വി മുരളീധരന്‍ കേന്ദ്ര സഹമന്ത്രി
കേരളത്തിലെ പ്രശ്നങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് വി. മുരളീധരന്‍ മീഡിയവണിനോട് പറഞ്ഞു.
രണ്ടാം മോദി സര്‍ക്കാരില്‍ മലയാളിയായ വി മുരളീധരന്‍ മന്ത്രി. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ മുരളീധരന്‍ സഹമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിലെ പ്രശ്നങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് വി. മുരളീധരന്‍ മീഡിയവണിനോട് പറഞ്ഞു.
സത്യപ്രതിജ്ഞക്ക് ഏതാനും മണിക്കൂറുകള്‍ മുന്‍പ് വരെ അത്യന്തം സസ്പെന്‍സ് നിറഞ്ഞ അന്തരീക്ഷമായിരുന്നു കേരള നേതാക്കളുടെ താമസ സ്ഥലങ്ങളില്‍. ഉയര്‍ന്നത് മൂന്ന് പേരുകള്‍. വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, കുമ്മനം രാജശേഖരന്‍. എം.പിമാരുടെ വസതിയായ സ്വര്‍ണ ജയന്തി അപ്പാര്‍ട്ട്മെന്റില്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമായിരുന്നു വി മുരളീധരന്‍. മൂന്ന് മണിയോടെ മന്ത്രി പദത്തിന്റെ ആദ്യ സൂചനകളെത്തി. 3.30യോടെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വിളിച്ചു. നിയുക്ത മന്ത്രിമാര്‍ക്കായി പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിലേക്ക് ക്ഷണം.
മുരളീധരന്റെ പരിചയ സമ്പത്ത് ഗുണം ചെയ്യുമെന്നായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം. മികച്ച തീരുമാനം എന്ന് കുമ്മനം രാജശേഖരനും പറഞ്ഞു.