പത്തനംതിട്ടയിലെ പരാജയത്തിന് കാരണം ശബരിമല വിഷയമെന്ന് സി.പി.ഐ റിപ്പോർട്ട്
തെരഞ്ഞെടുപ്പ് അടുത്തിരുന്ന സാഹചര്യത്തിൽ ശബരിമല യുവതി പ്രവേശനം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് വിമർശനം
പത്തനംതിട്ടയിലെ പരാജയത്തിന് കാരണം ശബരിമല വിഷയത്തിലെ സർക്കാർ നിലപാടാണെന്ന് സി.പി.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് അടുത്തിരുന്ന സാഹചര്യത്തിൽ ശബരിമല യുവതി പ്രവേശനം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് വിമർശനം. ജില്ലാ കമ്മിറ്റി നൽകിയ പ്രാഥമിക റിപ്പോർട്ട് നാളെ ചേരുന്ന സംസ്ഥാന നിർവാഹക സമിതി ചർച്ച ചെയ്യും.
കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ ജില്ലാ കമ്മിറ്റി യോഗത്തിലെ ചർച്ചകൾക്ക് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മികച്ച പ്രവർത്തനവും വിജയസാധ്യതയും ഉണ്ടായിരുന്നിട്ടും മണ്ഡലത്തിൽ പരാജയപ്പെട്ടതിന്‍റെ കാരണം ശബരിമല വിഷയമാണെന്നാണ് കണ്ടെത്തൽ. യുവതി പ്രവേശന വിഷയത്തിൽ സർക്കാർ തിടുക്കം കാട്ടിയത് ഒരു വിഭാഗം വോട്ടർമാരിൽ സംശയമുണ്ടാക്കി. ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ മറികടക്കാൻ കഴിഞ്ഞില്ല.
വനിതാ മതിലിന്‍റെ പിറ്റെ ദിവസം തന്നെ യുവതീ പ്രവേശനം ഉണ്ടായത് വനിതാ മതിലിന്‍റെ പൊലിമ കെടുത്തിയെന്നും അത് തിരിച്ചടിയായെന്നും വിമർശനമുണ്ട്. സർക്കാർ ജാഗ്രത പുലർത്തിയിരുന്നുവെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു. ശബരിമല വിഷയത്തിൽ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന പ്രചാരണം യു.ഡി.എഫിന് നേട്ടമുണ്ടാക്കിയെന്നും ജില്ലാ കമ്മിറ്റി റിപ്പോർട്ടിലുണ്ട്.