തിരുവനന്തപുരത്തെ സംഘടനാ പ്രശ്നങ്ങളില്‍ മുല്ലപ്പള്ളിയുടെ ഇടപെടല്‍
തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലത്തിലെ സംഘടനാ പ്രശ്നങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് കെ.പി.സി.സി അധ്യക്ഷന്‍റെ ഇടപെടല്‍
തിരുവനന്തപുരം മണ്ഡലത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ കെ.പി.സി.സി പ്രസിഡന്‍റിന്‍റെ ഇടപെടല്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ വി.എസ് ശിവകുമാറിനെ ഫോണില്‍ വിളിച്ച് ശാസിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടാകാതിരിക്കാന്‍ കര്‍ശന നിര്‍ദേശവും കെ.പി.സി.സി പ്രസിഡന്‍റ് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലത്തിലെ തിരുവനന്തപുരം, നേമം നിയമസഭാ മണ്ഡലങ്ങളിലെ സംഘടനാ പ്രശ്നങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഇടപെടല്‍. തിരുവനന്തപുരം എം.എല്‍.എ വി.എസ് ശിവകുമാറിനെ വിളിച്ച കെ.പി.സി.സി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദേശം നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തേത് പോലെ അടിയൊഴുക്കുകള്‍ ഉണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞതായാണ് വിവരം. വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ പാര്‍ലമെന്‍റ് മണ്ഡലത്തിന്‍റെ ചുമതലയുള്ള തമ്പാനൂര്‍ രവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
അഭിപ്രായ സര്‍വേകളില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബി.ജെ.പിക്ക് മുന്‍തൂക്കം ലഭിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ബി.ജെ.പിക്ക് മുന്‍തൂക്കം ലഭിക്കുകയും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്ത് നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയും പാര്‍ട്ടിക്കുണ്ട്. അതേസമയം തമ്പാനൂര്‍ രവിക്കും ശിവകുമാറിനും എതിരായ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ അഭിപ്രായപ്രകടനങ്ങള്‍ ഫേസ് ബുക്കില്‍ തുടരുന്നുണ്ട്. മുന്‍ ബ്ലോക്ക് സെക്രട്ടറിയും കെ.എസ്.ഇ.ബിയിലെ ട്രേഡ് യൂണിയന്‍ നേതാവുമായ കല്ലിയൂര്‍ മുരളിയുടേതാണ് പുതിയ പോസ്റ്റ്.