തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച; തരൂരിന്‍റെ പരാതിയില്‍ ഹൈകമാന്‍ഡ് ഇടപെടല്‍

കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിനാണ് ശശി തരൂര്‍ പരാതി നല്‍കിയത്. പരാതിയില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത് ഏകോപനമില്ലായ്മയാണ്

Update: 2019-04-11 17:06 GMT
Advertising

തിരുവനന്തപുരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചകളുണ്ടെന്ന ശശി തരൂരിന്‍റെ പരാതിയില്‍ ഹൈകമാന്‍ഡ് ഇടപെടല്‍. മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രവര്‍ത്തനങ്ങളില്‍ ചില നേതാക്കള്‍ പിന്നാക്കം പോകുന്നുവെന്ന തരൂരിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍.

തിരുവനന്തപുരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിനാണ് ശശി തരൂര്‍ പരാതി നല്‍കിയത്. പരാതിയില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത് ഏകോപനമില്ലായ്മയെക്കുറിച്ചാണ്. ആകെ മണ്ഡലത്തെക്കുറിച്ച് പരാതിപ്പെടുമ്പോഴും തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലെ പ്രശ്നങ്ങളാണ് ഊന്നിപ്പറഞ്ഞിരിക്കുന്നത്.

ജില്ലയിലെ പ്രധാന നേതാക്കള്‍ സജീവമായി പ്രവര്‍ത്തിക്കുന്നില്ലെന്നും പ്രധാന നേതാക്കളെ മണ്ഡലത്തില്‍ പലപ്പോഴും കാണാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നുമാണ് തരൂര്‍ പരാതിയില്‍ പറയുന്നത്. പരാതി നല്‍കിയെന്ന റിപ്പോര്‍ട്ട് തള്ളിയെങ്കിലും സംഘടനാ പ്രവര്‍ത്തനങ്ങളിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് സൂചന നല്‍കുന്നതായിരുന്നു തരൂരിന്‍റെ വാക്കുകള്‍. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഹൈകമാന്‍ഡ് ഇടപെടല്‍ ഉണ്ടായത്.

Full View

പാലായില്‍ കെ.എം മാണിയുടെ സംസ്കാര ചടങ്ങിനെത്തിയ എ.കെ ആന്‍റണി സംസ്ഥാന നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും കഴിഞ്ഞ തവണ ലഭിച്ച വോട്ടുകള്‍ ചോരാതിരിക്കാന്‍ കര്‍ശനമായി ഇടപെടല്‍ വേണമെന്നും സംസ്ഥാന നേതൃത്വത്തിന് ആന്‍റണി നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പിന് 12 ദിവസം ബാക്കി നില്‍ക്കെ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ വിജയ സാധ്യതയെ ബാധിക്കരുതെന്ന നിര്‍ദേശവും ഹൈകമാന്‍ഡ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News