വിജയരാഘവന്‍റെ അശ്ലീല പരാമര്‍ശത്തില്‍ നടപടിയെടുത്തില്ല: രമ്യ ഹരിദാസ് കോടതിയില്‍ പരാതി നല്‍കി
മൊഴിയെടുത്തതല്ലാതെ പൊലീസ് തുടര്‍നടപടിയെടുത്തില്ലെന്നും തനിക്ക് നീതി നിഷേധിച്ചെന്നും ഹരജിയിലുണ്ട്
എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് കോടതിയില്‍. വിജയരാഘവന്റെ മോശം പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയിട്ടും മൊഴിയെടുത്തതല്ലാതെ പൊലീസ് തുടര്‍നടപടിയെടുത്തില്ലെന്ന് ആലത്തൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. പൊലീസ് തനിക്ക് നീതി നിഷേധിച്ചെന്നും ഹരജിയിലുണ്ട്.
പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‍ലിം ലീഗുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിനിടെയാണ് വിജയരാഘവന്‍ രമ്യയെ അധിക്ഷേപിച്ചത്. കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ പാണക്കാട് തങ്ങളെ കാണാന്‍ നിരനിരയായി വന്നുകൊണ്ടിരിക്കുന്നു. എന്തിനാണ് മുരളീധരന്‍ അടക്കമുള്ളവര്‍ പ്രചാരണത്തിന് മുന്‍പ് തങ്ങളെ കാണാന്‍ എത്തുന്നതെന്ന് വിജയരാഘവന്‍ പ്രസംഗത്തിനിടെ ചോദിച്ചു. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പാണക്കാട് തങ്ങളെ തറവാട്ടിലെത്തി കണ്ടു. അതിന് ശേഷം ആ പെണ്‍കുട്ടി പി.കെ കുഞ്ഞാലിക്കുട്ടിയെ വീട്ടില്‍ പോയി കണ്ടു. അതിന് ശേഷം ആ കുട്ടിയുടെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നാണ് വിജയരാഘവന്‍ പറഞ്ഞത്.