ബി.ജെ.പിക്ക് ചരിത്ര വിജയം സമ്മാനിച്ച് അമിത് ഷാ മന്ത്രിസഭയിലേക്ക് 

2014ൽ മോദി തരംഗമുയർത്തി ബി.ജെ.പി അധികാരം പിടിക്കുമ്പോൾ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു അമിത്ഷാ.

Update: 2019-05-30 12:41 GMT
Advertising

രണ്ട് മോദി സര്‍ക്കാരുകളുടെയും പിറവിയില്‍ നെടുനായകത്വം വഹിച്ചാണ് കേന്ദ്ര മന്ത്രിസഭയിലേക്കുള്ള അമിത് ഷായുടെ രംഗപ്രവേശം. ഗുജറാത്തില്‍ മോദി മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തര വകുപ്പ് ഭരിച്ച അമിത് ഷാ മോദിയുടെ വലംകയ്യായിരുന്നു. പ്രായോഗിക രാഷ്ട്രീയ നൈപുണ്യത്തിനൊപ്പം എതിര്‍ശബ്ദങ്ങളെ ഒതുക്കാനുള്ള ശേഷിയാണ് അമിത് ഷാ എന്ന നേതാവിന്‍റെ പ്രത്യേകത.

2014ൽ മോദി തരംഗമുയർത്തി ബി.ജെ.പി അധികാരം പിടിക്കുമ്പോൾ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു അമിത്ഷാ. അന്നവിടെ എണ്‍പതില്‍ 71 സീറ്റ് പിടിച്ച് ബി.ജെ.പിക്ക് വഴി തുറന്ന് കൊടുത്തു‍. മാസങ്ങള്‍ക്കകം ദേശീയ അധ്യക്ഷ പദവിലേക്ക്. പിന്നീട് കണ്ടത് ത്രിപുരയടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍‌ ബി.ജെ.പിയുടെ വിജയരഥയോട്ടം. ഇടക്കാലത്ത് അമിത് ഷായുടെ കണക്കുകൂട്ടലുകള്‍ക്ക് കാര്യമായ തിരിച്ചടി നേരിട്ടത് യു.പിയിലെ ഉപതെരെഞ്ഞെടുപ്പുകളിലും മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസഘഡ് നിയമസഭാ തെരെഞ്ഞെടുപ്പുകളിലും മാത്രം‍.

എന്നാല്‍ എല്ലാ നഷ്ടങ്ങളും നാമമാത്രമായിരുന്നുവെന്ന് തെളിയിക്കുകയായിരുന്നു ഇക്കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ അമിത്ഷാക്ക് കീഴില്‍ ബി.ജെ.പി. ഇന്ത്യാ ചരിത്രത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷത്തോടെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്കെത്തുമ്പോള്‍ മന്ത്രിസഭയില്‍ രണ്ടാമനായി അമിത് ഷായുമുണ്ട്.

1983ൽ എ.ബി.വി.പിയിലൂടെ തുടങ്ങി 1987ൽ യുവമോർച്ചയില്‍ സജീവമായാണ് അമിത് ഷാ ബി.ജെ.പിയുടെ നേതൃനിരയിലെത്തിയത്. ‌1991ന് ശേഷം ഗുജറാത്തിലെ ഗ്രാമീണ മേഖലയിൽ, പാർട്ടിക്ക് വേരോട്ടമുണ്ടാക്കാൻ ബി.ജെ.പി നിയോഗിച്ചത് അമിത് ഷായെയും മോദിയെയും ആയിരുന്നുവെന്നത് ചരിത്രം. ഇതോടൊപ്പം തന്നെ സൊഹ്റാബുദ്ദീന്‍‌ വ്യാജഏറ്റുമുട്ടലും ജഡ്ജി ലോയയുടെ മരണവും അടക്കം പ്രമാദമായ കേസുകളിലും വിവാദങ്ങളിലും പ്രതിസ്ഥാനത്ത് നിന്ന പശ്ചാത്തലവും അമിത് ഷാക്കുണ്ട്.

Tags:    

Similar News