''ഇതും ഒരു ജോലി തന്നെയാണ്, പഠിച്ചെടുക്കണം''

ഒമ്പതാം മാസത്തിലെ ഗര്‍ഭവിശേഷങ്ങളും വീട്ടുവിശേഷങ്ങളും: സബീനാസ് ഡയറി യൂട്യൂബ് ട്രെന്‍ഡിംഗില്‍

Update: 2021-06-18 04:26 GMT
Advertising

ലോക്ക്ഡൌണില്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത് നിരവധി പേരാണ്. അവരില്‍ സെലിബ്രിറ്റികളുമുണ്ട് സാധാരണക്കാരുമുണ്ട്. ഈ സാധാരണക്കാരില്‍ പലരും ഇന്ന് സെലിബ്രിറ്റികളുമായിക്കഴിഞ്ഞു. പക്ഷേ, അതിന് മുമ്പുതന്നെ യൂട്യൂബ് പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരുപാട് വ്ലോഗര്‍മാരുണ്ട് നമുക്ക് ചുറ്റും.

കഴിഞ്ഞ കുറച്ച് ദിവസമായി യൂട്യൂബില്‍ ട്രെന്‍ഡിംഗ് ആണ് 'ഒമ്പതാം മാസത്തിലെ ഒരു ദിവസം' എന്ന ഒരു വീഡിയോ. പൂര്‍ണ ഗര്‍ഭിണിയായ ഒരു യുവതി തന്‍റെ  വീട്ടിലെ ഒരു ദിവസമായിരുന്നു വ്ലോഗ് രൂപത്തില്‍ അവതരിപ്പിച്ചത്. മലപ്പുറത്തെ മുണ്ടുപറമ്പ് സ്വദേശിയായ സബീനയാണ് എങ്ങനെയാണ് ഒരു പൂര്‍ണ ഗര്‍ഭിണി തന്‍റെ ശാരീരിക അസ്വസ്ഥതകള്‍ക്കിടയിലും വീട്ടിലെ കാര്യങ്ങള്‍ മാനേജ് ചെയ്യുന്നത് എന്ന് വിവരിച്ചുകൊണ്ട് വീഡിയോ ചെയ്തിരിക്കുന്നത്. വീഡിയോ ട്രെന്‍ഡിംഗിലെത്തിയ സന്തോഷത്തിലാണ് ഇപ്പോള്‍ സബീന.

''ചാനലൊക്കെ തുടങ്ങിയപ്പോള്‍ എല്ലാവരോടും പറയാനൊക്കെ മടിയായിരുന്നു. അറിയുന്നവര്‍ക്കൊക്കെ യൂട്യൂബ് ചാനലുണ്ട്. അതൊക്കെ കണ്ടിട്ടാണ് ഞാനും ഒരു യൂട്യൂബ് ചാനല്‍ തുടങ്ങണമെന്ന് വിചാരിച്ചത്. തുടങ്ങിക്കഴിഞ്ഞപ്പോള്‍ അവരെന്ത് വിചാരിക്കും എന്നായിരുന്നു ഉള്ളിലെ ചിന്ത.''- സബീന പറഞ്ഞു തുടങ്ങുന്നു. സബീനാസ് ഡയറിയെന്നാണ് സബീനയുടെ യൂട്യൂബ് ചാനലിന്‍റെ പേര്.

''സബീനാസ് സ്പൈസ് ഡയറി എന്ന ഒരു ചാനലായിരുന്നു ആദ്യം തുടങ്ങിയത്. 2018 ജൂണില്‍. അത് നല്ല രീതിയില്‍ മുന്നോട്ടു പോയതായിരുന്നു. അതില്‍ മോന്‍ കരയുന്ന ഒരു വീഡിയോ ഇട്ടു. അത് യൂട്യൂബിന്‍റെ പോളിസിക്ക് വിരുദ്ധമായിരുന്നു. അതോടെ ചാനലിന്‍റെ കമന്‍റ് ബോക്സ് ഓഫായി. എന്ത് വീഡിയോ ഇട്ടാലും ആര്‍ക്കും കമന്‍റ് ഇടാന്‍ പറ്റാതായി. കമന്‍റുകളില്ലേല്‍ വീഡിയോയുടെ റീച്ച് കുറയും. എന്നിട്ടും കുറേ കാലം ഞാന്‍ വീഡിയോ ചെയ്ത് ആ ചാനലിട്ടു. ഒന്നരലക്ഷം സബ്സ്ക്രൈബേഴ്സ് ഒക്കെ ആയിരുന്നു ആ ചാനലിന്. ആ ചാനലിന് ഒരിക്കലും ഇനി കമന്‍റ് വരൂല എന്ന് ബോധ്യമായപ്പോള്‍ ആണ് മറ്റൊരു ചാനല്‍ തുടങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചത്. അങ്ങനെ തുടങ്ങിയതാണ് സബീനാസ് ഡയറി. ഈ ചാനല്‍ ഇപ്പോള്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം ആകുന്നതേയുള്ളൂ.''


ഗള്‍ഫിലെ ഫ്ലാറ്റ് ജീവിതവും ബോറടിയും തന്നെ കാരണം

നാട്ടില്‍ ജോലിക്ക് പോയിക്കൊണ്ടിരിക്കെ 5 വര്‍ഷത്തേക്ക് ലീവെടുത്താണ് ഗള്‍ഫില്‍ ഭര്‍ത്താവിന്‍റെ അടുത്തേക്ക് പോകുന്നത്. മോന് അപ്പോള്‍ ഒന്നര വയസ്സ് ആയതേ ഉള്ളൂ.. കുഞ്ഞിനെ നോക്കാന്‍ ആളില്ലാത്തതുകൊണ്ട് ഗള്‍ഫില്‍ ജോലിക്ക് പോകുന്നത് പ്രായോഗികമായില്ല. വീട്ടില് വെറുതെ ഇരിക്കുന്നത് എന്തായാലും ഇഷ്ടള്ള ഒരു കാര്യമായിരുന്നില്ല. ഭര്‍ത്താവിന്‍റെ ജേഷ്ഠന്‍റെ ഭാര്യയ്ക്ക് ഒരു യൂട്യൂബ് ചാനലുണ്ടായിരുന്നു. അത് അത്യാവശ്യം നല്ലരീതിയില്‍ റീച്ചൊക്കെ കിട്ടി പോകുന്നത് കണ്ടപ്പോള്‍ എനിക്കും തോന്നി ഒന്ന് തുടങ്ങിയാലോ എന്ന്. മോനെ നോക്കും ചെയ്യാം. എന്തെങ്കിലും അതിനിടയില്‍ ക്രിയേറ്റീവായി ചെയ്യുകയും ചെയ്യാം. സക്സസ് ആകുകയാണെങ്കില്‍ അതൊരു വരുമാന മാര്‍ഗവുമാവും. ഇവിടെ ഫ്ലാറ്റിലെ ബോറടി മാറിക്കിട്ടുകയും ചെയ്യും.

പിന്നെ ഒരു ജേര്‍ണലിസ്റ്റ് ആകണമെന്ന് അതിയായ ആഗ്രഹവും ഉണ്ടായിരുന്നു. യൂട്യൂബ് ആകുമ്പോള്‍ നമുക്ക് തന്നെ അവതാരകയാകാമല്ലോ.. നമുക്ക് പ്രസന്‍റ് ചെയ്യാനുള്ള സ്ക്രീന്‍ നമുക്ക് തന്നെ കിട്ടും. ഓരോ വിഷയത്തിലുമുള്ള നമ്മുടെ കാഴ്ചപ്പാടുകളും പറയാം. അങ്ങനെ എന്തിനും പറ്റിയ ഒരു മീഡിയം തന്നെയാണ് യൂട്യൂബ്. ആകെ മൊത്തം യൂട്യൂബ് കൊള്ളാം എന്ന് തോന്നിത്തുടങ്ങി.

കഴിഞ്ഞ ലോക്ഡൌണോടുകൂടിയാണ് എല്ലാവരും യൂട്യൂബിലൊക്കെ സജീവമായി തുടങ്ങിയത്. ഞാനൊക്കെ തുടങ്ങുമ്പോള്‍ അങ്ങനെ വീട്ടമ്മമാരായിട്ടുള്ള സ്ത്രീകളൊന്നും അത്ര യൂട്യൂബില്‍ സജീവമായിട്ടില്ല. ഇപ്പോ ഒന്നുരണ്ടു വര്‍ഷമൊക്കെയല്ലേ ആയിട്ടുള്ളൂ എല്ലാവരും യൂട്യൂബ് ചാനലൊക്കെ തുടങ്ങി സജീവമായി തുടങ്ങിയിട്ട്.


കുഴക്കിയത് എഡിറ്റിംഗ്

ടെക്നിക്കല്‍ കാര്യങ്ങളിലൊക്കെ ഭര്‍ത്താവാണ് സഹായവുമായി എത്തിയത്. തുടങ്ങണം എന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതൊഴിച്ചാല്‍ അന്നതിനെക്കുറിച്ചൊന്നും എനിക്ക് വലിയ ധാരണയില്ലായിരുന്നു എന്നതാണ് വാസ്തവം. എഡിറ്റിംഗ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാനൊക്കെ ഭര്‍ത്താവ് സഹായിച്ചു. പിന്നെ പിന്നെ എല്ലാം ഞാന്‍ തന്നെ പഠിച്ചെടുത്തു. ഇപ്പോള്‍ ഈ കാര്യത്തില്‍ ഞാനാണ് ഭര്‍ത്താവിന് അങ്ങോട്ട് കാര്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്നത്.

ബാക്കിയുള്ള ഏത് ജോലിയും പോലെ തന്നെയാണ് ഇതും. എന്തും പഠിച്ചെടുക്കാന്‍ ഒരിത്തിരി ബുദ്ധിമുട്ട് ഉണ്ടാകും. അതുപോലെ ഞാനും തുടക്കസമയത്ത് കുറച്ചൊക്കെ ബുദ്ധിമുട്ടി. പ്രത്യേകിച്ച് എഡിറ്റിംഗിന് ഒക്കെ.. കഷ്ടപ്പെട്ടും, ഒരുപാട് സമയമെടുത്തും, ഉറക്കമൊഴിഞ്ഞും ഇരുന്നിട്ടൊക്കെ എഡിറ്റ് ചെയ്തെടുത്തിട്ടുണ്ട്. ഇപ്പം പ്രാക്ടീസ് ആയി പ്രാക്ടീസ് ആയി സ്പീഡ് കൂടി.

ഷൂട്ട് ചെയ്യാന്‍ പ്രത്യേകം സമയം കണ്ടെത്തണമെന്നില്ല

ഞാനെന്താണോ ചെയ്യുന്നത്. അത് ഷൂട്ട് ചെയ്യുകയാണ്. ഇതിനായിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. നമ്മുടെ ഇഷ്ടത്തിന് നമുക്ക് തോന്നിയത് ചെയ്യാം എന്ന ഗുണമുണ്ട്. ക്ഷമ വേണം. കാരണം ഷൂട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനും ഒക്കെ ഇപ്പഴും സമയമെടുക്കുന്നുണ്ട്. പണ്ടത്തെ അത്ര ഇല്ല എന്നുമാത്രം. തുടക്കത്തില്‍ ഞാന്‍ റെസിപ്പികള്‍ മാത്രമാണ് ചെയ്തിരുന്നത്. വ്ലോഗ് ആയി ചെയ്തിരുന്നില്ല. ആദ്യ വ്ലോഗ് ചെയ്തത് പെരുന്നാളിനെ കുറിച്ചായിരുന്നു. അതിനാണ് നല്ല വ്യൂ കിട്ടിയത്.



ആളുകള്‍ക്ക് താത്പര്യം പേഴ്സണല്‍ ലൈഫ്

ഒരു വര്‍ഷമായി നാട്ടിലെത്തി സെറ്റില്‍ഡായിട്ട്. കഴിഞ്ഞ് ആഗസ്റ്റിലാണ് ഇവിടെയെത്തിയത്. അതിന് ശേഷമാണ് വീഡിയോ ട്രെന്‍ഡിംഗില്‍ വന്നു തുടങ്ങിയത്. പ്രധാനമായും എന്‍റെ  വ്യൂവേഴ്സ് വീട്ടമ്മമാരാണ്. കൂടുതലായും കുക്കിംഗും വീട്ടിലുള്ള കാര്യങ്ങളുമെല്ലാമാണല്ലോ ഞാന്‍ പറയുന്നതും കാണിക്കുന്നതും. നമ്മള്‍ എവിടെയൊക്കെ പോകുന്നു, എന്തൊക്കെ പാചകം ചെയ്യുന്നു തുടങ്ങി പേഴ്സണലായിട്ടുള്ള കാര്യങ്ങളറിയാന്‍ ആര്‍ക്കായാലും താത്പര്യമാണല്ലോ.

വളരെ ഇന്‍ഫോര്‍മേറ്റീവായി കഷ്ടപ്പെട്ട് നമ്മളൊരു വീഡിയോ ചെയ്താല്‍ അത് കാണാന്‍ ആരുമുണ്ടാകില്ല, ഇതുപോലെ വെറുതെ എന്തെങ്കിലും ഷൂട്ട് ചെയ്ത്, നമ്മുടെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് വീഡിയോ ചെയ്തിട്ടാല്‍ അതിന് നല്ല വ്യൂസ് കിട്ടും.

കുറേ ആളുകള്‍ കാണുന്നു, കമന്‍റ് വരുന്നു. പോസിറ്റീവ് കമന്‍റുകളും ഉണ്ട് നെഗറ്റീവ് കമന്‍റുകളും വരുന്നുണ്ട്.  ആദ്യമൊക്കെ അസ്വസ്ഥത തോന്നിയിരുന്നു. ഇപ്പോ ആ ഭാഗം ശ്രദ്ധിക്കാതെയായി. പിന്നെ പുറത്തൊക്കെ ഇറങ്ങുമ്പോള്‍ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങി. തിരിച്ചറിയാന്‍ തുടങ്ങി, അതില്‍ സന്തോഷമുണ്ട്.

Tags:    

By - ഖാസിദ കലാം

contributor

Similar News