയും മെറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്.

നയത്തിന്റെ പുനർമൂല്യനിർണയം 2020-ൽ തന്നെ മെറ്റ ആരംഭിച്ചിരുന്നു. എന്നാൽ ആന്തരികമായി സമവായത്തിലെത്തുന്നതിൽ പരാജയപ്പെട്ടതോടെ കഴിഞ്ഞ വർഷം വിഷയത്തിൽ മെറ്റ തങ്ങളുടെ നിർദേശം തേടുകയായിരുന്നുവെന്നാണ് ബോർഡ് പറയുന്നത്. മെറ്റ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റുകൾ നീക്കം ചെയ്യപ്പെടാൻ, 'ഷഹീദ്' എന്ന വാക്ക് ഏറെ ഇടയാകുന്നുണ്ടെന്നും വെളിപ്പെടുത്തി. ബോർഡിന്റെ നിർദേശം കമ്പനി അവലോകനം ചെയ്യുകയും 60 ദിവസത്തിനുള്ളിൽ പ്രതികരിക്കുകയും ചെയ്യുമെന്ന് മെറ്റാ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ഗസ്സ യുദ്ധത്തിനിടയിൽ ഫലസ്തീൻ അനുകൂല ഉള്ളടക്കങ്ങളെ മെറ്റ സെൻസർ ചെയ്യുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് കണ്ടെത്തിയിരുന്നു. വികലമായ മെറ്റ നയങ്ങളും ഭരണകൂട സ്വാധീനവുമാണ് ഇതിന് കാരണമായതെന്നും പറഞ്ഞു.

Meta Oversight Board has directed the company to lift the ban on the Arabic word 'Shaheed' (martyr).

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News